മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഇനി വൃതശുദ്ധിയുടെ നാളുകള്‍; വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന്

സന്നിധാനം: മണ്‍ലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എഴിക്കാട് കൃഷ്ണദാസ് നമ്പൂതിരി അയ്യപ്പന്റെ ശ്രീകോവില്‍ തുറന്നു. തുടര്‍ന്ന് ഭസ്മാഭിഷിക്തനായിരുന്ന അയ്യപ്പനെ യോഗ നിദ്രയില്‍നിന്ന് ഉയര്‍ത്തി.

ഇരുമുടിക്കെട്ടേന്തി സന്നിധാനത്തെത്തിയ നിയുക്ത മേല്‍ശാന്തിമാരെ സ്വീകരിച്ചു. തുടര്‍ന്നായിരുന്നു ഇവരുടെ സ്ഥാനാരോഹണം. ശബരിമല മേല്‍ശാന്തിയായി അയര്‍ക്കുന്നം കാരയ്ക്കാട് ഇല്ലത്ത് എസ്ഇ ശങ്കരന്‍ നമ്പൂതിരി ചുമതലയേറ്റു. തൃശൂര്‍ തെക്കുംകര എടക്കാനം ഇല്ലത്തെ ഇഎസ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തിയായി ചുമതലയേറ്റത്.

നടതുറന്ന ദിവസമായതിനാല്‍ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം മാത്രമായിരുന്നു പ്രധാന ചടങ്ങ്. പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നില്ല. രാത്രി പത്തിന് നടയടച്ചു. പുലര്‍ച്ചെ മൂന്നിനാണ് നടതുറക്കുന്നത്. നിര്‍മാല്യ ദര്‍ശനവും നെയ്യഭിഷേകവും ആണ് രാവിലത്തെ പ്രധാന ചടങ്ങുകള്‍. ശേഷം കിഴക്കേ മണ്ഡപത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ഇതോടെ മണ്ഡല – മകരവിളക്ക് മഹോത്സവം തുടങ്ങും.

മണ്ഡലകാലത്തോട് അനുബന്ധിച്ച് വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ജില്ലാ ഭരണകൂടം, ദേവസ്വം ബോര്‍ഡ്, ആരോഗ്യ വകുപ്പ്, അയ്യപ്പസേവാ സംഘം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് സഹായ കേന്ദ്രങ്ങള്‍. ശബരിമല തീര്‍ത്ഥാടക പാതയില്‍ അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. പമ്പയില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News