സെമി സാധ്യത നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റിനെതിരായ ജയം നാല് ഗോളുകള്‍ക്ക്; ആശ്വാസഗോള്‍ വെലസിന്റെ വക; കളിക്കിടെ കയ്യാങ്കളിയും

ഗുവാഹത്തി: ഐഎസ്എല്‍ ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. കളിയുടെ ഒന്നാം മിനുട്ടില്‍ ക്രിസ് ഡാഗ്‌നലിന്റെ ആദ്യ ഗോളോടെ ബ്ലാസ്‌റ്റേഴ്‌സ് കളി തുടങ്ങി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ ചുവടുറപ്പിക്കുന്നതിന് മുന്‍പായിരുന്നു ഡാഗ്‌നലിന്റെ ഗോള്‍. അന്റോണിയോ ജര്‍മന്‍ നല്‍കിയ പന്ത് ഡാഗ്നല്‍ ലക്ഷ്യത്തിലെത്തിച്ചു.

21-ാം മിനുട്ടില്‍ കെവിന്‍ ലോബോ രണ്ടാമത് നോര്‍ത്ത് ഈസ്റ്റിന്റെ വല കുലുക്കി. ഹോസുവിന്റെ പാസ് വലയിലെത്തിക്കുമ്പോള്‍ നിസഹായനായി നില്‍ക്കാനേ നോര്‍ത്ത് ഈസ്റ്റ് ഗോളി രെഹനീഷിന് കഴിഞ്ഞുള്ളൂ. സ്‌കോര്‍ 2-0.

കളിയുടെ രണ്ടാം പകുതിയില്‍ ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍. 75-ാം മിനുട്ടില്‍ അന്റോണിയോ ജര്‍മ്മന്‍ ആണ് നോര്‍ത്ത് ഈസ്റ്റിനെ ഞെട്ടിച്ചത്. പാസ് നല്‍കിയത് ഹോസു..

ഗോളിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പ് ഡാഗ്നല്‍ അടുത്ത വെടിയുണ്ട നോര്‍ത്ത് ഈസ്റ്റിന്റെ വലയിലാക്കി. 76-ാം മിനുട്ടിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം ഗോള്‍. സ്‌കോര്‍ 4-0. കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെയാണ് നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചത്. 90-ാം മിനുട്ടില്‍ നിക്കോളാസ് വെലസ് ഗോള്‍ മടക്കി. കമാറ നല്‍കിയ പാസ് വെലസ് ഗോളാക്കി മാറ്റി.

കളിക്കിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് – നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ തമ്മില്‍ 2 തവണ സംഘര്‍ഷം ഉണ്ടായി. കയ്യാങ്കളിയുടെ വക്കുവരെ എത്തിയെങ്കിലും താരങ്ങളും റഫറിയും ഇടപെട്ട് പിന്തിരിപ്പിച്ചു. ആദ്യ പകുതിയിലും കളിയുടെ 57-ാം മിനുട്ടിലുമായിരുന്നു സംഘര്‍ഷം.

പത്ത് മത്സരങ്ങളില്‍നിന്ന് 11 പോയിന്റ് മാത്രമാണ് ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയില്‍ ഏഴാമതും. സെമി ഫൈനലിന്റെ നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ എല്ലാ മത്സരങ്ങളിലും ജയം അനിവാര്യം. അതുകൊണ്ട് തന്നെ ഇനിയുള്ള നാല് മത്സരങ്ങളില്‍ ജീവന്മരണ പോരാട്ടം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നിലുള്ള ഏക വഴി. മൂന്ന് ജയവും 5 തോല്‍വിയും രണ്ട് സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം.

ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌സിയാണ് പട്ടികയില്‍ വാലറ്റം. എഫ്‌സി ഗോവയാണ് പോയിന്റ് നിലയില്‍ ഒന്നാമത്. ഇന്ന് തോറ്റെങ്കിലും 10 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here