ആപ്പിള്‍ സ്റ്റോറില്‍ വര്‍ണവെറി; കറുത്ത വര്‍ഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചു; ആപ്പിള്‍ ക്ഷമ ചോദിച്ചു

മെല്‍ബണ്‍: കറുത്ത വര്‍ഗക്കാരായതിനാല്‍ ഓസ്‌ട്രേലിയയിലെ ആപ്പിള്‍ സ്റ്റോറില്‍ ഒരുകൂട്ടം യുവാക്കള്‍ക്ക് പ്രവേശനം നിഷേധിച്ചു. കൗമാരക്കാരായ അബ്ദുലാഹി, ഗെരെംഗ്, ഇസെ, മാബിയര്‍, മൊഹമ്മദ്, പെട്രിയേജ്ഡ് എന്നിവര്‍ക്കാണ് മെല്‍ബണിലെ മാരിബൈറോംഗിലെ ആപ്പിള്‍ സ്റ്റോറില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പ്രവേശനം നിഷേധിക്കപ്പെട്ടത്. 15ഉം 16ഉം വയസ്സ് പ്രായമുള്ള കൗമാരക്കാര്‍ക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്. കുട്ടികള്‍ കറുത്ത വര്‍ഗക്കാരായതിനാല്‍ മോഷ്ടിക്കുമെന്ന് കരുതി സ്‌റ്റോറിലെ ഒരു ജീവനക്കാരനും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് ഇവരെ ഇറക്കി വിടുകയായിരുന്നു. ഇതിന്റെ വീഡിയോ എടുത്ത കുട്ടികള്‍ ഇത് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി ആപ്പിള്‍ രംഗത്തെത്തി.

ഇവരുടെ തൊലിയുടെ നിറം കറുപ്പായതിനാല്‍ അവര്‍ എന്തെങ്കിലും മോഷ്ടിക്കുമെന്ന് ജീവനക്കാരന്‍ പറയുന്നുണ്ടായിരുന്നു. ഇതും വീഡിയോ ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. ഫൂട്ടേജ് ഇതിനകം 50,000-ല്‍ അധികം തവണ കണ്ടുകഴിഞ്ഞു. എന്നാല്‍, ഞങ്ങള്‍ എന്തിന് വല്ലതും മോഷ്ടിക്കണമെന്നായി ഇവരുടെ ചോദ്യം. എന്നാല്‍, ഒന്നും പറയണ്ട, മര്യാദയ്ക്ക് കടയില്‍ നിന്ന് ഇറങ്ങണം എന്നായി ജീവനക്കാരന്‍. നിങ്ങള്‍ മോഷ്ടാക്കളാണെന്ന് ഞങ്ങള്‍ സംശയിക്കുന്നതായി ജീവനക്കാരന്‍ വ്യക്തമായി പറയുകയും ചെയ്തു. ഇതാണ് കുട്ടികളെ ഞെട്ടിച്ചത്. ഇത് വംശവെറിയാണെന്ന് കൗമാരക്കാര്‍ പറയുന്നു.

സംഭവം അന്വേഷിച്ചു വരുകയാണെന്ന് ആപ്പിള്‍ വക്താവ് അറിയിച്ചു. സ്റ്റോറില്‍ വരുകയും വിളിക്കുകയും ചെയ്യുന്ന ഏതൊരാളെയും സ്വാഗതം ചെയ്യുക എന്നതാണ് ആപ്പിളിന്റെ നയം എന്ന് വക്താക്കള്‍ അറിയിച്ചു. സമത്വത്തിലാണ് ആപ്പിള്‍ വിശ്വസിക്കുന്നത്. നിറം, പ്രായം, ലിംഗം എന്നീ വ്യത്യാസമില്ലാതെ എല്ലാവരും സമന്‍മാരായി കാണുകയാണ് ആപ്പിളിന്റെ നയമെന്നും കമ്പനി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here