റോഡിലെ കുഴി കണ്ടാല്‍ നോക്കിനില്‍ക്കാന്‍ മാത്രം അറിയാവുന്ന നമ്മുടെ നാട്ടിലെ പൊലീസുകാര്‍ കണ്ടുപഠിക്ക്; മഴയില്‍ തകര്‍ന്ന ചെന്നൈയിലെ റോഡുകളില്‍ കുഴിയടച്ച് ‘കാവല്‍’ക്കാര്‍

ചെന്നൈ: നമ്മുടെ നാട്ടില്‍ റോഡില്‍ ഒരു കുഴി കണ്ടാല്‍ തൊട്ടപ്പുറത്തുനിന്ന് നോക്കിനില്‍ക്കുന്നവരേറെയാണ്. അവരില്‍ പൊലീസുകാരും കാണും. ചെന്നൈയിലെ പൊലീസുകാരെ കണ്ടു നമ്മള്‍ മലയാളികള്‍ പഠിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ ചെന്നൈ നഗരത്തെ മുക്കിയ കനത്ത മഴയില്‍ തകര്‍ന്ന റോഡുകളിലെ കുഴികളില്‍ കല്ലും മണ്ണുമിട്ട് അടച്ചാണ് പൊലീസുകാര്‍ മാതൃകയായത്.

ആരുടെയും നിര്‍ദേശപ്രകാരമല്ല, പൊലീസുകാര്‍ കുഴിയടയ്ക്കാന്‍ തയാറായത്. കെ ജി റോഡിലാണ് കൂടൂതല്‍ പൊലീസുകാര്‍ കര്‍മനിരതരായത്. കുഴികള്‍ മൂലം ഗതാഗതം തടസപ്പെടുകയും ഗതാഗതക്കുരുക്കു രൂക്ഷമാവുകയും ചെയ്തപ്പോള്‍ റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ സമീപത്തുനിന്നു മണ്ണും കല്ലും എത്തിച്ചു കുഴികള്‍ അടച്ചു. തൊട്ടുപിന്നാലെ മറ്റു റോഡുകളിലും പൊലീസുകാര്‍ ഇതേ മാതൃക പിന്തുടര്‍ന്നു.

ചിലയിടങ്ങളില്‍ പൊലീസുകാര്‍ മറ്റിടങ്ങളില്‍നിന്നു കല്ലും മണ്ണും എത്തിച്ചാണ് റോഡിലെ കുഴികള്‍ അടച്ചത്. ഒരാഴ്ച തുടര്‍ന്ന മഴയില്‍ ചെന്നൈയിലെ ജനജീവിതം സ്തംഭിച്ചിരുന്നു. അമ്പത്തഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here