കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പിളര്‍ത്താന്‍ മാണി; സമ്മര്‍ദമേറിയാല്‍ ജോസഫ് പാര്‍ട്ടി വിടും; കേരള കോണ്‍ഗ്രസ് നേതാക്കളെ കാത്തിരിക്കുകയാണെന്നു തങ്കച്ചന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ വീണ്ടും ജോസഫ്, മാണി വിഭാഗങ്ങള്‍ വേവ്വേറെ രൂപ്പപെടാന്‍ സാധ്യത. പാര്‍ട്ടി പിളരുമെന്ന് ഏകദേശം ഉറപ്പായി. നേരത്തേ, രാജി ഉറപ്പായ സാഹചര്യത്തില്‍ മാണി പിളര്‍പ്പിനു ശ്രമിച്ചിരുന്നു. അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ചെറുത്തു തോല്‍പിച്ചിരുന്നു. അതേ സാഹചര്യം തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും രൂപപ്പെട്ടിരിക്കുകയാണെന്നാണ് അവസാന റിപ്പോര്‍ട്ട്. അതിനിടെ, മാണിയുടെ തീരുമാനം അറിയാനായി തങ്ങള്‍ ക്ലിഫ് ഹൗസില്‍ കാത്തിരിക്കുകയാണെന്നു യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കി.

യുക്തമായ തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നു സി എഫ് തോമസ് ആവര്‍ത്തിച്ചു പറയുമ്പോഴും മാണിയും ജോസഫും രാജിക്കാര്യത്തില്‍ രണ്ടു തട്ടിലാണ്. മാണി വയ്ക്കാന്‍ സന്നദ്ധനാണെങ്കിലും ജോസഫിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തിക്കൊണ്ട് രാജിക്ക് മാണിക്കു താല്‍പര്യമില്ല. മാണിയുടെ കുഴപ്പത്തിന് താന്‍ എന്തിനാണ് രാജിവയ്ക്കുന്നതെന്നാണ് ജോസഫിന്റെ ചോദ്യം.

പാര്‍ട്ടി തന്റെ പിന്നില്‍ ഒറ്റക്കെട്ടാണെന്നു കാണിക്കാന്‍ തന്നെക്കൂടാതെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും ജലവിഭവ മന്ത്രി പി ജെ ജോസഫും രാജിവയ്ക്കണമെന്നാണ് മാണി പറയുന്നത്. എന്നാല്‍ താന്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രിയെയും മാണിയെയും ജോസഫ് അറിയിച്ചിട്ടുണ്ട്. അവസാന നിമിഷം മാണിക്കൊപ്പം നിന്നിരുന്ന പലരും ജോസഫിന്റെ അഭിപ്രായത്തെ അനുകൂലിച്ചതായും സൂചനയുണ്ട്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി വിഭാഗം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്യേണ്ടത് ജോസഫാണെന്നാണ് ഇവര്‍ പറയുന്നത്. ഇതോടെ ജോസഫ് നിലപാടു കടുപ്പിച്ചു. സമ്മര്‍ദമേറിയാല്‍ പാര്‍ട്ടി വിടുമെന്ന് യുഡിഎഫ് നേതാക്കളെ അനൗദ്യോഗികമായി ജോസഫ് അറിയിച്ചിട്ടുണ്ട്.

മോന്‍സ് ജോസഫ്, ടി യു കുരുവിള എന്നിവര്‍ ജോസഫിന്റെ ഒപ്പം ഉറച്ചു നില്‍ക്കുന്നുണ്ട്. പഴയ ജോസഫ് ഗ്രൂപ്പുകാര്‍ വേണ്ടിവന്നാല്‍ പിളര്‍പ്പിലേക്കുതന്നെ പോകണമെന്നു പറയുന്നുമുണ്ട്. അതേസമയം, റോഷി അഗസ്റ്റിന്‍ വ്യക്തമായ നിലപാടെടുത്തിട്ടില്ല. സി എഫ് തോമസ് ജോസഫ് പാളയത്തോട് അടുത്തതായും സൂചനയുണ്ട്. ഇങ്ങനെ വന്നാല്‍ റോഷിയും പ്രൊഫ. എന്‍ ജയരാജും മാത്രമാകും മാണിക്കൊപ്പമുള്ള എംഎല്‍എമാര്‍. അഞ്ച് എംഎല്‍എമാര്‍ തന്റെ ഒപ്പമുണ്ടെന്ന മാണിയുടെ അവകാശവാദം പൊളിയുകയും ചെയ്യും.

തന്റെ ഒപ്പമുള്ള എംഎല്‍എമാരെക്കൂട്ടി സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കാമെന്ന വാഗ്ദാനം നേരത്തേ മാണി മുന്നണിക്കു മുന്നില്‍ വച്ചിരുന്നു. ഇതു നടപ്പില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും നീക്കം. പി ജെ ജോസഫിനെയും കൊണ്ടേ പോകൂ എന്ന നിലപാടാണ് മാണി തുടരുന്നതെങ്കില്‍ കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News