തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിലും രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് ധനമന്ത്രി കെ.എം മാണി. രാജിവയ്ക്കില്ലെന്ന നിലപാട് മാണി കോണ്‍ഗ്രസിനെ അറിയിച്ചു. താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവയ്ക്കണമെന്നാണ് മാണിയുടെ നിലപാട്. അതേസമയം, മാണിക്ക് പിന്തുണയുമായി അഞ്ച് എംഎല്‍എമാരും പരസ്യമായി രംഗത്തെത്തി. മാണി രാജിവയ്ക്കുകയാണെങ്കില്‍ തങ്ങളും രാജിവയ്ക്കുമെന്ന് എംഎല്‍എമാര്‍ അറിയിച്ചു. മാണിയുടെ രാജിക്കാര്യത്തില്‍ കേരള കോണ്‍ഗ്രസിനകത്ത് കടുത്ത ഭിന്നത ഉടലെടുത്തിരിക്കുകയാണ്. മാണി രാജിവയ്ക്കണമെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിനുള്ളത്. എന്നാല്‍, മാണി രാജിവയ്ക്കേണ്ടതില്ലെന്നാണ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ അഭിപ്രായം. മാണി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. നിരീക്ഷണങ്ങള്‍ മാത്രമാണ് കോടതി നടത്തിയിട്ടുള്ളതെന്നും ഉണ്ണിയാടന് പറഞ്ഞിട്ടില്ല.
രാവിലെ 9 മണിക്കാണ് യുഡിഎഫ് യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും കേരള കോണ്‍ഗ്രസ് യോഗതീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും യുഡിഎഫ് യോഗം ചേരുക. മാണി രാജിവയ്ക്കണമെന്ന ആവശ്യമാണ് പൊതുവെ യുഡിഎഫിനകത്ത് ഉയര്‍ന്നിട്ടുള്ളത്. കക്ഷിഭേദമെന്യേ ഇക്കാര്യത്തില്‍ എല്ലാ യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ടാണ്. മാണി രാജിവയ്ക്കണമെന്ന ആവശ്യം കെപിസിസി പ്രസിഡന്റ് വിഎം സുധീരന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സമ്മര്‍ദ്ദം രൂക്ഷമായാല്‍ മുഖ്യമന്ത്രി തന്നെ മാണിയുടെ രാജി ആവശ്യപ്പെട്ടേക്കും. എന്നാല്‍, രാജി ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി മാണിയും മുന്നോട്ട് പോകുന്നുണ്ട്. ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ എന്തൊക്കെ പരാമര്‍ശങ്ങളുണ്ടായെന്നും അതില്‍ നിന്ന് തനിക്ക് രക്ഷപ്പെടാനുള്ള പഴുതുകളും അന്വേഷിച്ച് മാണി നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുമുണ്ട്.
മാണിയുടെ തലയ്ക്കേറ്റ കനത്ത അടിയായിരുന്നു ഇന്നലത്തെ ഹൈക്കോടതി വിധി. മാണി കുറ്റക്കാരനാണെന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ കോടതി നടത്തി. മാണി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന തരത്തില്‍ വരെ നിരീക്ഷണങ്ങളുണ്ടായി. രാജി അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിടുന്നതായും മാണി തുടരുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് മാണിയുടെ രാജിക്കായി മുറവിളി ശക്തമായത്. യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ പോലും രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here