തിരുവനന്തപുരം: ഹൈക്കോടതിയുടെ ഗുരുതര പരാമര്‍ശങ്ങളെ തുടര്‍ന്ന് ധമന്ത്രി സ്ഥാനത്തുനിന്ന് കെഎം മാണിയുടെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെടും. കെപിസിസിയുടെ ഭൂരിപക്ഷാഭിപ്രായം പ്രസിഡന്റ് വിഎം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ഘടകകക്ഷികളുമായി രാവിലെ വിഷയം ചര്‍ച്ച ചെയ്യും. യുഡിഎഫ് യോഗത്തിലാവും കെഎം മാണിയുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുക.
പ്രശ്‌നം ഗുരുതരമായതിനെത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. രാത്രി ഒന്‍പതുമണിയോടെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കെപിസിസിയുടെ ഭൂരിപക്ഷാഭിപ്രായം കെഎം മാണി രാജിവെയ്ക്കണം എന്നതാണെന്ന് വിഎം സുധീരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മാണിയുടെ രാജി എഴുതിവാങ്ങണമെന്ന് സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കോടതിവിധിയെത്തുടര്‍ന്ന് വളരെ ഗൗരവമുള്ള സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്ന് ചര്‍ച്ചയ്ക്ക് ശേഷം വിഎം സുധീരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തുവെന്നും സുധീരന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണില്‍ ആശയ വിനിമയം നടത്തിയതായും സുധീരന്‍ വ്യക്തമാക്കി. മാണിയുടെ രാജിക്കാര്യത്തില്‍ നാളെ യുഡിഎഫ് നേതാക്കള്‍ ഘടകകക്ഷികളുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് ഉചിതമായ തീരുമാനം എടുക്കും. എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെന്നും സുധീരന്‍ പറഞ്ഞു. ഏകപക്ഷീയമായ തീരുമാനത്തിലേക്ക് പോകുന്നത് ശരിയല്ല. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. കെഎം മാണിയുമായി സംസാരിച്ചിട്ടില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.
നാളെ യുഡിഎഫ് നേതൃത്വം കെഎം മാണിയുമായി സംസാരിക്കും. ഹൈക്കോടതി വിധിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന കെഎം മാണിയുടെ ആരോപണത്തെപ്പറ്റി പ്രതികരിക്കാന്‍ സുധീരന്‍ തയ്യാറായില്ല. കോണ്‍ഗ്രസിന്റെ നിലപാട് പരസ്യമായി പറയാനില്ലെന്നും പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.
അതേസമയം കെഎം മാണിയുടെ രാജിയാവശ്യപ്പെടാനുള്ള സമ്മര്‍ദ്ദം യുഡിഎഫില്‍ മുറുകുന്നു. മാണിയോട് രാജി ആവശ്യപ്പെടണമെന്ന് ലീഗും ആവശ്യപ്പെട്ടു. പികെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം ഫോണിലും ആവശ്യപ്പെട്ടിട്ടുണ്ട്. രാജിയല്ലാതെ മറ്റ് വഴിയില്ലെന്നും കോടതി പരാമര്‍ശം കടുത്തതാണെന്നും ഉള്ള നിലപാടാണ് ലീഗിന്റെയും നിലപാട്. മാണിയെ സാഹചര്യം ബോധ്യപ്പെടുത്തി മുഖ്യമന്ത്രി രാജി ആവശ്യ്പപെടണം. ഇല്ലെങ്കില്‍ മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നതാണ് ലീഗ് നിലപാട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനും ആര്‍എസ്പിക്കും ഈ നിലപാടാണ് ഉള്ളത്. ഇവരുടെ നിലപാട് നാളെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയിലും യുഡിഎഫിലും അറിയിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തന്നെ രാജി ആവശ്യപ്പെട്ട സാഹചര്യത്തില്‍ മാണിക്ക് മുന്നില്‍ മറ്റ് വഴിയില്ല.
എന്നാല്‍ രാജി ഒഴിവാക്കുന്നതിന് രണ്ട് തരത്തിലുള്ള ശ്രമം മാണി നടത്തുന്നു. പാലാ ബിഷപ്പുമായും എന്‍എസ്എസ് ആസ്ഥാനത്തും കൂടിക്കാഴ്ച നടത്തി. തനിക്കെതിരായ വിധിയില്‍ ഗൂഡാലോചന ഉണ്ടെന്ന നിലപാടാണ് മാണി പരസ്യമായി പറയുന്നത്. താന്‍ രാജിവെച്ചാല്‍ ഒപ്പം പിജെ ജോസഫും രാജിവെയ്ക്കണമെന്ന് കെഎം മാണി നിലപാടെടുക്കുന്നുണ്ട്. എന്നാല്‍ മാണിയുടെ ഈ ആവശ്യത്തിന് വഴങ്ങാന്‍ പിജെ ജോസഫ് തയ്യാറായിട്ടില്ല. മാണിക്കൊപ്പം രാജിവെച്ചാല്‍ താനും അഴിമതിക്കാരനാണ് എന്ന തോന്നല്‍ പൊതുസമൂഹത്തിന് ഉണ്ടാവും എന്നതാണ് ജോസഫിന്റെ നിലപാട്. ഇക്കാര്യത്തില്‍ കെഎം മാണി കടുത്ത നിലപാട് എടുത്താല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പിളര്‍പ്പുണ്ടാവും. നിലപാട് അറിയിച്ച് ജോസഫ് വിഭാഗക്കാരനായ പിസി ജോസഫ് പാര്‍ട്ടി നേതാക്കളെ കണ്ടു. പിളര്‍പ്പുണ്ടായാല്‍ നാല് എംഎല്‍എമാര്‍ ജോസഫ് വിഭാഗത്തിന് ഒപ്പം ഉണ്ടാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Get real time update about this post categories directly on your device, subscribe now.
Discussion about this post