ഹൈക്കോടതിയും സീസറും പിന്നെ ബാര്‍കോഴയും; യുഡിഎഫിന് കൂനിന്മേല്‍ കുരുവാകുന്ന വിധി

സീസര്‍ മാത്രമല്ല, സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം എന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചത് മറ്റാരെയുമല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെത്തന്നെയണ്. ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്മേല്‍ നടത്തിയ ഇടപെടല്‍ യാന്ത്രികമായിരുന്നു എന്ന് പറഞ്ഞതിന് ശേഷമാണ് കോടതിയുടെ ഈ പരാമര്‍ശമുണ്ടായത്. ഐഎഎസ് – ഐ പി എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിനാല്‍ ഭരിക്കപ്പെടുന്നവരാണ്. വിജിലന്‍സ് ഡയറക്ടറും അതില്‍ ഉള്‍പ്പെടുന്നു.

അന്വേഷണ ഉദ്യോഗസ്ഥന് ധനമന്ത്രി കെഎം മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഭരണസമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട് കേസന്വേഷണം അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതിനെതിരായാണ് വിജിലന്‍സ് കോടതിയില്‍ നിന്ന് തുടരന്വേഷണത്തിന് വിധി ഉണ്ടായത്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കി കിട്ടുന്നതിനുവേണ്ടി എന്ന വ്യാജേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

തുടരന്വേഷണം നടത്തണമെന്നും അങ്ങനെ നടത്തുമ്പോള്‍ കുറ്റം ചാര്‍ത്തപ്പെട്ടയാള്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിലെറെ ഒരു ഹൈക്കോടതിക്ക് പറയാനാവില്ല. ഇനി മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് ധനമന്ത്രി മാണിയാണ്. എന്നാല്‍ സീസറിന്, അതായത് മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ ചുമതലയുണ്ട്. ഭാര്യ, അതായത് മാണി സംശയത്തിന് അതീതയാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സീസര്‍ക്കുണ്ട്. സീസര്‍ അതിന് തയ്യാറാവുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

എന്തായാലും ഹൈക്കോടതി വിധി ഭരണമുന്നണിയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. മാണി രാജിവെച്ചാലും ഇല്ലെങ്കിലും പ്രതിസന്ധി ഉണ്ടാവും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. രാജിവെച്ചാല്‍ മാണി കള്ളനാണെന്ന് സമ്മതിക്കലാവും അത്. രാജിവെച്ചില്ലെങ്കില്‍ കള്ളനെ പേറുന്നവനാവും മുഖ്യമന്ത്രി. രാജിവെച്ചാല്‍ പകരം ആര് എന്നതും പ്രശ്‌നമാണ്.

ധനവകുപ്പ് പിജെ ജോസഫോ അദ്ദേഹത്തിന്റെ ഗ്രൂപ്പോ ചോദിച്ചുകൂടായ്കയില്ല. അങ്ങനെ വന്നാല്‍ കേരളാ കോണ്‍ഗ്രസ് പിളരും. മാണിപക്ഷത്ത് നില്‍ക്കുന്നവര്‍ തന്നെ മറുകണ്ടം ചാടിയേക്കാം. ജോര്‍ജ് പക്ഷത്തേക്ക് ആരെങ്കിലും മാറുമോ എന്നും പറയാനാവില്ല. പിജെ ജോസഫ് വിഭാഗം പിന്തുണ പിന്‍വലിക്കാനും ഇടയുണ്ട്. തദ്ദേശതിരഞ്ഞെടുപ്പു ഫലം കൂനായിരുന്നുവെങ്കില്‍ ഹൈക്കോടതി വിധി ഭരണമുന്നണിക്ക് കൂനിമേല്‍ കുരുവായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News