ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് യെച്ചുരി; സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ കൊല്‍ക്കത്ത പ്ലീനത്തില്‍

ദില്ലി: പശ്ചിമബംഗാളില്‍ ബിജെപി – തൃണമുല്‍ രഹസ്യ ധാരണയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണത്തിന്റെ തണലില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണം. ജനങ്ങളുടെ സുരക്ഷിതത്വം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. നൂറുകണക്കിന് ഇടതു പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സാഹചര്യമാണ് ബംഗാളില്‍ എന്നും യെച്ചൂരി പറഞ്ഞു. ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഡിസംബര്‍ അവസാനവാരം കൊല്‍ക്കത്തയില്‍ ചേരുന്ന സംഘടനാ പ്ലീനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഡിസംബര്‍ 27മുതല്‍ 31വരെ കൊല്‍ക്കത്തയില്‍ ചേരുന്ന പാര്‍ട്ടിപ്ലീനത്തിന്റെ പ്രചരണ പരിപാടികള്‍ മമതാ ബാനര്‍ജി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയുള്ള പ്രതിഷേധം കൂടിയാക്കി മാറ്റാനാണ് സിപിഐഎം പശ്ചിമ ബംഗാള്‍ ഘടകം തയ്യാറെടുക്കുന്നത്. തൃണമുല്‍ ആക്രമണം, വര്‍ഗ്ഗീയത, വിലക്കയറ്റം തുടങ്ങിയവയ്‌ക്കെതിരായ ബംഗാള്‍ ജനതയുടെ ജനകീയ മുന്നേറ്റമായിരിക്കും പ്ലീനത്തിന്റെ പ്രചരണ പരിപാടികളെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പറഞ്ഞു.

കൊല്‍ക്കത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് പരേഡ് മൈതാനത്ത് 10 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ബഹുജന റാലിയോട് കൂടിയാണ് പ്ലീനത്തിന് തുടക്കമാകുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 436 പ്രതിനിധികള്‍ പ്ലീനത്തില്‍ പങ്കെടുക്കും. കൊല്‍ക്കത്ത പ്ലീനത്തില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളുണ്ടാകും. പാര്‍ട്ടി നയം ജനങ്ങളിലെത്തിക്കാനുള്ള സംഘടനാ സംവിധാനമുണ്ടാക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചു ചര്‍ച്ച ചെയ്തിട്ടില്ലെന്നും യെച്ചുരി പറഞ്ഞു.

ഡിസംബര്‍ 27 മുതല്‍ 31 വരെ കൊല്‍ക്കത്തയിലാണ് പ്ലീനം.പ്ലീനത്തിന്റ ലോഗോ സീതാറാം യെച്ചൂരി ബംഗാളില്‍ നിന്നുള്ള പി ബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലീം, ബിമല്‍ ബസു എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. സംഘടനാ റിപ്പോര്‍ട്ടും സംഘടനാ പ്രമേയവുമാണ് പ്ലീനത്തില്‍ അവതരിപ്പിക്കുന്ന പ്രധാന രേഖകള്‍. ദില്ലിയില്‍ ചേരുന്ന കേന്ദ്രകമ്മറ്റി യോഗം സംഘടനാ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും.

CPIM-Plenum

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here