ഇക്കുറിയും പതിവുതെറ്റിയാണ് ഈ യാത്ര. പലപ്പോഴും ലക്ഷ്യമുണ്ടായിരുന്നില്ല. പോകുന്നവഴിയില്‍ പുതിയ പുതിയ ദേശങ്ങളിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇത് അതുപോലെയല്ല, ഏറെക്കാലത്തെ കാത്തിരിപ്പും ആഗ്രഹവുമാണ് ഈ യാത്രയുടെ അവസാനം കാണുന്ന കാഴ്ചകള്‍. കാഴ്ചകളില്‍ ഇഴപിരിഞ്ഞുകിടക്കുന്ന ജീവിതങ്ങള്‍ തേടിയുള്ളയാത്ര. ആ ജീവിതങ്ങള്‍ നേരിട്ടറിയാനുള്ള യാത്ര. ജെറീന എഴുതിയ ഒരു മലയാളി ഹിജഡയുടെ ആത്മകഥ വായിച്ചാണു കൂവാഗത്തെക്കുറിച്ച് അറിയുന്നത്. പിന്നെ അതൊരാഗ്രഹമായി. കൂവാഗം ഫെസ്റ്റ് കാണാന്‍ പോകാന്‍ തീരുമാനിച്ചു.
നേരം പുലരുമ്പോള്‍ വിഴുപ്പുരത്തെത്തി. വലിയ തിരക്കൊന്നുമില്ലാത്ത റെയില്‍വേ സ്റ്റേഷന്‍. തറയില്‍ കിടന്നു ഉറങ്ങുന്നവരും, അലഞ്ഞു നടക്കുന്ന നായ്ക്കളും മാത്രം. ഇടത്തരം സ്റ്റേഷന്‍ ആയതിന്‍ ഒരു ചായ കുടിക്കാന്‍ പോാലും പറ്റാതെ പുറത്തേക്കിറങ്ങി. സൗകര്യങ്ങള്‍ ഇല്ലാത്ത സ്റ്റേഷന്‍ ആയിരുന്നെങ്കിലും പുലര്‍കാലത്തും യാചകര്‍ക്ക് ഒരു കുറവുമില്ല. എന്തോ വിചിത്രജീവിയെ കണ്ടതുപോലെ എന്നെ തുറിച്ചു നോക്കിയ പോലീസുകാരോട് ടാക്‌സി അന്വേഷിച്ചു. ‘ടാക്‌സിയെല്ലാ കാലയിലേ കെടക്കാതമ്മാ’ മറുപടി പറഞ്ഞ് റിക്ഷാ സ്റ്റാന്‍ഡിലേക്കു കൈ ചൂണ്ടി. ഉറങ്ങി കിടന്ന റിക്ഷാക്കാരനെ വിളിച്ചെണീപ്പിച്ചു ‘കൂവാഗം’ പോകണമെന്നു പറഞ്ഞു.
ചെറിയൊരു ഭാവവ്യത്യാസം തോന്നിയെങ്കിലും പറഞ്ഞതുക നല്‍കാമെന്നു സമ്മതിച്ചപ്പോള്‍ അണ്ണന്റെ മുഖത്ത് സൂര്യപ്രകാശം. റിക്ഷയിലിരുന്ന് ഒന്നു ഉറങ്ങി എണീറ്റപ്പോഴേക്കും വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ കൂവാഗമെത്തി. 30 കിലോമീറ്ററുകള്‍ പിന്നിട്ടത് അറിഞ്ഞതേയില്ല. ഓട്ടോക്കാരനെ പറഞ്ഞുവിട്ട് തലേന്നു രാത്രിതന്നെ അവിടെയെത്തിയ സുഹൃത്തുക്കളില്‍ ഒരാള്‍ക്കു ഫോണ്‍ ചെയ്തു. പ്രഭു ലോഡ്ജിലേക്കു നടക്കുമ്പോള്‍ വഴിയില്‍ കണ്ടുമുട്ടിയ പ്രത്യേക രൂപവും ഭാവവുമുള്ള സ്ത്രീകള്‍ എന്നെ ശ്രദ്ധിച്ചു. അതിനെക്കാളേറെ ഞാന്‍ അവരേയും.
മൂന്നു കൂട്ടുകാര്‍ ലോഡ്ജില്‍ കാത്തിരിക്കുകയായിരുന്നു. അവരില്‍ ഒരാളുടെ കൂവാഗം പരിചയമാണ് യാത്രയിലെത്തിച്ചത്. വൈകുന്നേരമാണ് ഉത്സവം. നീണ്ട യാത്രയുടെ ക്ഷീണം ഉറക്കം വിളിച്ചുവരുത്തി. ഉച്ചവരെ നീണ്ട ഉറക്കം. വിശപ്പു സൂര്യനെപ്പോലെ കത്തിയെങ്കിലും പുറത്തിറങ്ങാതെ കൈയിലുണ്ടായിരുന്ന പായ്ക്കറ്റ് ഫുഡ് കഴിച്ചു വിശപ്പകറ്റി. ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കൂവാഗം തിരക്കിലായിരുന്നു. നിറങ്ങളില്‍ ആറാടുന്ന സ്ത്രീകളും പുരുഷന്‍മാരും.
മദ്യത്തിന്റെ മണം… ചിലര്‍ക്കു പൂക്കളുടെ മണം… ഉറക്കെയുറക്കെയുള്ള സംസാരം. ചിലര്‍ റോഡിലിറങ്ങി നില്‍ക്കുന്നു. ചിലര്‍, ഒരുക്കങ്ങളില്‍. ഉത്സവത്തിനും ദിവസങ്ങള്‍ക്കു മുമ്പേ അറവാണികള്‍ കൂവാഗത്തെത്തും. അറവാണി എന്ന വാക്ക് വിളിച്ചുപോരുന്നതാണ്. അവര്‍ക്കിഷ്ടം തിരുനങ്കൈ എന്നു വിളിക്കുന്നതാണ്. പല ദേശങ്ങളില്‍നിന്ന് ഒറ്റയ്ക്കും കൂട്ടായും എത്തുന്നവര്‍. ചിലര്‍ കൂവാഗത്തു സ്ഥിരതാമസമാക്കിയവരാണ്.
വൈകിട്ട് അന്തിസൂര്യന്‍ ചാഞ്ഞുതുടങ്ങുമ്പോഴാണ് ഉത്സവം ആരംഭിക്കുക. ആറു മണി കഴിയും. കൂവാഗത്തെ കൂത്താണ്ഡവര്‍ ക്ഷേത്രവും ക്ഷേത്രത്തിലേക്കുള്ള നിരത്തുകളും ജനനിബിഡമായിക്കഴിഞ്ഞു. ഞങ്ങളും മുറിവിട്ടിറങ്ങി. മുന്‍ നിശ്ചയപ്രകാരം നാലുപേരും നാലുവഴിയിലേക്കു തിരിഞ്ഞു. കൂവാഗത്തെ അറിയുക എന്നതായിരുന്നു ലക്ഷ്യം. കുറച്ചു നടന്നപ്പോള്‍ ഒരു തിരുനങ്കയോട് പരിചയം ഭാവിച്ചു. പേരും ഊരും പറഞ്ഞു. നല്ല പെരുമാറ്റമായിരുന്നു… പക്ഷേ, പറഞ്ഞ ഒരുവാക്കുപോലും മനസിലായില്ല. കേരളത്തില്‍നിന്നാണെന്നു പറഞ്ഞപ്പോള്‍ അവരില്‍ ഒരാള്‍ തിരിച്ചു മലയാളം പറഞ്ഞു. ഇടുക്കിയിലാണ് ജനിച്ചത്. നാട്ടുകാരുടെ പരിഹാസവും ഉപദ്രവവും സഹിക്കാന്‍ വയ്യാതായപ്പോള്‍ കോയമ്പത്തൂരേക്കു വണ്ടികയറി. ഷ്ിനോദ് എന്നായിരുന്നു പേര്. ഇപ്പോള്‍ പൂജ.
ഞാന്‍ കൂവാഗത്തെ ഉത്സവത്തിനു വന്നതാണെന്നു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ തിളങ്ങി. കൂവാഗത്തെക്കുറിച്ചു പറഞ്ഞുതുടങ്ങി… ചിത്രാ പൗര്‍ണമി നാളിലാണു കൂവാഗത്തെ മംഗല്യരാത്രി. കൂവാഗത്തെ കൂത്താണ്ഡവര്‍ കോവിലിലാണ് ഉത്സവം. ഇരാവാനാ (കൂത്താണ്ടവര്‍)ണ് പ്രതിഷ്ഠ, ശില്‍പ്പ ഭംഗിയൊന്നുമില്ലാത്ത ഒരു ചെറിയ കെട്ടിടം… അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാ പൗര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു.
ഓരോ മൂന്നാംലിംഗക്കാരിയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നതാണ് കൂവാഗംഫെസ്റ്റായി ഇന്ന് ആഘോഷിക്കുന്നത്. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന പുരുഷാംഗനമാര്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് ‘വധു’ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്. സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.
ഒരുപാട് സംസാരിക്കാന്‍ സമയം ഇല്ലാത്തതുകൊണ്ട് പൂജച്ചേച്ചി തിരക്കിലേക്ക് കൂട്ടുകാര്‍ക്കൊപ്പം ഓടിപ്പോയി. സന്ധ്യ മയങ്ങിയപ്പോള്‍ താലികെട്ടാനുള്ളവരുടെ തിരക്ക് തുടങ്ങി. വലിയ തിരക്കായതിനാല്‍ അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ കയറി നിന്നു. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകള്‍ നന്നായി കാണാമായിരുന്നു. ഓരോ നിമിഷവും ആള്‍ത്തിരക്കേറിവന്നു. താലി കെട്ടാനും ആദ്യരാത്രിപങ്കിടാനുമുള്ള തിരക്ക്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാഴ്ച്ച. അന്നുരാത്രി കൂത്താണ്ഡവര്‍ കോവിലിനു ചുറ്റുമുള്ള വയലേലകളും മരച്ചുവടുകളും ‘ദമ്പതി’മാരുടെ രതിക്രീഡകളെ പ്രതീകവല്‍കരിക്കും.
അവിടുന്നു താഴെ വന്നു നേരെ ആഞ്ജനേയ മാര്യേജ് ഹാളിലെത്തി. അവിടെ വേദിയില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും. പുരുഷാംഗനമാരുടെ പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയാണ്. ഹാളില്‍ കയറാന്‍ കഴിയാതെ പുറത്ത് നില്‍ക്കുന്ന ചാനല്‍ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും. അവരുടെ ആചാരങ്ങളിലും രീതികളിലുമുള്ള പ്രസംഗവും തീരുമാനങ്ങളും അവസാനം. പുരുഷാംഗന കലാകാരന്മാരുടെ പാട്ടും നൃത്തവും സൌന്ദര്യമത്സര്യവും. കാഴ്ച്ചകളെല്ലാം കണ്ടു റൂമിലെത്തി, തിക്കും തിരക്കും ആയതിന്‍ നല്ല ക്ഷീണം ഉണ്ടായിരുന്നു. സംസാരിച്ചു കിടന്ന് എപ്പോഴോ ഉറങ്ങി.
പിറ്റേദിവസം രാവിലെ എണീറ്റു റെഡിയായി. വെള്ളം മാത്രം കുടിച്ചു പുറത്തിറങ്ങി. അന്ന് ഉച്ചവരെയാണ് ആഘോഷങ്ങള്‍. കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണെന്നു സങ്കല്‍പ്പിക്കുന്ന ദിവസം. കരയാന്‍ വേണ്ടി മാത്രം ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ ‘അളുവ്‌കൊള’ എന്ന സ്ഥലമുണ്ട്. അവിടേയ്ക്കു നോക്കികാണാവുന്ന ദൂരെ ഞങ്ങള്‍ ചടങ്ങു കാണാന്‍ വേണ്ടി നിന്നു. പുരുഷാംഗനമാര്‍ കൂട്ടം കൂട്ടമായി കരഞ്ഞുകൊണ്ട് വന്നുതുടങ്ങി. ഒരു പക്ഷേ, ആ ദിവസമായിരിക്കും അവരൊക്കെ എല്ലാ സങ്കടങ്ങളും കരഞ്ഞു തീര്‍ക്കുന്നത്. ചടങ്ങുകള്‍ ആരംഭിച്ചു, താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന് അവകാശപ്പെട്ടതാണ്. മഞ്ഞക്കയറുകള്‍ പൂജാരി തൊട്ടടുത്ത ചെടിയില്‍ ഇട്ടുവയ്ക്കും. വിധവകളായവര്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും. സ്ത്രീകളെപ്പോലെയും പുരുഷന്മാരെപ്പോലെയും കരയുന്നവര്‍.ആരോ പറഞ്ഞതുപോലെ എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികള്‍.
തിരിച്ചു പോകാനുള്ള സമയമായതിനാല്‍ തിരിച്ചു നടന്നുതുടങ്ങി. വഴിയില്‍ അലങ്കാരങ്ങളും, വഴിയുടെ ഇരു വശത്തും കച്ചവടക്കാരും. ഒരു സ്വപ്ന ലോകത്തിലെന്നപോലെ നടക്കുകയായിരുന്നു ഞാന്‍. എനിയ്ക്കു മാത്രമാണോ അങ്ങനെ തോന്നിയതെന്ന് അറിയില്ല. കൂടെയുള്ളവരോട് അവരുടെ മനസില്‍ എന്താന്നു ചോദിക്കാനും തോന്നിയില്ല. തിരക്കുകളില്‍ നടന്നുനീങ്ങുന്ന അവരൊക്കെ വലിയ സന്തോഷത്തിലും എന്തൊക്കെയോ പറയുകയും ചെയ്യുകയുമായിരുന്നു. ഞങ്ങളെയൊന്നും ശ്രദ്ധിക്കാന്‍ പോലും അവര്‍ക്കൊന്നും സമയമില്ലായിരുന്നു.
റൂമിലെത്തിയപ്പോള്‍ അവരെ കുറിച്ച് ഓര്‍ത്തു, യാത്രകളില്‍ കൈ കൊട്ടിപ്പാടി ശല്യക്കാരായി എത്തുന്ന പുരുഷാംഗനെ മാത്രമേ നമുക്കറിയൂ, പേടിപ്പെടുത്തുന്ന, എതിര്‍ത്താല്‍ ചീത്ത പറയുന്ന, ഉപദ്രവിക്കാന്‍ പോലും മടിയില്ലാത്ത ഹിജഡകള്‍ എന്നു നമ്മള്‍ അവരെ മുദ്രകുത്തി. സമൂഹത്തിന്റെ അവഗണന മാത്രം ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവര്‍. എല്ലാ സ്‌ത്രൈണതയും ഏറ്റുവാങ്ങിയ, ഒരിക്കലും പ്രസവിക്കാന്‍ കഴിയാത്ത, അമ്മ എന്ന സ്ഥാനം വെറും സ്വപ്നം മാത്രമായി ഒതുക്കേണ്ടി വരുന്നവര്‍. എല്ലാ വിശേഷ ദിവസങ്ങളും ആഘോഷിക്കുന്ന നമുക്ക് ചിലപ്പോള്‍ അവരുടെ ഈ ആഘോഷത്തിന്റെ പ്രാധാന്യം കൂടുതല്‍ മനസിലാവില്ല.
വെറുക്കപ്പെട്ടവരായി അലഞ്ഞു നടന്നു കിട്ടുന്ന പണമൊക്കെ കൂട്ടി വച്ച്, വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന സന്തോഷത്തിന്റെ ഈ ഒരു ദിവസത്തിനായി പല ദേശങ്ങളില്‍ നിന്ന് എല്ലാവരും ഇവിടെയെത്തുന്നു. എന്തൊരു ജീവിതമാണ്… ഒരു രാത്രി എവിടെ നോക്കിയാലും ചിരിയും, കളിയും, മേളവും… എല്ലാം കഴിഞ്ഞു വെളുക്കുമ്പോള്‍ ദുഃഖം ഏറ്റു വാങ്ങി വീണ്ടും
ഇരുള്‍ നിറഞ്ഞ ലോകത്തേക്കു മടങ്ങുന്നു… എല്ലാവരും തിരിച്ചു പോകാന്‍ ഒരുങ്ങി. ഇറങ്ങുമ്പോള്‍ പൂജ അക്കയെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ആ തിരക്കിനിടയില്‍ എങ്ങനെ കാണാന്‍… കൂവാഗത്തെക്കുറിച്ച് അക്ഷരങ്ങളിലൂടെ മോഹിപ്പിച്ച ജെറീനയ്ക്ക് നന്ദി പറഞ്ഞ് ഉളുന്ദുര്‍പേട്ടയിലേക്കുള്ള ബസ് കാത്ത് ഞങ്ങള്‍ നാലുപേരും നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here