പാരിസ് ഭീകരാക്രമണം; ചാവേറുകളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു; ഫ്രഞ്ച് പൗരന്റെ ബന്ധുക്കള്‍ പൊലീസ് കസ്റ്റഡിയില്‍; ചാവേറുകളിലൊരാള്‍ പതിനഞ്ചുകാരനെന്നും സൂചന

പാരിസ്: പാരിസ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫ്രഞ്ച് പൊലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട് ചാവേറുകളിലൊരാള്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഫ്രഞ്ച് പൗരനാണെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. വിരലടയാള പരിശോധനയിലൂടെയാണ് ഇസ്മായില്‍ ഒമര്‍ മുസ്തഫ എന്നയാളെ തിരിച്ചറിഞ്ഞത്. ഇയാളുടെ പിതാവും സഹോദരനും പൊലീസ് കസ്റ്റഡിയിലാണ്. വര്‍ഷങ്ങളായി ഇസ്മായിലുമായി ബന്ധമില്ലെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാമത്തെയാളുടെ പേര് അബ്ദുല്‍ അഖ്ബക്ക് എന്നാണ്. ഇയാളെ സംബന്ധിച്ച മറ്റു വിവരങ്ങളെന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ കൈവശത്ത് നിന്ന് ഒരു സിറിയന്‍ പാസ്‌പോര്‍ട്ടും ഒരു ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മൂന്നിന് ലെറോസ് ദ്വീപ് വഴി അഭയാര്‍ഥികളുടെ കൂട്ടത്തിലാണ് സിറിയന്‍ സ്വദേശി യൂറോപ്പില്‍ എത്തിയതെന്ന് ഗ്രീസ് ആഭ്യന്തരവകുപ്പ് സഹമന്ത്രി നിക്കോസ് ടോസ്‌കസ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയത്ത് മൂന്നു പേര്‍ അറസ്റ്റിലായെന്നും സൂചനയുണ്ട്. ആക്രമണസാധ്യത കണക്കിലെടുത്ത് ഈഫല്‍ ടവറും മറ്റു പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഭീകരരുടെ സംഘത്തിലെ ഒരാള്‍ പതിനഞ്ചുകാരനായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സിറിയയിലെ ഫ്രഞ്ച് ഇടപെടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണങ്ങള്‍ തുടരുമെന്ന് ഐഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു പേര്‍ മൂന്നു സംഘമായെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അക്രമത്തില്‍ ഉള്‍പ്പെട്ട എട്ടു ഭീകരരെയും സുരക്ഷാസേന വധിച്ചു. മൂന്നുപേര്‍ ചാവേര്‍ ബോംബുകളായി പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ അറിയിച്ചിരുന്നു. ആക്രമണം ആസൂത്രണം ചെയ്തത് രാജ്യത്തിന് പുറത്തുവച്ചാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തില്‍ ഇതുവരെ 129 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങള്‍. പാരിസ് കണ്‍സര്‍ട്ട് ഹാളിലുണ്ടായ വെടിവയ്പ്പിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 100 പേര്‍ ഇവിടെ മാത്രം കൊല്ലപ്പെട്ടതായാണ് സൂചന. മറ്റിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലാണ് 40ല്‍ ഏറെ പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News