തോല്‍വിയോടെ വിമതരോട് നിലപാട് മാറ്റി കോണ്‍ഗ്രസ്; പ്രാദേശിക തലത്തില്‍ തീരുമാനമെടുക്കാമെന്ന് കെപിസിസി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടതോടെ വിമതരോടുള്ള സമീപനം മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. വിമതരോടുള്ള സമീപനം താഴേത്തട്ടില്‍ തീരുമാനിക്കാം എന്നാണ് കെപിസിസി നിര്‍വാഹക സമിതിയുടെ നിലപാട്. ഡിസിസികളഉടെ റിപ്പോര്‍ട്ടുകള്‍ കൂടി കിട്ടിയ ശേഷമേ വിമതരുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ. വിഡി സതീശന്‍ നല്‍കിയ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടില്‍ വിമതര്‍ക്കെതിരെ പരാമര്‍ശമില്ല എന്നതും ശ്രദ്ധേയമാണ്. വിമതര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് കെപിസിസി മയപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പിന് ശേഷവും വിമതരോട് കടുത്ത നിലപാടായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ സ്വീകരിച്ചത്. ഇതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഗ്രൂപ്പ് നേതാക്കളുടെ നിലപാട് കൂടി പരിഗണിച്ചാണ് വിമതരോട് സമരസപ്പെടാനുള്ള കെപിസിസി തീരുമാനം.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിമതരുടെ കൂടി പിന്തുണ ഉണ്ടെങ്കിലേ യുഡിഎഫിന് ഭരണം നടത്താനാകൂ. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഈ പ്രതിസന്ധി കോണ്‍ഗ്രസിനെ പ്രതികൂലമായി തന്നെ ബാധിച്ചു. വിമതന്റെ പിന്തുണ കൂടിയുണ്ടെങ്കിലേ യുഡിഎഫിന് ഭരണം നേടാനാവൂ. ഈ സാഹചര്യത്തിലാണ് വിമതരോടുള്ള സമീപനം പുനപരിശോധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മലബാറില്‍ ഉള്‍പ്പടെ യുഡിഎഫിന് വന്‍ വിമത ശല്യമാണ് നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി യോഗത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ വിമതര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനായിരുന്നു കെപിസിസി നിര്‍ദ്ദേശം. ഇതനുസരിച്ച് എല്ലാ ജില്ലകളിലും വിമത പ്രവര്‍ത്തനം നടത്തിയവരെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. വിമതര്‍ക്ക് തിരുത്താനും അവസരം നല്‍കി. എന്നാല്‍ മത്സര രംഗത്തുനിന്ന് പിന്മാറാന്‍ ആരും തയ്യാറായില്ല. പലയിടത്തും യുഡിഎഫിന്റെ അധ്യക്ഷ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുകയും ചെയ്തു. വിമതപ്പടമൂലം പലയിടത്തും ഭരണവും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിമതരുടെ വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ കെപിസിസി ഒരുങ്ങുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി – ബിജെപി സഖ്യത്തെ എതിര്‍ക്കാതിരുന്നത് തിരിച്ചടിയായെന്ന് കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ബിജെപി ബന്ധത്തെ എതിര്‍ക്കേണ്ടതായിരുന്നുവെന്നും ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചു. മതേതരത്വമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് ആര്യാടന്‍ വിമര്‍ശിച്ചു. കെഎം മാണിയെ വിമര്‍ശിച്ചുള്ള ചര്‍ച്ച വേണ്ട എന്ന് വിഎം സുധീരന്‍ കെപിസിസി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കെപിസിസി ഭാരവാഹി യോഗം തുടങ്ങിയപ്പോഴാണ് സുധീരന്റെ നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News