മന്ത്രി ബാബുവിനെതിരായ മൊഴികള്‍ വിജിലന്‍സ് കണക്കിലെടുത്തില്ല; വൈരുദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു; ദ്രുതപരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിളിന്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരായ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് തന്നെ ശ്രമിച്ചതിന് തെളിവുകള്‍. കെ ബാബുവിനെതിരെ രണ്ട് സാക്ഷികള്‍ നല്‍കിയ മൊഴികള്‍ വിജിലന്‍സ് കണക്കിലെടുത്തില്ല. രണ്ട് സാക്ഷിമൊഴികളാണ് വിജിലന്‍സ് പരിഗണിക്കാതിരുന്നത്. ബാബു പണം ആവശ്യപ്പെട്ടെന്ന് തെളിയിക്കാനാകുന്ന സാക്ഷിമൊഴികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ മൊഴികള്‍ വിജിലന്‍സ് കണക്കിലെടുക്കുകയായിരുന്നില്ല. ഡിവൈഎസ്പി എംഎന്‍ രമേശ് നടത്തിയ ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിളിന് ലഭിച്ചു.

പത്തു കോടി രൂപയാണ് ബാബുവിന് നല്‍കിയതായി പറയപ്പെടുന്നത്. വഞ്ചിയൂരിലെ വിജിലന്‍സ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ക്വിക് വെരിഫിക്കേഷനില്‍ രണ്ട് സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടില്‍ ഈ മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് വിജിലന്‍സ് ശ്രമിച്ചത്. വൈരുദ്ധ്യമുള്ള മൊഴികളാണെന്ന് ബോധപൂര്‍വം വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ബിജു രമേശിന്റെ സഹായിയായ രാധാസിന്റെയും പണം നല്‍കിയ സമയത്ത് കൂടെയുണ്ടായിരുന്നെന്ന് ബിജു രമേശ് പറഞ്ഞ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് മുഹമ്മദ് റസീഫിന്റെയും മൊഴികളാണ് ക്വിക് വെരിഫിക്കേഷനില്‍ രേഖപ്പെടുത്തിയിരുന്നത്.

ബിജു രമേശ് പണം നല്‍കുന്നത് കണ്ടെന്ന് ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടു പോലും ഈ സാക്ഷിമൊഴികള്‍ കണക്കിലെടുക്കാന്‍ വിജിലന്‍സ് തയ്യാറായില്ല. ഇവര്‍ പറയുന്നത് തമ്മില്‍ വൈരുദ്ധ്യം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍, അങ്ങനെ വൈരുദ്ധ്യം ഉണ്ടെങ്കില്‍ സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാമായിരുന്നു. എന്നാല്‍, അതിനും വിജിലന്‍സ് തയ്യാറായില്ല. ബാബുവിനെതിരായ അന്വേഷണം മുടക്കുക എന്ന കൃത്യമായ അജണ്ട തന്നെയായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News