തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കടുത്ത വിമര്ശനങ്ങളെത്തുടര്ന്നു കെ എം മാണിയെക്കൊണ്ടു രാജിവയ്പിക്കാന്‍ യുഡിഎഫില്‍ ധാരണ. ഇന്നോ നാളെയോ രാജിയുണ്ടാകും. സ്വമേധയാ രാജിക്കു തയാറായില്ലെങ്കില്‍ മാണിയെ പുറത്തക്കാന്‍ മുഖ്യമന്ത്രിയും മറ്റു ഘടകക്ഷി നേതാക്കളും തമ്മിലുള്ള ചര്‍ച്ചകളില്‍ തീരുമാനമായി. കൊച്ചിയിലുള്ള മാണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും കൂടിക്കാഴ്ച നടത്തും.
ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി അപ്പാടെ ഹൈക്കോടതി ശരിവച്ചതോടെയാണ് മാണിയുടെ രാജിക്കു കളമൊരുങ്ങിയത്. കേസില്‍ സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ ശ്രമിച്ചെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ വിലയിരുത്തി. എന്തിനാണ് തുടരന്വേഷണത്തെ സര്‍ക്കാര്‍ പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാജി വയ്ക്കണോ വേണ്ടയോ എന്നതു മാണിയുടെ മനസാക്ഷിക്കുവിടുന്നെന്നു പറഞ്ഞ കോടതി സര്‍ക്കാരിന്റെ നിലപാടുകളെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ചു. കോടതി നടപടിക്കു പിന്നാലെ വിവിധ കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും മാണിക്കെതിരേ രംഗത്തെത്തി. മാണിയുടെ രാജിയില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണി വേണ്ട നടപടികളെടുത്തില്ലെങ്കില്‍ തിരുത്താന്‍ തങ്ങള്‍ തയാറാകുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനും ടി എന്‍ പ്രതാപനും പറഞ്ഞു.
മാണിക്ക് മന്ത്രിയായി തുടരാന്‍ അര നിമിഷം പോലും അവകാശമില്ലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മാണിയും ഉമ്മന്‍ചാണ്ടിയും മാത്രമല്ല, സര്‍ക്കാര്‍ ഒന്നടങ്കം പുറത്തുപോവുകയാണു വേണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രതികരണം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here