സര്‍ക്കാരിന് കടുത്തഭാഷയില്‍ മറുപടി നല്‍കി ജേക്കബ് തോമസ്; മറുപടി ക്രമപ്രകാരമാണോ എന്ന് പരിശോധിക്കാന്‍ ടിപി സെന്‍കുമാറിന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം; ജേക്കബ് തോമസ് – ചെന്നിത്തല രഹസ്യ കൂടിക്കാഴ്ച

തിരുവനന്തപുരം: സര്‍ക്കാരിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ജേക്കബ് തോമസ് ഐപിഎസ്. ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസ് മറുപടി നല്‍കിയത്. ജേക്കബ് തോമസിന്റെ മറുപടി അതീവ രഹസ്യമായി സൂക്ഷിക്കണം എന്നാണ് ചീഫ് സെക്രട്ടറി ഓഫീസിന് നല്‍കിയ നിര്‍ദ്ദേശം.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനം വിളിച്ച വിഷയത്തിലാണ് ജേക്കബ് തോമസിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയത്. ജോലിക്ക് വേണ്ടി ജീവിക്കണോ. വകുപ്പ് മേധാവി എന്ന നിര്‍വചനമുള്ള തനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലെങ്കിലും വാര്‍ത്താസമ്മേളനം നടത്താമെന്നും ജേക്കബ് തോമസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തന്നെ മുമ്പ് പുറത്തിറക്കിയ മാര്‍ഗരേഖയും മറുപടിയോടൊപ്പം ജേക്കബ് തോമസ് നല്‍കിയിട്ടുണ്ട്.

ഐപിഎസ് ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണമെന്ന് കാട്ടി ഡിജിപി സെന്‍കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഖിലേന്ത്യാ സര്‍വീസ് റൂള്‍ തന്നെയാണ് ജേക്കബ് തോമസും ആയുധമാക്കുന്നത്. അഖിലേന്ത്യാ സര്‍വീസ് റൂളിന്റെ 14, 16 വകുപ്പുകള്‍ പ്രകാരം വാര്‍ത്താ സമ്മേളനം വിളിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ജേക്കബ് തോമസ് പറയുന്നു. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് 77 ഫ്ളാറ്റുകളുടെ
അനുമതി നിഷേധിച്ചത്. അത് ശരിയാണെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു. പൊതുജന സേവകന്‍ എന്ന നിലയില്‍ അത് തന്റെ കടമയാണെന്നും ജേക്കബ് തോമസ് പറയുന്നു.

ഇനിയും സത്യത്തിന് വേണ്ടി നിലകൊള്ളും. നീതിക്ക് വേണ്ടി പോരാടും. ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിലാണ് താന്‍ എന്നും ജേക്കബ് തോമസ് മറുപടിയില്‍ വ്യക്തമാക്കുന്നു. ജേക്കബ് തോമസിന്റെ മറുപടി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ഡിജിപി ടിപി സെന്‍കുമാറിനെ ചുമതലപ്പെടുത്തി. ക്രമപ്രകാരമാണോ എന്നാണ് ഡിജിപി പരിശോധിക്കുക.

മറുപടി നല്‍കിയ പശ്ചാത്തലത്തില്‍ ഡിജിപി ജേക്കബ് തോമസും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. രാവിലെ ആഭ്യന്തരമന്ത്രിയുടെ ചേംബറില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ജേക്കബ് തോമസ് നല്‍കിയ മറുപടി തൃപ്തികരമല്ലെങ്കില്‍ ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യക സമിതി രൂപീകരിക്കും. ഈ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാവും ജേക്കബ് തോമസിനെതിരായ തുടര്‍നടപടി സ്വീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News