പൊലീസ് ജോലി വാഗദാനം ചെയ്ത് തട്ടിപ്പ്: ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുമായി പ്രതി ശരണ്യ; കായംകുളം ഡിവൈഎസ്പി മര്‍ദ്ദിച്ചു; തൃക്കുന്നപ്പുഴ എസ്‌ഐ പീഡിപ്പിച്ചുവെന്നും പ്രതി

ആലപ്പുഴ: ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുമായി പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി. ആഭ്യന്തരമന്ത്രിയുടെ ഓഫീസാണ് തനിക്ക് എല്ലാ സഹായവും ചെയ്തതെന്ന് പ്രതി ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ തന്നെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചതായും ശരണ്യ പറഞ്ഞു.

ആഭ്യന്തര മന്ത്രി ഉള്‍പ്പടെയുള്ളവരുമായി ബന്ധമുണ്ടെന്നാണ് പ്രതിയുടെ വാദം. ആഭ്യന്തരമന്ത്രിയുമായും ഓഫീസുമായും അടുത്ത ബന്ധമുണ്ടെന്ന് പ്രതി ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഓഫീസിലെ ചില ജീവനക്കാര്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും ശരണ്യ പറഞ്ഞു. വ്യാജ നിയമന ഉത്തരവ് നല്‍കാന്‍ ഉപയോഗിച്ച സീലും ലെറ്റര്‍ പാഡും യഥാര്‍ത്ഥമാണെന്ന് പ്രതി ശരണ്യ പറഞ്ഞു.

ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാരാണ് ഇത് തനിക്ക് നല്‍കിയതെന്നും ശരണ്യ മാധ്യമങ്ങളോട് വ്യക്തമാക്കി. മൊഴി മാറ്റണം എന്നാവശ്യപ്പെട്ട് കായംകുളം ഡിവൈഎസ്പി കസ്്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു. പൊലീസ് കസ്റ്റഡിയില്‍വെച്ച് തൃക്കുന്നപ്പുഴ എസ്‌ഐ ലൈംഗികമായി ഉപയോഗിച്ചു എന്നും ശരണ്യ പറഞ്ഞു. ഇത് സംബന്ധിച്ച് ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കി. ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെയും പ്രധാന പ്രതി ശരണ്യ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതായാണ് വിവരം.

ആലപ്പുഴ ജില്ലയിലെ പ്രമുഖ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പാണ് ശരണ്യ നടത്തിയത്. പൊലീസില്‍ വിവിധ തസ്തികകളില്‍ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. നൂറോളം പേരെയാണ് ശരണ്യ തട്ടിപ്പിനിരയായത്. ഒരുലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ പ്രതി ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് വാങ്ങി.

ആലപ്പുഴ എസ്പി ഓഫീസിലെ ജീവനക്കാരി എന്നു പരിചയപ്പെടുത്തിയാണ് ശരണ്യ തട്ടിപ്പ് നടത്തിയത്. മന്ത്രി ഉള്‍പ്പടെയുള്ള ഉന്നതരുമായി അടുത്ത ബന്ധം ഉണ്ടെന്നും പ്രതി ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചു. തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കി.

പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഒരാഴ്ച മുന്‍പ് പൊലീസ് ശരണ്യയെ അറസ്റ്റ് ചെയ്തത്. ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി യില്‍ ശരണ്യയെ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here