ബാര്‍ കോഴയ്ക്കു പിന്നാലെ ബിയര്‍ കോഴയും; ബിയര്‍ കമ്പനികള്‍ ഭരണനേതൃത്വത്തിന് കോടിക്കണക്കിന് രൂപ കോഴ നല്‍കുന്നുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു പൂട്ടിയ ബാറുകള്‍ക്കു പകരം തുറന്ന ബിയര്‍ പാര്‍ലറുകള്‍ അടുത്ത കോഴയുടെ ആസ്ഥാനമായിരിക്കുകയാണെന്നു ചെറിയാന്‍ ഫിലിപ്പ്. ബാര്‍ കോഴയ്ക്കു ശേഷം സംസ്ഥാനത്തു ബിയര്‍ കോഴ എന്ന പ്രതിഭാസം ഉദയം ചെയ്തിരിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ ആരോപിച്ചു.

സംസ്ഥാനത്തു തുറന്നിരിക്കുന്ന എണ്ണൂറു ബിയര്‍ പാലര്‍റുകളിലായി വിറ്റഴിക്കുന്ന ബിയറിലൂടെ ലഭിക്കുന്ന കോടിക്കണക്കിനു രൂപയുടെ നിശ്ചിത ശതമാനം തുക കമ്പനികള്‍ ഭരണ നേതൃത്വത്തിന് നല്‍കി വരുന്നതായാണ് ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണം.

പ്രമുഖ ബിയര്‍ കമ്പനികളുമായി ചില ഉന്നതര്‍ നടത്തിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടിയ വിദേശമദ്യ ബാറുകള്‍ക്കെല്ലാം ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനിച്ചത്. സാധാരണ ബിയറില്‍ ആല്‍ക്കഹോള്‍ അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കിലും ഇപ്പോള്‍ പലയിടത്തും വിറ്റഴിക്കുന്നത് പത്തുമുതല്‍ ഇരുപതു ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ വീര്യം കൂടിയ സ്‌ട്രോംഗ് ബിയറാണ്.

കിംഗ്ഫിഷര്‍, ഹേവാര്‍ഡ്സ്, റോയല്‍ ചലഞ്ച്, കല്യാണി, കിംഗ്‌സ് എന്നീ കമ്പനികള്‍ സ്‌ട്രോംഗ് ബിയര്‍ ഇറക്കിയിട്ടുണ്ട്. വിദേശമദ്യത്തിനു സമാനമായ ലഹരി ലഭിക്കുന്ന ബിയര്‍ ഉപഭോക്താക്കളില്‍ അധികവും ഇപ്പോള്‍ യുവാക്കളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബിയര്‍ വിപണിയായി കേരളം മാറിയിരിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here