കീടനാശിനികള്‍ കൊല്ലുന്നത് കീടങ്ങളെയോ അതോ മനുഷ്യരെയോ..? ആരോഗ്യകരമായി ജീവിക്കാന്‍ നമുക്കു ജൈവകൃഷിയിലേക്കു തിരിയാം

പ്രകൃതിയുടെ ആവാസ വ്യവസ്ഥിതി പ്രകാരം ഓരോ ചെറു ജീവികള്‍ക്കു പോലും അതിന്റേതായ കര്‍മ്മമുണ്ട്, കര്‍മ്മ ഫലങ്ങളുണ്ട്. അനാവശ്യമായതോ പ്രകൃതിക്ക് നാശമായതോ ആയ ഒരു ജീവനോ ജീവികളോ ഈ മണ്ണില്‍ ജനിക്കുന്നില്ല എന്നതും വാസ്തവം. ആയതിനാല്‍, കൃഷിയിടങ്ങളിലും വിളനിലങ്ങളിലും കാണപ്പെടുന്ന ചെറു പ്രാണികള്‍ക്കും കീടങ്ങള്‍ക്കും നാം മനസ്സിലാക്കുന്നതിനപ്പുറം ഒരു കര്‍മ്മം കാണുമെന്നതും വാസ്തവം. അപ്പോള്‍ എങ്ങിനെ ആണ് ചെറു കീടങ്ങളും പ്രാണികളും മനുഷ്യന്റെ ശത്രു ആകുന്നത്. ഈ കീടങ്ങളുടെ വ്യാപകമായ ആക്രമണം മൂലം നശിക്കപ്പെടുന്ന വിളകളുടെയും പാഴാകുന്ന കര്‍ഷകരുടെ അധ്വാനത്തിന്റെയും കണക്കുകളാണ് നമുക്കു മുന്നില്‍ ന്യായീകരിക്കാന്‍ ഉള്ളത്. എങ്കില്‍, ഇതിനായി നമ്മള്‍ കണ്ടെത്തിയ പോംവഴികള്‍ പലതും മനുഷ്യരാശിയെ തലമുറകളോളം രോഗബാധിതരാക്കുവാന്‍ കെല്‍പ്പുള്ളവയാണ്. അപ്പോള്‍, ഇവിടെ നശിക്കപ്പെടുന്നത് കീടങ്ങളാണോ അതോ മനുഷ്യര്‍ തന്നെയാണോ..? ചിന്ത്യം അനിവാര്യം.. ചിന്തിതം വിചിത്രം..!

ഒരു കാലഘട്ടത്തിനു മുന്‍പ്, എങ്ങും പാടവും കൊയ്ത്തും കറ്റമെതിയും കൊയ്ത്തുകാരും ഉള്ളൊരു ചിത്രം ഇപ്പോഴും എന്റെ ചിന്തയില്‍, ഓര്‍മ്മകളുടെ വിളനിലങ്ങളില്‍ നിറം മങ്ങാതെ തെളിഞ്ഞു കാണുന്നുണ്ട്. കറ്റ മെതിച്ചു നെല്ലു മാറ്റി അടുക്കി വെച്ചിരിക്കുന്ന വൈക്കോല്‍ കൂനകളുടെ മേല്‍ ചാടി മറിയുന്നതും ഒളിച്ചു കളിക്കുന്നതും, വിളവെടുത്തു കൊണ്ടു വന്ന പച്ചക്കറികളില്‍ പടവലങ്ങയുടെ നീളത്തിനൊപ്പം എത്താന്‍… വലിഞ്ഞു നിവര്‍ന്നു നിന്നു കേമത്തം കാണിക്കുന്നതും എല്ലാം ഇന്നും നനവാര്‍ന്ന അതിനപ്പുറം നൊമ്പരമുണര്‍ത്തുന്ന ഓര്‍മകളില്‍ ഒന്നാണ്.. അന്നും ഉണ്ടായിരുന്നിരിക്കില്ലേ കൃഷി സ്ഥലങ്ങളില്‍ ഈ കീടങ്ങള്‍. അന്നും ഉണ്ടായിരുന്നിരിക്കില്ലേ അതിനു പ്രതിരോധം. പക്ഷെ, കൊടും വിഷമേറിയ കീടനാശിനികളുടെ വ്യാപക ഉപയോഗം ഇല്ലായിരുന്നു എന്നതു നിശ്ചയം. ആ കാലങ്ങളില്‍ പച്ചക്കറികള്‍ ഉപയോഗിക്കാന്‍ ഇത്രയേറെ ഭയപ്പാടും സൂക്ഷ്മതയും വേണ്ടി വന്നിട്ടില്ല എന്നതും മറ്റൊരു വൈചിത്ര്യം. അപ്പോള്‍, എന്തുകൊണ്ട് ഇന്നു ഇത്രയേറെ കീടനാശിനികളുടെ ഉപയോഗം വേണ്ടി വരുന്നു.?

ഇത്തരം മാരക കീടനാശിനികളുടെ വ്യാപക ഉപയോഗത്തിനു പിന്നില്‍ കൃഷിയിടങ്ങളുടെ സംരക്ഷണം മാത്രമല്ല, മറിച്ചു വിളകളുടെ വലിപ്പം കൂട്ടാനും, ആകര്‍ഷകമായി നിറം ലഭിക്കാനും, കൂടുതല്‍ നാള്‍ കേടാകാതെയിരിക്കാനും തുടങ്ങി പല പല നേട്ടങ്ങള്‍ക്കായി ആണുള്ളത്. കേരളത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ അന്യ സംസ്ഥാനങ്ങളില്‍നിന്നു വരുന്ന പച്ചക്കറികളിലും പഴ വര്‍ഗങ്ങളിലുമാണ് കീടനാശിനികളുടെ അളവു പരിധിയില്‍ കൂടുതല്‍ കാണുന്നത്. കറിവേപ്പില, പുതിനയില, പച്ചമുളക്, തക്കാളി, കാബേജ് മുതലായവയിലാണ് അളവിലധികം വിഷാംശം കണ്ടെത്തിയിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ പോലുള്ള അതിമാരക വിഷങ്ങളുടെ പ്രയോഗത്തിന്‍ അനന്തരഫലങ്ങള്‍ ഇപ്പോഴും നമുക്കു മുന്നില്‍ ജീവനുള്ള ബലിയാടുകളായി നിരന്നുനില്‍ക്കുന്നു. വിളകള്‍ സംരക്ഷിക്കാനെന്ന പേരില്‍ മറ്റു പല ലക്ഷ്യങ്ങളോടു കൂടിയുള്ള ഇത്തരം പരീക്ഷണങ്ങള്‍ നമുക്കു ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണോ..?

ലോകാരോഗ്യസംഘടനയുടെ 2007 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 30 ലക്ഷത്തില്‍ പരം ആളുകള്‍ക്കു വിഷബാധ ഉണ്ടാകുന്നുണ്ട്, മാത്രമല്ല ലക്ഷക്കണക്കിനു ആളുകള്‍ തന്മൂലം മരണപ്പെടുകയും ചെയ്യുന്നുണ്ടത്രേ ഓരോ വര്‍ഷവും. പലപ്പോഴും ഇതിനു ഇരയാകുന്നത് സാധാരണക്കാര്‍ ആണ്. കാരണം അവര്‍ക്ക് പലപ്പോഴും ഇത്തരം വിഷബാധയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കീടനാശിനികളിലെ വിഷാംശം മണ്ണിലേക്കും അതു വഴി ജല സ്രോതസ്സുകളിലേക്കും, വിഷം തളിച്ച വിളകള്‍ കഴിക്കുന്നതു വഴി മൃഗങ്ങളിലെക്കും, അവയുടെ പാല്‍ വഴി മനുഷ്യരിലേക്കും, അങ്ങനെ അങ്ങനെ പലവിധം മാര്‍ഗങ്ങളാല്‍ ഈ വിഷം നമ്മളില്‍ എത്തപ്പെടുന്നു. വളരെക്കാലം കൊണ്ട് ചെറിയ തോതില്‍ വിഷം ഉള്ളില്‍ എത്തി രോഗബാധിതര്‍ ആകുന്ന പ്രവണതയാണ് നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്നത്.

കീടനാശിനികളായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പല മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും കര്‍ഷകര്‍ക്ക് ഇതേപറ്റി വ്യക്തമായ ധാരണ ഇല്ലാതിരിക്കുകയും, ആ അറിവില്ലായ്മ കാരണം അപകടകരമായ അളവില്‍ രാസപ്രയോഗം ചെയ്യുകയുമാണ് സംഭവിക്കുന്നത്. കീടനാശിനികളെ അതിന്റെ വീര്യമനുസരിച്ചു പലതായി തരംതിരിച്ചിട്ടുണ്ട്. റെഡ് കളര്‍ ലേബല്‍ ഉള്ളവ ഹൈ ടോക്‌സിക് എന്നും, യെല്ലോ കളര്‍ ഉള്ളവ ടോക്‌സിക് എന്നും, ബ്ലൂ കളര്‍ ലേബല്‍ ഉള്ളവ പരിമിത ടോക്‌സിക് ആയിട്ടുള്ളവ എന്നും. കൂടുതല്‍ ഫലം ലഭിക്കുവാനായും അതില്‍ നിന്നുണ്ടാകുന്ന താല്‍ക്കാലിക നേട്ടങ്ങള്‍ക്കായും അന്യ സംസ്ഥാനങ്ങളിലുള്ള കര്‍ഷകര്‍ (വിരളമായി കേരളത്തിലും) അമിത അളവില്‍ പല ചേരുവകളില്‍ ഇവ പ്രയോഗിക്കുന്നു.

കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ 2015 മാര്‍ച്ച് ലെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ നിന്നുള്ള പച്ചക്കറികളില്‍ 98.7% ഉം സുരക്ഷിതവും കീടനാശിനികളുടെ അളവു പരിധിക്കുള്ളിലും ആയിരുന്നു എന്നത് ആശ്വാസകരമാകുന്നു. എന്നാല്‍, അന്യ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പച്ചക്കറികളിലെ വിഷാംശം നിശ്ചിത അളവിനേക്കാള്‍ വലിയ തോതിലാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ കീടനാശിനി പ്രയോഗത്തിനു പരിധി നിശ്ചയിച്ചിട്ടില്ലാ എന്നതുതന്നെ ഇതിന് അടിത്തറയേകുന്നു. കൃഷിയിടങ്ങള്‍ പരിമിതം, കര്‍ഷകര്‍ പരിമിതം, എന്നാല്‍ കൃഷിയുല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വളരെയധികവും… നാള്‍ക്കുനാള്‍ വര്‍ധനയും. അപ്പോള്‍, പരിമിതികള്‍ക്കുള്ളില്‍ നിന്നും പരമാവധി വിളവെടുക്കുക എന്നാ ലക്ഷ്യത്തെ സാധൂകരിക്കാനായി ഇത്തരം മാര്‍ഗങ്ങള്‍ തേടി പോകാതിരിക്കാന്‍ കര്‍ഷകരും നിസഹായരാണ്.

ഇവിടെയാണ് ജൈവകൃഷിയുടെ പ്രാധാന്യം. ജൈവവളങ്ങള്‍ കൂടുതലായി ഉപയോഗിച്ചുള്ള കൃഷി പ്രോല്‍സാഹിപ്പിക്കെണ്ടതും അതിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുമാണ്. ഇതിനായി സര്‍ക്കാര്‍ പല പദ്ധതികളും വായ്പകളും നല്‍കുന്നുമുണ്ട്. പദ്ധതികളും വായ്പകളും നല്‍കുന്നതില്‍ മാത്രമല്ല, നിര്‍ഭാഗ്യവശാല്‍ കൃഷിനഷ്ട്ടം വന്ന കര്‍ഷകരുടെ വായ്പകളില്‍ ആശ്വാസകരമായ തീര്‍പ്പുണ്ടാകുകയും ചെയുക അനിവാര്യം. ഇത്തരം പദ്ധതികളെ വേണ്ടവിധത്തില്‍ കര്‍ഷകര്‍ പ്രയോജനപ്പെടുത്തുകയും ജൈവകൃഷിയുടെ സാധ്യതകളെ കൂടുതല്‍ പഠിച്ചു അവ കര്‍ഷകര്‍ക്കുതകും വിധം അവരില്‍ എത്തിക്കുക എന്ന കടമ ചുമതലപ്പെട്ട സര്‍ക്കാര്‍ അധികാരികള്‍ നിറവേറ്റുകയും ചെയ്താല്‍ വിഷ വിമുക്ത പച്ചക്കറികളും പഴങ്ങളും സമൂഹത്തിനു ലഭിക്കുമെന്നു മാത്രമല്ല കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും കൂടിയാകും.

പച്ചക്കറികളുടെ ഭംഗിക്കോ ആകര്‍ഷിക്കുന്ന നിറങ്ങള്‍ക്കോ വലിപ്പം കൂട്ടുന്നതിനോ സാധാരണയില്‍ കൂടുതല്‍ നാള്‍ കേടാകാതെയിരിക്കുവാനോ വേണ്ടി പ്രയോഗിക്കുന്ന വിഷങ്ങള്‍, നാളെ നമ്മുടെ ജീവിതത്തിന്റെ ഭംഗിയും, നിറങ്ങളും ഇല്ലാതാക്കാന്‍ മാത്രം ഉപകരിക്കുന്ന ഒന്നാണെന്ന വാസ്തവം തിരിച്ചറിയുമ്പോഴേക്കും കാലവും മനുഷ്യരാശിയും ഒരുപാട് തളര്‍ന്നിട്ടുണ്ടാകും. മുഷിഞ്ഞു പഴകിയ വസ്ത്രത്തിനു പുത്തന്‍ പകിട്ടു നല്‍കാനുള്ള പാഴ്ശ്രമം പോല്‍ രോഗശയ്യയിലായ ഒരു ജനതയെ പുതിയ ക്യാന്‍വാസ്സില്‍ പുതുനിറത്താല്‍ കോറിയിടാനുള്ള ഒരു ശ്രമം മാത്രമാകും ആ തിരിച്ചറിവ്. കീടങ്ങളല്ല നമ്മുടെ ശത്രു, അവയെ നശിപ്പിക്കാനായി നിര്‍മിക്കപ്പെട്ട വിഷങ്ങള്‍ ആണ്. പച്ചക്കറികളില്‍ ഉള്ള രാസവസ്തുക്കള്‍ കളയാനായി മറ്റു അണുനാശിനികള്‍ വിപണിയില്‍ ഇറങ്ങുന്നത്, അതിലേറെ വിരോധാഭാസം അല്ലെ?

കാലവും കാലത്തിന്റെ ആവശ്യകതകളും ആവശ്യകതകള്‍ക്കായുള്ള പോംവഴികളും പോംവഴികളിലുള്ള മുന്നേറ്റവും എല്ലാം നിര്‍മ്മിച്ചെടുക്കുന്നത് രോഗബാധിതരായ സമൂഹത്തെയാണ്. വരും തലമുറകളില്‍ രോഗശയ്യയെ അഭയം പ്രാപിക്കുന്നത് വാര്‍ധക്യമായിരിക്കില്ല, മറിച്ച് യുവത്വം ആയിരിക്കും.

അപ്പോള്‍, ഒരു ചോദ്യം ബാക്കി, കീടങ്ങളോ.. അതോ അവയെ നശിപ്പിക്കാനായുള്ള കീടനാശിനികളോ അതോ ഈ കീടനാശിനികള്‍ വിളകളില്‍ പ്രയോഗിക്കുന്ന കര്‍ഷകരോ അതോ അറിഞ്ഞു കൊണ്ടു വിഷമയമായവ വാങ്ങി ഭക്ഷിക്കുന്ന നമ്മളോ.. നമ്മുടെ ശത്രു..? ചിന്ത്യം മാത്രമല്ല ചോദ്യവും വിചിത്രം…!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News