മന്ത്രി ബാബുവിന്റെ അവകാശവാദം പൊളിയുന്നു; ബാബുവിന് പണം നല്‍കിയെന്ന് മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശ് തന്റെ പേരു പറഞ്ഞിട്ടില്ലെന്ന എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ അവകാശവാദം പൊളിയുന്നു. ബാബുവിന് 50 ലക്ഷം രൂപ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴി പീപ്പിള്‍ ടിവി പുറത്തുവിട്ടു. മാണിക്കെതിരെ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലാണ് ബിജു രമേശ് ബാബുവിന് പണം നല്‍കിയ വിവരം വെളിപ്പെടുത്തിയത്. സാക്ഷികളായി തന്റെ മാനേജര്‍ രാധാകൃഷ്ണനും രാജ്കുമാര്‍ ഉണ്ണിയും ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായിരുന്ന മുഹമ്മദ് റസീഫും ഒപ്പമുണ്ടായിരുന്നു. പണം നല്‍കിയത് ബാബുവിന്റെ സെക്രട്ടറി സുരേഷ് പൈയുടെ കയ്യിലാണെന്നും ബിജു രമേശിന്റെ രഹസ്യമൊഴിയിലുണ്ട്.

പ്രബജറ്റ് ചര്‍ച്ചയില്‍ മന്ത്രി ബാബു ലൈസന്‍സ് ഫീ വര്‍ധിപ്പിക്കാതിരിക്കാന്‍ ചെലവുണ്ടെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ബാബുവിന് പണം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, ആദ്യം കൊച്ചിയില്‍ ചേര്‍ന്ന ബാറുടമ അസോസിയേഷന്റെ യോഗത്തില്‍ ബാബുവിന് പണം നല്‍കുന്ന കാര്യം ചര്‍ച്ചയായിരുന്നില്ല. എന്നാല്‍, രണ്ടാംതവണ ചേര്‍ന്ന യോഗത്തില്‍ രാജ്കുമാര്‍ ഉണ്ണിയാണ് ബാബുവിന് പണം നല്‍കണം എന്ന കാര്യം ഉന്നയിച്ചത്. ഇതനുസരിച്ച് തന്റെ കയ്യില്‍ നിന്ന് താന്‍ 12 ലക്ഷം രൂപ നല്‍കി. ബാക്കി പണം കൂടി സ്വരൂപിച്ച് 50 ലക്ഷം രൂപയുമായി താനും മാനേജര്‍ രാധാകൃഷ്ണനും റസീഫും കൂടി സെക്രട്ടേറിയറ്റിലെ ബാബുവിന്റെ ഓഫീസിലെത്തി. അപ്പോള്‍ അവിടെ രാജ്കുമാര്‍ ഉണ്ണിയും ഉണ്ടായിരുന്നു. പണം കൊണ്ടുവന്നിട്ടുണ്ടെന്ന കാര്യം താന്‍ രാജ്കുമാര്‍ ഉണ്ണിയെയും ഉണ്ണി അത് ബാബുവിനോടും പറഞ്ഞു. മന്ത്രി പറഞ്ഞതനുസരിച്ചാണ് പണം സുരേഷ് പൈയുടെ കാബിനിലെത്തി നല്‍കിയത്.

ആകെ പത്തു കോടി രൂപയാണ് മന്ത്രി ആവശ്യപ്പെട്ടത്. ആദ്യം 50 ലക്ഷം രൂപ നല്‍കി. ബാക്കി തുക കൃഷ്ണദാസും എലഗന്‍സ് ബിനോയിയും ചേര്‍ന്ന് മന്ത്രി പറഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ചു കൊടുത്തു. പ്രതിഫലത്തിന് പകരമായി ലൈസന്‍സ് ഫീ 25 ലക്ഷമാക്കി നിജപ്പെടുത്താമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍, ഇത് 23 ലക്ഷമാക്കി കുറയ്ക്കണമെന്ന് എലഗന്‍സ് ബിനോയ് മന്ത്രിയോട് ആവശ്യപ്പെട്ടു. 2015 മാര്‍ച്ചി് 30നാണ് ബിജു രമേശ് മജിസ്‌ട്രേറ്റ് മുമ്പാകെ 164-ാം വകുപ്പു പ്രകാരം രഹസ്യമൊഴി നല്‍കിയത്. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്.

ബാബു കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് രഹസ്യമൊഴിയുടെ പകര്‍പ്പിലുള്ള കാര്യങ്ങള്‍. തനിക്കെതിരെ ബിജു രമേശ് കോടതിയിലെ രഹസ്യമൊഴിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു ബാബു ഇന്നലെ പറഞ്ഞത്. ഇത് താന്‍ പണ്ടു മുതല്‍ പറഞ്ഞുവരുന്നതാണെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നുമായിരുന്നു ബാബു പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News