ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മോഡി; ഏകീകൃത ആഗോള ശ്രമമുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

അന്റാലിയ: ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജി 20 ഉച്ചകോടി ബ്രിക്‌സ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭീകരവാദത്തിനെതിരെ ഏകീകൃത ആഗോള ശ്രമമുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പാരീസ് ആക്രമണത്തെ ശക്തമായ അപലപിക്കുന്നു. അങ്കാറയിലേയും ബൈയ്‌റൂട്ടിലേയും ആക്രമണങ്ങള്‍ ഭീകരവാദത്തിന്റെ അനന്തരഫലവും വ്യാപ്തിയും ഓര്‍മ്മപ്പെടുത്തുകയാണെന്നും തീവ്രവാദത്തെ നേരിടുകയെന്നതാവണം ഉച്ചകോടിയുടെ മുന്‍ഗണന വിഷയമെന്ന് മോഡി പറഞ്ഞു.

ബ്രിക്‌സ് രാജ്യങ്ങളുടെ മുന്‍ഗണന ഇക്കാര്യത്തില്‍ വേണമെന്നും 2016 ഫെബ്രുവരി ഒന്നുമുതല്‍ ബ്രിക്‌സ് ചെയര്‍മാന്‍ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതോടെ ഭീകരവാദത്തിനെതിരായ പരിശ്രമങ്ങള്‍ ആരംഭിക്കുമെന്നും മോഡി പറഞ്ഞു.

ബ്രിട്ടന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോഡി തുര്‍ക്കിയിലെത്തിയത്. ഇതിനിടെ തുര്‍ക്കിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണമുണ്ടായത് ആശങ്കയിലാക്കി. ചാവേര്‍ സ്‌ഫോടനത്തില്‍ നാലു പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്ക് സുരക്ഷ കൂടുതല്‍ ശക്തമാക്കി. ആഗോള സാമ്പത്തികസുരക്ഷാ പ്രശ്‌നങ്ങളാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുക.

യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മര്‍ക്കെല്‍, ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിംഗ് തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കും. പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ ഉച്ചകോടിയില്‍ നിന്നും പിന്മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News