ലണ്ടൻ: തീവ്രവാദം വളർത്തുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്നും മോഡി ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
പ്രതിരോധമുൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയും ബ്രിട്ടനും സഹകരിക്കുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പറഞ്ഞു. ഐക്യരാഷ്ട്ര രക്ഷസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബ്രിട്ടൻ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിൽ അസഹിഷ്ണുത അനുവദിക്കില്ലെന്നും മോഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഖ്യം ഇരുരാജ്യങ്ങൾക്കും ലോകത്തിനും മാനവികതയ്ക്കും ഫലപ്രദമാകുമെന്നും മോഡി പ്രത്യാശ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും ആണവ കരാറിലും ഒപ്പുവച്ചു.
അതേസമയം, മോഡിയുടെ സന്ദർശനത്തിനെതിരെ പാർലമെന്റ് കെട്ടിടത്തിന് പുറത്ത് വൻപ്രതിഷേധമാണ് ഉയരുന്നത്. ആവാസ് നെറ്റ്‌വർക് എന്ന സംഘടനയാണ് പ്രതിഷേധത്തിന് പിന്നിൽ. രാജ്യത്തിന്റെ മതേതര, ജനാധിപത്യ ചട്ടക്കൂടിനെ പിച്ചിച്ചീന്തുന്ന ഏകാധിപത്യ അജണ്ട നടപ്പാക്കുകയുമാണ് മോഡിയെന്ന് ഇവർ ആരോപിക്കുന്നു.
മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് മോഡി ബ്രിട്ടനിലെത്തിയത്. സാമ്പത്തികം, പ്രതിരോധം, സുരക്ഷ, ഊർജം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കാനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. മോഡിയുടെ ബ്രിട്ടൻ സന്ദർശനത്തിൽ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധം കൂടുതൽ ദൃഢമാക്കാൻ സന്ദർശനം സഹായിക്കുമെന്നും കാമറൂൺ പ്രതികരിച്ചു. വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ പ്രവാസി ഇന്ത്യക്കാർ മോഡിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ 60,000 പേർ പങ്കെടുക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post