അധ്യാപക നിയമനം: വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; എസ്എന്‍ ട്രസ്റ്റിന് കീഴിലെ അധ്യാപക നിയമനം തടഞ്ഞു

കൊച്ചി: എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളജുകളില്‍ അധ്യാപക നിയമന വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എന്‍ ട്രസ്റ്റിന് കീഴിലെ വിവിധ കോളേജുകളിലെ 83 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനം ഹൈക്കോടതി തടഞ്ഞു. അദ്ധ്യാപക നിയമനത്തില്‍ കോഴ വാങ്ങിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളേജുകളിലെ അദ്ധ്യാപക നിയമനത്തില്‍ അഴിമതി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഈ മാസം 18ന് നടക്കാനിരിക്കുന്ന വിവിധ കോളേജുകളിലെ 83 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനമാണ് ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്.

നിയമനത്തിന് മുന്നോടിയായുള്ള അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരും. എന്നാല്‍ നിയമന നടപടികള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും. ഇക്കാര്യം അഭിമുഖ കേന്ദ്രങ്ങളിലെ നോട്ടീസ് ബോര്‍ഡുകളില്‍ ഉദ്യോഗാര്‍ത്ഥികളുടെ അറിവിനായി പ്രസിദ്ധീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയുടെ അനുമതി ഇല്ലാതെ നിയമന ഉത്തരവ് നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ട്രസ്റ്റംഗമായ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അദ്ധ്യാപക നിയമനത്തിന് കോടികള്‍ കോഴ വാങ്ങുന്നു എന്നതായിരുന്നു ഹര്‍ജിയിലെ ആരോപണം. എസ്എന്‍ ട്രസ്റ്റ് ഭരണത്തിന് റിസീവറെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. റിസീവര്‍ നിയമനം അടക്കമുള്ള ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍ കോടതി പിന്നീട് പരിഗണിക്കും. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് വെള്ളാപ്പള്ളിക്ക് വേണ്ടി ഹാജരായ എന്‍ രാജന്‍ ബാബു വാദിച്ചുവെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here