ത്രിപുരയില്‍ കൈകോര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും; ഇടതുപക്ഷത്തിനെതിരെ തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറെന്ന് ബിജെപി

അഗര്‍ത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസും ബിജെപിയും. ഡിസംബര്‍ 9ന് നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇരു പാര്‍ട്ടികളുടെയും നീക്കം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസുമായി ധാരണയാകാം എന്ന് ബിജെപി സംസ്ഥാന ഘടകം നിലപാടെടുത്തു. ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത മാസം 9ന് നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രത്യേകമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെങ്കില്‍ ഒരുമിച്ച് മത്സരിക്കാം. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ഇത് അത്യാവശ്യമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുധീന്ദ്ര ദാസ് ഗുപ്തയാണ് ഇക്കാര്യം പരസ്യമായി പറഞ്ഞത്.

ഒന്നുകില്‍ ബിജെപിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. അല്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം വലിയ ജനപിന്തുണ ആര്‍ജ്ജിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെന്നും സുധീന്ദ്രദാസ് ഗുപ്ത അവകാശപ്പെട്ടു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ വോട്ടിംഗ് ശതമാനത്തില്‍ മുന്നേറ്റം ഉണ്ടാക്കാനായി എന്നാണ് ബിജെപിയുടെ അവകാശവാദം. കോണ്‍ഗ്രസും മറ്റ് ഇടത് പാര്‍ട്ടികളും ബിജെപിക്കൊപ്പം നിന്നാല്‍ വിജയിക്കാനാവും എന്നും സുധീന്ദ്രദാസ് ഗുപ്ത പറയുന്നു.

ദേശീയ തലത്തില്‍ വിരുദ്ധ പക്ഷത്ത് നില്‍ക്കുന്നവരാണ് ബിജെപിയും കോണ്‍ഗ്രസും. ത്രിപുരയില്‍ ഇടതുപക്ഷത്തിനാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണം. വിരുദ്ധര്‍ ഒന്നിച്ചാലും ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here