ബാബു കുടുങ്ങുന്നു; ബാര്‍ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ 5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ബാറുടമകള്‍; ബാബുവിനെ പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: കെ എം മാണിക്കുപിന്നാലെ മന്ത്രിസഭയില്‍ കെ ബാബുവും കുരുങ്ങി. ബാര്‍ ലൈസന്‍സ് ഫീസ് പുതുക്കാനുള്ള ഫീസ് കുറയ്ക്കാനായി അഞ്ചു കോടി രൂപ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ആറു ബാറുടമകള്‍ രംഗത്ത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിമാരായ ആറുപേരുടെയും മൊഴിപ്പകര്‍പ്പുകള്‍ പീപ്പിള്‍ ടി വി പുറത്തുവിട്ടു.

ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ സെക്രട്ടറിമാരായ കാര്‍ത്തികേയ കുമാര്‍ (തിരുവനന്തപുരം), അഡ്വ. ഷൈന്‍ (കൊല്ലം), ദീപു (ഇടുക്കി), സതീഷ് (പാലക്കാട്) എന്നിവരടക്കമുള്ളവര്‍ വിജിലന്‍സിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പിരിച്ച പണം ബാബുവിന് നല്‍കുകയായിരുന്നെന്നും കൊച്ചിയില്‍ ചേര്‍ന്ന ബാറുടമകളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നെന്നും മൊഴിയിലുണ്ട്.

ഇതോടെ, കെ എം മാണിക്കു പിന്നാലെ കെ ബാബുവും കുടുങ്ങുമെന്നുറപ്പായി. മാത്രമല്ല, ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിസ്ഥാനത്താവും. ആരോപണം അന്വേഷിച്ച കെ ബാബുവിനെതിരായി നടപടിയെടുക്കാതിരുന്ന വിജിലന്‍സും മറുപടി പറയേണ്ടിവരും. ബാര്‍ കോഴയില്‍ കെ എം മാണിക്കെതിരേ ത്വരിതാന്വേഷണം നടത്തി അന്വേഷണം പുരോഗമിച്ചപ്പോള്‍ വിജിലന്‍സ് മാന്വലില്‍ ഇല്ലാത്ത പ്രാഥമികാന്വേഷണം നടത്തി ബാബുവിനെ രക്ഷിക്കുകയായിരുന്നു വിജിലന്‍സ് ചെയ്തത്.

ആരോപണം സത്യമാണെന്ന വ്യക്തമായ സാഹചര്യത്തില്‍ ബാബുവിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി തയാറാകണമെന്നു കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം കെ ജെ ദേവസി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ബാബുവും ഒരു നിമിഷം പോലും വൈകാതെ രാജിവയ്ക്കണമെന്ന് പി സി ജോര്‍ജും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News