നാട്ടുകാരുടെ പോക്കറ്റില്‍ കൈയിട്ട് സ്വച്ഛ്ഭാരത്; 3800 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ സെസ്

ദില്ലി: സ്വച്ഛ്ഭാരത് പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്കു സെസ് ഇടാക്കിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിക്കായി 3800 കോടി രൂപ സമാഹരിക്കാനാണ് ഫോണ്‍, റെയില്‍, ഹോട്ടല്‍ തുടങ്ങി ഒട്ടുമിക്ക സേവനമേഖലകളിലും അര ശതമാനം സെസ് ഏര്‍പ്പെടുത്തിയത്.

നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ചിനു മുമ്പ് ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. ഇതോടെ വിവിധ സേവനങ്ങളുടെ നികുതി പതിനാലില്‍നിന്ന് പതിനാലര ശതമാനമായി ഉയരും. ഒരു വര്‍ഷത്തിനുള്ളില്‍ മൊത്തത്തില്‍ പതിനായിരം കോടി രൂപ സ്വച്്ഛഭാരതിനായി സമാഹരിക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്ര റെവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു.

ഹോട്ടല്‍ ബില്ലില്‍ സേവനനികുതി 5.6 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമാകും. എയര്‍ കണ്ടീഷന്‍ ചെയ്ത ഹോട്ടലുകളില്‍ മൊത്തെം ബില്ലിന്റെ നാല്‍പതു ശതമാനം തുകയ്ക്ക് 0.5 ശതമാനമാണ് നികുതി വര്‍ധിക്കുക. നൂറു രൂപയുടെ സേവനങ്ങള്‍ക്ക് അമ്പതു പൈസ എന്ന നിലയിലായിരിക്കും അധിക നികുതി. കഴിഞ്ഞ ബജറ്റില്‍ സ്വച്ഛഭാരത് സെസ് രണ്ടു ശതമാനം വരെയാകാമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ സെസ് ഇനിയും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News