തിരുവനന്തപുരം: മാണിയുടെ രാജിക്കുപിന്നാലെ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരമന്ത്രിയും ബാര്‍ കോഴയില്‍ കുരുക്കിലേക്ക്. മാണിയെ കുരുതികൊടുത്തു മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലെ സര്‍ക്കാരും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ശ്രമിച്ചതായി വ്യക്തമാകുന്ന സൂചനകള്‍ പീപ്പിള്‍ ടിവിക്കു ലഭിച്ചു. മാണിക്കെതിരേ ത്വരിതപരിശോധന നടത്തിയപ്പോള്‍ ബാബുവിനെതിരെ നടത്തിയ പ്രാഥമികാന്വേഷണം വിജിലന്‍സിന്റെ ചട്ടങ്ങളിലൊന്നും ഇല്ലാത്തതാണെന്ന വിവരമാണ് പീപ്പിള്‍ പുറത്തുവിട്ടത്.
എന്തൊക്കെ അന്വേഷണം നടത്താമെന്നു വ്യക്തമാക്കുന്ന വിജിലന്‍സ് മാന്വലില്‍ പറയാത്ത പ്രാഥമിക അന്വേഷണമാണ് ബാബുവിനെതിരേ നടത്തിയത്. ഈ അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്നു കണ്ടാണ് ബാബുവിനെതിരായ ആരോപണങ്ങള്‍ വിജിലന്‍സ് തള്ളിയത്. അതേസമയം, മാണിക്കെതിരേ നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇന്നലെ മാണി നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യത്തില്‍ സൂചനയുണ്ടായിരുന്നു. ബാബുവിനെതിരേ ഇല്ലാത്ത അന്വഷണവും എഫ്‌ഐആറും തനിക്കെതിരേയും വേണ്ടിയിരുന്നില്ലെന്നായിരുന്നു മാണിയുടെ പരാമര്‍ശം.
മന്ത്രി കെ ബാബുവിനെതിരെയും ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രിസഭയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ മാണിക്കെതിരേ ത്വരിത പരിശോധന നടക്കുമ്പോള്‍ പ്രാഥമികാന്വേഷണമായിരുന്നു ബാബുവിനെതിരെ നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യാതൊരു വിലയുമില്ലാത്തതാണ് പ്രാഥമികാന്വേഷണം എന്നു വ്യക്തമായത്. 1997-ല്‍ വിജിലന്‍സിന്റെ രീതികളില്‍നിന്നു നീക്കിയതാണ് പ്രാഥമികാന്വേഷണം. മിന്നല്‍ പരിശോധന, ത്വരിത പരിശോധന, വിജിലന്‍സ് അന്വേഷണം, രഹസ്യാന്വേഷണം എന്നിവ മാത്രമാണ് വിജിലന്‍സ് മാന്വലില്‍ പറയുന്നത്.
വിവരാവകാശനിയമപ്രകാരം നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. വിജിലന്‍സിന്റെ നടപടി ബാബുവിനെ സംരക്ഷിക്കാനായിരുന്നുവെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ ബാബുവിനെ സംരക്ഷിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നെന്നും വ്യക്തമാവുകയാണ്. ബിജു രമേശ് മാണിയുടെ രാജിയുടെ പിന്നാലെ കെ ബാബുവിനെ ലക്ഷ്യമിട്ടു നടത്തുന്ന നീക്കങ്ങള്‍ ഇതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലേക്കാണ് ആക്ഷേപങ്ങള്‍ നയിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ ശ്രമം നടത്തിയത്. ഇതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മലയാളികളോട് മറുപടി പറയേണ്ട സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post