സുപ്രീംകോടതിയില്‍ അപ്പീലിനുള്ള മാണിയുടെ ശ്രമം പരാജയം; ഹൈക്കോടതി വിധിപ്പകര്‍പ്പ് പീപ്പിളിന്; സീസര്‍ പരാമര്‍ശം വിധിയുടെ ഭാഗം

ദില്ലി/കൊച്ചി: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ കെ.എം മാണി സുപ്രീംകോടതിയില്‍ അപ്പീലിന് ശ്രമിച്ചു. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ മാണി പിന്നീട് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഹൈക്കോടതി വിധിയില്‍ മന്ത്രി കെ.എം മാണിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്. വിധിപ്പകര്‍പ്പിന്റെ രണ്ടാമത്തെ പേജിലാണ് രൂക്ഷമായ പരാമര്‍ശങ്ങളുള്ളത്. സീസറുടെ ഭാര്യ സംശയത്തിന് അതീതയാകണം എന്ന പരാമര്‍ശം മാണിക്ക് എതിരായ ശക്തമായ വിധിയാണ്. പരാമര്‍ശം വിധിയുടെ ഭാഗമാണെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു. നീതി നടപ്പാക്കിയാല്‍ മാത്രം പോര, അത് നടപ്പാകുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുകയും വേണം.

അത് നീതിപീഠത്തിന് മാത്രമല്ല, ജനാധിപത്യത്തിന്റെ മറ്റു മേഖലകളിലേക്കും ബാധകമാണ്. കുറ്റാരോപിതനായ ആള്‍ മന്ത്രിയായി തുടരുമ്പോള്‍ ശരിയായ അന്വേഷണം നടന്നോ എന്ന് ജനം സംശയിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി വിധിയിലുണ്ട്. അഡ്വക്കേറ്റ് ജനറല്‍ ഉണ്ടായിട്ടും അദ്ദേഹത്തെയും മറികടന്ന് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം പുറത്തുനിന്ന് തേടിയത് ശ്രദ്ധയില്‍ പെട്ടിരുന്നെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.

എന്നാല്‍, ഇത്രയും കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങാനാണ് മാണിയും കേരള കോണ്‍ഗ്രസ് എമ്മും ശ്രമിക്കുന്നത്. കോടതി വിധിയെ വളച്ചൊടിച്ച് രാജി ഒഴിവാക്കാനാണ് കേരള കോണ്‍ഗ്രസിന്റെ നേട്ടം. കോടതിയില്‍ നിന്ന് അനുകൂല പരാമര്‍ശമാണ് ഉണ്ടായതെന്നാണ് കേരള കോണ്‍ഗ്രസിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here