ബീഫ് നിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ശ്രദ്ധയ്ക്ക്; ചില രോഗങ്ങള്‍ക്ക് പ്രതിവിധിയായി ആയുര്‍വേദവും ബീഫ് നിര്‍ദേശിക്കുന്നുണ്ട്

ദില്ലി: ബീഫ് നിരോധനമാണ് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്ന ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയം. ബീഫ് കഴിച്ചതിന്റെ പേരില്‍ കൊലപാതകം വരെ നടക്കുന്ന തലത്തിലേക്ക് ഇന്ത്യയില്‍ കാര്യങ്ങള്‍ എത്തി. ഇന്ത്യയിലെ പുരാതന വേദഗ്രന്ഥങ്ങള്‍ ഒന്നും തന്നെ ബീഫ് കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തില്ലെന്നിരിക്കെയാണ് ഇന്ത്യയില്‍ അതേ വേദങ്ങളുടെ പേരുപറഞ്ഞ് ഭക്ഷണ സ്വാതന്ത്യത്തിനു മേല്‍ കുരുക്കിടാന്‍ ചിലര്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. അത്തരക്കാര്‍ അറിയുന്നതിന്, ആയുര്‍വേദ ആചാര്യനായ ചരക ചില അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ബീഫ് നിര്‍ദേശിച്ചിരുന്നു. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പത്മഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കിയ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പിഎം ഭാര്‍ഗവ രാഷ്ട്രപതിക്കയച്ച കത്തിലാണ് ഇക്കാര്യമുള്ളത്.

ചരക സംഹിതയെ ഉദ്ദരിച്ചു കൊണ്ട് ഭാര്‍ഗവ എഴുതിയത് ഇങ്ങനെ. ക്രമം തെറ്റിയ പനി, വരണ്ട ചുമ, തളര്‍ച്ച തുടങ്ങിയ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് പശുവിറച്ചി കഴിക്കുന്നത് ഗുണകരമാണെന്നാണ് ചരക സംഹിതയില്‍ പറയുന്നത്. കഠിനമായ ജോലികള്‍ക്ക് ശേഷമുണ്ടാകുന്ന ക്ഷീണം അകറ്റുന്നതിനും പശുവിറച്ചി നല്ലതാണെന്ന് ചരക സംഹിതയില്‍ പറയുന്നതായി ഭാര്‍ഗവ തന്റെ കത്തില്‍ എഴുതുന്നു. നമ്മള്‍ എന്തു കഴിക്കണമെന്നത് നിയന്ത്രിക്കും എന്ന ബിജെപിയുടെ ധാര്‍ഷ്ട്യമണ് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന സംഭവം തെളിയിക്കുന്നത്. എന്തു ധരിക്കണമെന്നും ആരെ സ്‌നേഹിക്കണമെന്നും എന്തു വായിക്കണമെന്നും അവര്‍ തീരുമാനിക്കുന്നതു പോലെയാണിതും. ഭാര്‍ഗവ കത്തില്‍ എഴുതുന്നു.

ശാസ്ത്രത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്തവര്‍ എന്നാണ് മോദി സര്‍ക്കാരിനെ ഭാര്‍ഗവ വിമര്‍ശിച്ചത്. 65 വര്‍ഷത്തെ സേവന പാരമ്പര്യം എനിക്കുണ്ട്. ഇതുവരെ എല്ലാ സര്‍ക്കാര്‍ പ്രതിനിധികളുമായും ശാസ്ത്ര സംബന്ധിയായി താന്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍, മോദി സര്‍ക്കാരിന് അത്തരമൊരു ധാരണയും ഇല്ലെന്നും അദ്ദേഹം പറയുന്നു. ബിജെപിയും ആര്‍എസ്എസുമാണ് രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്ക് പിന്നിലെന്ന് ഭാര്‍ഗവ നവംബര്‍ ആറിന് രാഷ്ട്രപതിക്കയച്ച കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News