അറ്റ്‌ലസ് രാമചന്ദ്രന് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ; 3.4 കോടി ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചെന്ന് കേസ്

ദുബായ്: വണ്ടിച്ചെക്ക് കേസില്‍ പ്രമുഖ ജ്വല്ലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രന് മൂന്നുവര്‍ഷം തടവ്. 3.4 കോടി ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയ കേസിലാണ് അറ്റലസ് രാമചന്ദ്രനെ ദുബായിലെ കോടതി തടവുശിക്ഷയ്ക്ക് വിധിച്ചത്. നിലവില്‍ ദുബായില്‍ വീട്ടുതടങ്കലിലാണ് രാമചന്ദ്രന്‍. വിധി മറികടക്കാന്‍ മേല്‍കോടതിയെ സമീപിക്കുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

രണ്ട് ചെക്കുകളാണ് ദുബായിലെ ഒരു പ്രാദേശിക ബാങ്കിന് അറ്റ്‌ലസ് രാമചന്ദ്രന്‍ നല്‍കിയിരുന്നത്. ഒരു ചെക്ക് 4 കോടി രൂപയുടേതും 30 കോടി രൂപയുടെ മറ്റൊരു ചെക്കുമായിരുന്നു നല്‍കിയിരുന്നത്. ഒരിക്കല്‍ ചെക്ക് മടങ്ങിയപ്പോള്‍ തന്നെ രാമചന്ദ്രനെ ബാങ്ക് സംഭവം അറിയിച്ചിരുന്നു. ഓഗസ്റ്റില്‍ പണം നല്‍കാമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. ഓഗസ്റ്റില്‍ തന്നെ അറസ്റ്റിലായ രാമചന്ദ്രനെ പൊലീസ് കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയായിരുന്നു. പലതവണ ജാമ്യത്തിനായി രാമചന്ദ്രന്‍ ശ്രമിച്ചെങ്കിലും എല്ലാം നിരസിക്കപ്പെട്ടു.

കോടതിയില്‍ ഹാജരാക്കിയ രാമചന്ദ്രന്‍ ചെക്കുകള്‍ താന്‍ നല്‍കിയതാണെന്നും മടങ്ങിയപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സമ്മതിച്ചു. എന്നാല്‍, അതും നടക്കാതിരുന്നതോടെയാണ് ചെക്ക് കേസില്‍ രാമചന്ദ്രന്‍ അകത്തായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here