ബിജെപിയുടെ പരാജയം മതേതരത്വത്തിന്റെ വിജയം; ഇന്ത്യ മതേതര പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കുന്ന നാടാണെന്ന് ദലൈ ലാമ

ജലന്ധര്‍: സംഘപരിവാറിനും ബിജെപിക്കും എതിരെ വിമര്‍ശനവുമായി ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ. ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത് സമാധാനവും അഹിംസയുമാണ്. ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളും ആഗ്രഹിക്കുന്നത് സമാധാനമാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ഇതാണെന്നും ദലൈലാമ പറഞ്ഞു.

ഇന്ത്യയ്ക്ക് സമാധാനത്തിന്റെയും സമത്വത്തിന്റെയും ദീര്‍ഘമായ പാരമ്പര്യമുണ്ട്. ഇത് നിലനില്‍ക്കണം എന്നാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും ദലൈലാമ പറഞ്ഞു. മതപരമായ സഹിഷ്ണുത നിലനില്‍ക്കുന്ന രാജ്യമായാണ് ഇന്ത്യയെ ലോകമറിയുന്നത്. എല്ലാ മതങ്ങള്‍ക്കും വ്യക്തികള്‍ക്കും തുല്യപരിഗണനയാണ് നല്‍കുന്നത്. മതങ്ങളെ മാത്രമല്ല ജനങ്ങളെയും ആദരിക്കുന്നതാണ് മതപരമായ സഹിഷ്ണുതയെന്നും ദലൈലാമ പറഞ്ഞു.

സമാധാനത്തിന്റെ അന്തരീക്ഷം ആദ്യം സ്വന്തം കുടുംബങ്ങളില്‍നിന്ന് തുടങ്ങണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മതമൈത്രിയാണ് പഠിപ്പിക്കേണ്ടത്. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ദലൈലാമ പറഞ്ഞു. ബഹുസ്വരതയുടെയും വൈവിദ്ധ്യത്തിന്റെയും കാര്യത്തില്‍ ഇന്ത്യ ലോകത്തിനു തന്നെ മാതൃകയാണ്. ചില അസഹിഷ്ണുതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ എക്കാലവും മതേതര പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കുന്ന നാടാണെന്നും ദലൈ ലാമ പറഞ്ഞു.

ഭിന്നിപ്പുണ്ടാക്കാനല്ല മറിച്ച് ജനസേവനത്തിലായിരിക്കണം രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മറ്റ് മതസ്ഥരെ അംഗീകരിക്കുന്നതോടൊപ്പം തന്നെ മത വിശ്വാസം ഇല്ലാത്തവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ മതേതരത്വം. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് എതിരെയുള്ള പരോക്ഷ വിമര്‍ശനം കൂടിയാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് പരാമര്‍ശിച്ചു കൊണ്ടുള്ള ടിബറ്റന്‍ ആത്മീയ ആചാര്യന്റെ വാക്കുകള്‍. ജലന്ധറില്‍ ഒരു പൊതുപരിപാടിക്കിടെയാണ് മാധ്യമപ്രവര്‍ത്തകരോട് ദലൈലാമയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News