ജിഹാദി ജോൺ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഐഎസ് കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി

വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ജിഹാദി ജോൺ എന്ന മുഹമ്മദ് എംവാസി കൊല്ലപ്പെട്ടെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ. സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ജോൺ കൊല്ലപ്പെട്ടതെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പെന്റഗൺ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടത്തിയ കാര്യം പെന്റഗൺ പ്രസ് സെക്രട്ടറി പീറ്റർ കുക്ക് സ്ഥിരീകരിച്ചിരുന്നു.

ജോൺ യാത്ര ചെയ്യുകയായിരുന്ന വാഹനം ആളില്ലാ യുദ്ധവിമാനം തകർക്കുകയായിരുന്നുവെന്നും വ്യാഴാഴ്ച്ച രാത്രിയാണ് സംഭവമെന്നും എബിസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം മുതലാണ് ഐഎസ് കേന്ദ്രമായ റാഖ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയത്.

ഐഎസിന്റെ കൊലപാതക പരമ്പര വീഡിയോകളിലൂടെയാണ് ജോൺ കുപ്രസിദ്ധനായത്. അമേരിക്കൻ മാധ്യമപ്രവർത്തകരായ സ്റ്റീവൻ സോട്ട്‌ലോഫ്, ജയിംസ് ഫോളി, സന്നദ്ധ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ കാസിംഗ്, ബ്രിട്ടീഷ് സന്നദ്ധ പ്രവർത്തകൻ ഡേവിഡ് ഹെയ്‌നസ്, അലൻ ഹെന്നിംഗ്, ജാപ്പനീസ് മാധ്യമപ്രവർത്തകൻ കെൻജി ഗോട്ടോ തുടങ്ങിയവരെ കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോയിലാണ് ജോൺ പ്രത്യക്ഷപ്പെട്ടിരുന്നത്.

ലണ്ടനിൽ കമ്പ്യൂട്ടർ പ്രോഗമറായിരുന്നു മുഹമ്മദ് എംവാസി. ഇറാഖ് വംശജരായ മാതാപിതാക്കളുടെ മകനായി കുവൈത്തിലായിരുന്നു എംവാസിയുടെ ജനനം. പിന്നീട് 1993ൽ ബ്രിട്ടനിലേക്ക് താമസം മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News