പത്തനംതിട്ട: ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം സംസ്ഥാനത്തും രാഷ്ട്രീയ മാറ്റത്തിനു സാധ്യതയുണ്ടെന്ന് എം പി വീരേന്ദ്രകുമാറിന് പിന്നാലെ വര്‍ഗീസ് ജോര്‍ജും. പീപ്പിള്‍ ടിവിയോടാണ് വര്‍ഗീസ് ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു പാര്‍ട്ടി അടവ് നയമാണു സ്വീകരിച്ചതെന്നും വര്‍ഗീസ് ജോര്‍ജ് വെളിപ്പെടുത്തി.
യുഡിഎഫ് സീറ്റ് വിഭജനത്തിലെ പോരായ്മയാണ് പാര്‍ട്ടി അടവുനയം സ്വീകരിക്കാന്‍ കാരണം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വലിയ നേട്ടം ഉണ്ടാക്കാന്‍ ആവില്ലെന്ന് മനസിലാക്കിയിരുന്നു. മലപ്പുറത്ത് ലീഗുമായുള്ള കോണ്‍ഗ്രസിന്റെ തര്‍ക്കം തിരിച്ചടി ഉണ്ടാക്കി. ദേശീയ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാക്കുമെന്ന സൂചന നല്‍കിയാണ് വര്‍ഗീസ് ജോര്‍ജ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയ ജനതാദളിന് അത് വലിയ നഷ്ട്ടം ഉണ്ടാക്കിയെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അവഗണിച്ച യുഡിഎഫ് നേതൃത്വം തദ്ദേശ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചു. അടുത്തു തന്നെ ജെഡിയു ഇടതു പാളയത്തിലേക്ക് എത്തുമെന്ന സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്. അതെ സമയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജെഡിയുവിനെ ഇടതുമുന്നണിയിലേക്കു സ്വാഗതം ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here