പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന് ഇന്നു തുടക്കം; പ്രതിരോധം അടക്കം സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നു ദിവസത്തെ യുകെ സന്ദര്‍ശനത്തിന് ഇന്നു തുടക്കം. മോദിയെ പ്രശംസിച്ച് പുസ്തകം എഴുതിയതിന് പണം ലഭിച്ചുവെന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം നിറം മങ്ങും. ബിഹാറില്‍ ബിജെപിക്കേറ്റ കനത്ത പരാജയം ബ്രിട്ടീഷ് മാധ്യമങ്ങളിലും വലിയ വാര്‍ത്തയായ സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനിലെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

അസഹഹിഷ്ണുതയുടെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊലപാതകങ്ങളും ചൂണ്ടിക്കാട്ടി മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ 40 പാര്‍ലമെന്റ് അംഗങ്ങള്‍ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തില്‍ ആരോപണ വിധേയനെന്ന നിലയില്‍ മോദിക്ക് വിസ നിഷേധിച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് ഇത്തവണയും പൂര്‍ണ മനസ്സോടെയല്ല മോഡിയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ബിഹാറിലേറ്റ കനത്ത പരാജയവും ഇന്ത്യയില്‍ അസഹിഷ്ണുതയുടെ പേരിലുള്ള വിവാദങ്ങളും സന്ദര്‍ശനത്തിന്റെ നിറം കെടുത്തുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനത്ത് മോദിയുടെ പാര്‍ട്ടിക്ക് കനത്ത പരാജയമേറ്റു എന്നാണ് ബിഹാര്‍ പരാജയത്തെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മോദിയെ പ്രശംസിച്ച് പുസ്തകം എഴുതിയതിന് പ്രതിഫലം ലഭിച്ചു എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ വെളിപ്പെടുത്തലും മോദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. ബിബി സിയിലെ മാധ്യമപ്രവര്‍ത്തകനായ ലാന്‍സ് പ്രിന്‍സാണ്, പ്രതിഫലം പറ്റിയാണ് മോദി എഫക്ട് എന്ന പുസ്തകം എഴുതിയതെന്ന് വെളിപ്പെടുത്തിയത്. മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് പുറത്തുവന്ന ഈ വെളിപ്പെടുത്തലും ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മോദിയെ സെനറ്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, മോദിയുടെ സന്ദര്‍ശനത്തെ ആവേശത്തോടെയാണ് കാണുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി ചര്‍ച്ചയാണ് പ്രധാന ഔദ്യോഗിക പരിപാടി. ബ്രിട്ടീഷ് പാര്‍ലമെന്റിനെയും ലണ്ടനിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News