ബിജെപിയില്‍ മുതിര്‍ന്ന നേതാക്കളുടെ പടയൊരുക്കം; മോദി – അമിത് ഷാ ടീമിന് രൂക്ഷ വിമര്‍ശനം; ദില്ലിയില്‍ നിന്ന് പഠിക്കാത്തതുകൊണ്ടാണ് ബീഹാറിലും തോറ്റതെന്ന് അദ്വാനി ഉള്‍പ്പടെയുള്ളവര്‍

ദില്ലി: ബിജെപിയില്‍ നദേന്ദ്രമോദിക്കെതിരെ മുതിര്‍ന്ന നേതാക്കളുടെ പടയൊരുക്കം. എല്‍കെ അദ്വാനി ഉള്‍പ്പടെ നാല് മുതിര്‍ന്ന നേതാക്കളാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെയുള്‍പ്പടെ പശ്ചാത്തലത്തില്‍ നിലപാടുകള്‍ പുനപരിശോധിക്കാന്‍ നരേന്ദ്രമോദി തയ്യാറാകണം എന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. മോദിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കാനും അദ്വാനി ഉള്‍പ്പടെയുള്ള നേതാക്കള്‍ തയ്യാറായി.

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ദില്ലിയിലെ കനത്ത പരാജയത്തില്‍ നിന്ന് ഒന്നും പഠിച്ചില്ല എന്നതാണ് എന്ന് നേതാക്കള്‍ വിമര്‍ശിക്കുന്നു. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്തകുമാര്‍, ശ്വന്ത് സിന്‍ഹ തുടങ്ങിയ നേതാക്കളുടേതാണ് പ്രസ്താവന. എണ്‍പത് കഴിഞ്ഞ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും മോദി-അമിത് ഷാ ടീമിന് ശേഷം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവരാണ്. ദില്ലിയില്‍ മുതിര്‍ന്ന നാല് നേതാക്കളും കൂടിക്കാഴ്ച നടത്തി. ഡോ. മുരളി മനോഹര്‍ ജോഷിയുടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച. 10 മിനുട്ടില്‍ അധികം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

നരേന്ദ്ര മോഡിയേയോ അമിത് ഷായേയോ നേരിട്ട് പരാമര്‍ശിക്കാതെയാണ് പ്രസ്താവന ഇറക്കിയത്. പാര്‍ട്ടി നേതൃത്വവും ബീഹാര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവരും എന്നാണ് പ്രസ്താവനയിലെ വിമര്‍ശനം. ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ഓരോരുത്തരും ഉത്തരവാദികളാണ്. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. വിജയിച്ചിരുന്നുവെങ്കില്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമോ അവര്‍ക്കാണ് തോല്‍വിയുടെയും ഉത്തരവാദിത്തം എന്നും വിമര്‍ശിക്കുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി പാര്‍ട്ടിക്ക് സംഭവിച്ച നിര്‍ജ്ജീവാവസ്ഥയാണ് തോല്‍വിയുടെ പ്രധാന കാരണം. കൃത്യമായി പരാജയം വിലയിരുത്തി കാരണങ്ങള്‍ കണ്ടെത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പരാജയത്തിലേക്ക് കൂപ്പുകുത്താനുള്ള കാരണം തിരിച്ചറിയണം. പാര്‍ട്ടിയിലെ അഭിപ്രായ ഐക്യം നഷ്ടപ്പെട്ടതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ബീഹാറിലെ പ്രചരണത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നവര്‍ക്കാണ് തോല്‍വിയുടേയും ഉത്തരവാദിത്തമെന്നും മേദിയെ വിമര്‍ശിച്ച് നേതാക്കളുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തോല്‍വിയ്ക്ക് ആരെയും കുറ്റപ്പെടുത്താനാവില്ലെന്ന നിലപാടെടുത്തു. ബീഹാറിന്റെ മനസ് മനസിലാക്കി പ്രചരണം നടത്താന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണം എന്നായിരുന്നു ബോല്‍ഡിന്റെ വിലയിരുത്തല്‍. നരേന്ദ്ര മോദി, അമിത്ഷാ തുടങ്ങി 12 പേര്‍ അടങ്ങുന്നതാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്. ബോര്‍ഡിന്റെ തെരഞ്ഞെടുപ്പ് അവലോകനത്തെ വിമര്‍ശിച്ചുകൊണ്ടുകൂടിയാണ് മുതിര്‍ന്ന നേതാക്കളുടെ രൂക്ഷ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News