മരണത്തിനും വേര്‍പിരിക്കാനായില്ല അവരെ; മരിച്ച് 18 വര്‍ഷങ്ങള്‍ക്കു ശേഷം പൂജയും ജോഗേന്ദ്രയും വിവാഹിതരായി

മീററ്റ്: വീട്ടുകാര്‍ വാക്കു പാലിച്ചപ്പോള്‍ മരിച്ച് 18 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒരുമിച്ചു. അങ്ങനെ അവര്‍ വിവാഹിതരായി. അയല്‍ക്കാരായ പൂജയും ജോഗേന്ദ്രയും ജനിച്ചപ്പോള്‍ തന്നെ ഇരുവരുടെയും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതായിരുന്നു വിവാഹം. വിവാഹപ്രായമെത്തുമ്പോള്‍ ഇരുവരെയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, വിധി അവര്‍ക്കായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മാരകരോഗം പിടിപെട്ട് ഇരുവരും മരണത്തിന് കീഴടങ്ങി. എന്നാല്‍, ജീവിച്ചിരുന്ന കുടുംബാംഗങ്ങള്‍ വാക്കുപാലിച്ചു. 18 വര്‍ഷങ്ങള്‍ക്കിപ്പുറം പാവകളെ ഉപയോഗിച്ച് എല്ലാ പാരമ്പര്യ വിധികളും അനുസരിച്ചു തന്നെ വിവാഹം നടത്തി.

ഹരിദ്വാറിനു സമീപം സഹറന്‍പൂരിലാണ് സംഭവം. ഗ്രാമത്തിലെ പ്രമുഖ ഗോത്രവിഭാഗമായ നാറ്റ് വിഭാഗത്തിലാണ് ഇത്തരമൊരു അപൂര്‍വി വിവാഹം നടന്നത്. വരനും വധുവും മരിച്ചു പോയതിനാല്‍ വിവാഹത്തിന് ഉപയോഗിച്ചത് പാവകളെയായിരുന്നു. ഹരിദ്വാറില്‍ നിന്നാണ് വിവാഹഘോഷയാത്ര എത്തിയത്. ഏകദേശം 200ഓളം പേര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലെത്തിയിരുന്നു. തലമുറകളായി ഇത്തരം വിവാഹം നടത്തി വരാറുണ്ടെന്ന് ഗോത്രവിഭാഗം സമ്മതിക്കുന്നു.

ചൊവ്വാഴ്ചയാണ് വിവാഹം നടന്നത്. ഹരിദ്വാറിലെ ഗദ്ദനോര ഗ്രാമത്തില്‍ നിന്ന് 50 പേരുടെ ഒരു വിവാഹഘോഷയാത്ര സഹറന്‍പൂര്‍ ഗ്രാമത്തിലെത്തി. തുടര്‍ന്ന് പരമ്പരാഗത ആചാര വിധികളോടെയുള്ള വിവാഹം. വരന്റെയും വധുവിന്റെയും സ്ഥാനത്ത് പാവകള്‍. ഉത്സവം പോലെ കൊണ്ടാടിയ വിവാഹത്തിനു ശേഷം പാവകള്‍ പുഴയില്‍ നിമജ്ജനം ചെയ്തു. അകാല മരണത്തില്‍ നിന്ന് മറ്റു കുട്ടികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം ആചാരം പിന്തുടരുന്നതെന്ന് ഗ്രാമത്തിലെ മുതിര്‍ന്ന അംഗം പറഞ്ഞു.

വിവാഹത്തെകുറിച്ച് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത് ഇങ്ങനെ. എന്റെ മകള്‍ പൂജ അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ 18 വര്‍ഷം മുമ്പ് മരിച്ചു പോയി. ഗദ്ദനോര ഗ്രാമത്തിലെ തേജ്പാലിന്റെ മകന്‍ ജോഗേന്ദ്രയും നാലുവയസ്സുള്ളപ്പോള്‍ മരിച്ചു പോയി. ഞങ്ങളുടെ ആചാരപ്രകാരം കുട്ടികള്‍ വിവാഹപ്രായമെത്തുന്നതിനു മുമ്പ് മരിച്ചു പോയാല്‍ അവര്‍ക്ക് വിവാഹപ്രായമെത്തുന്ന വര്‍ഷം മരണത്തിനു ശേഷമാണെങ്കില്‍ പോലും വിവാഹം നടത്തുമെന്ന് അച്ഛന്‍ പറയുന്നു. എന്റെ മകള്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ക്ക് വിവാഹപ്രായമായേനെ എന്നും ആ പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel