ബാര്‍ കോഴ വരും ദിവസങ്ങളിലും യുഡിഎഫിനെ വേട്ടയാടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ഉമ്മന്‍ചാണ്ടി ഘടകകക്ഷികളെ പിളര്‍ത്തുന്നു

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് വരും ദിവസങ്ങളിലും യുഡിഎഫിനെ വേട്ടയാടാന്‍ പോകുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആകെ പിരിച്ച 25 കോടി രൂപയില്‍ തനിക്ക് ഒരു കോടി മാത്രമേ കിട്ടിയിട്ടുള്ളുവെന്നും ബാക്കി 24 കോടി കൈപ്പറ്റിയവര്‍ പുറത്തു നില്‍ക്കുകയാണെന്നുമാണ് മാണി പറയുന്നത്. ഇനി അത് ആരൊക്കെയാണെന്ന് പുറത്തുവരാനിരിക്കുന്നതെ ഉള്ളു. അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ വേണ്ടി ഘടകകക്ഷികളെ പിളര്‍ത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. ഉമ്മന്‍ചാണ്ടിയുടെ കൂടെ കൂടി കേരള കോണ്‍ഗ്രസിന്റെ രണ്ടില ഇപ്പോള്‍ കരിഞ്ഞ ഇലയായി. കേരള കോണ്‍ഗ്രസിനെ പിളര്‍ത്തുന്നതിനു വേണ്ടിയാണ് ജോസഫിനോട് രാജിവയ്‌ക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത്. നേരത്തെ ജെഎസ്എസിനെയും സിഎംപിയെയും ഇതുപോലെ പിളര്‍ത്തുകയായിരുന്നെന്നും കോടിയേരി പറഞ്ഞു.

പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തവരാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും. അഴിമതിക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്നിട്ടും കോടതി പരാമര്‍ശം വന്നപ്പോള്‍ തന്നെ മാണിയുടെ രാജി എഴുതി വാങ്ങിക്കുന്നതിനു പകരം വൈകിപ്പിക്കുകയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണ പിന്തുണ മാണിക്കുണ്ടെന്നതിന് തെളിവാണിത്. മാണിയുടെ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടുണ്ട്. ജോസഫ് മന്ത്രിസ്ഥാനത്തു തുടരുന്നത് പാര്‍ട്ടിയുടെ തീരുമാന പ്രകാരമാണോ എന്ന് മാണി വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായിരിക്കുകയാണ്. പരാജയത്തിലെ ജാള്യത മറയ്ക്കാന്‍ ഇടതുമുന്നണിക്ക് നേരിയ ഭൂരിപക്ഷം മാത്രമേ ലഭിച്ചിട്ടുള്ളു എന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ മൂന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ കൂടുതലാണ്. 82,73,315 വോട്ടുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. യുഡിഎഫിന് 79,46,720 വോട്ടുകളും ലഭിച്ചു. അതായത് യുഡിഎഫിനേക്കാള്‍ എല്‍ഡിഎഫിന് 3,27,217 വോട്ടുകള്‍ അധികമായി ലഭിച്ചിട്ടുണ്ട്. എന്നിട്ടും പരാജയം സമ്മതിക്കാത്ത ഉമ്മന്‍ചാണ്ടിയുടെ നിലപാട് പരിഹാസ്യമാണ്. ബിജെപിക്ക് വോട്ടു വര്‍ധിച്ചത് ഗൗരവമായി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മാതൃകയാക്കേണ്ടത് എ.കെ ആന്റണിയെയാണ്. അന്ന് 2004-ല്‍ യുഡിഎഫിന് കനത്ത പരാജയം ഉണ്ടായപ്പോള്‍ ആന്റണി സ്വയം രാജിവച്ച് ഒഴിയുകയായിരുന്നു. ഉമ്മന്‍ചാണ്ടി ഒഴിഞ്ഞില്ലെങ്കിലും സര്‍ക്കാരിനെ മറിച്ചിടാന്‍ എല്‍ഡിഎഫ് തയ്യാറല്ലെന്നും കോടിയേരി ബലകൃഷ്ണന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ അരുവിക്കര ആവര്‍ത്തിക്കുമെന്നായിരുന്നു യുഡിഎഫും ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നത്. എന്നാല്‍, അരുവിക്കരയില്‍ പോലും അവര്‍ക്ക് നേട്ടമുണ്ടാക്കാനായില്ലെന്നതാണ് സത്യമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News