പ്രിഥ്വിരാജിന്റെ ടിയാനില്‍ ആസിഫ് അലി ഇല്ല; ഊഹാപോഹങ്ങള്‍ നിഷേധിച്ച് ആസിഫ്

കൊച്ചി: പ്രിഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ടിയാനില്‍ അഭിനയിക്കുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആസിഫ് അലി. പ്രിഥ്വിരാജും ആസിഫ് അലിയും ടിയാനില്‍ വീണ്ടും ഒന്നിച്ചേക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു.  എന്നാല്‍, ഈ വാര്‍ത്തകളാണ് ആസിഫ് നിഷേധിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരിക്കലും താന്‍ കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആസിഫ് വ്യക്തമാക്കി. നിലവില്‍ രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് താന്‍ കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്ന് ആസിഫ് പറഞ്ഞു.
ഇതല്ലാതെ മറ്റു ചില ചിത്രങ്ങളിലും തന്റെ പേരു പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍, താന്‍ അഭിനയിക്കുന്നില്ലെന്നും ആസിഫ് അറിയിച്ചു. സപ്തമശ്രീ തസ്‌കരാഹയിലാണ് ഇതിനു മുമ്പ് ആസിഫും പ്രിഥ്വിരാജും ഒന്നിച്ച് അഭിനയിച്ചത്. പ്രിഥ്വിരാജ് നിര്‍മിക്കുന്ന അനുരാഗ കരിക്കിന്‍ വെള്ളത്തിലും ആസിഫ് അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഇന്ദ്രജിത്തും പ്രിഥ്വിരാജുമാണ് ടിയാനില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാഞ്ചി ഒരുക്കിയ കൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രത്തിന് വേണ്ടി കുംഭമേള ഇതിനകം തന്നെ ചിത്രീകരിച്ചിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാകും. മുംബൈ, പൂനെ, ബദരിനാഥ്, മനാലി തുടങ്ങിയവയാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ മുരളി ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here