അലിയ തുറന്നു പ്രതിഷേധിക്കുമ്പോള്‍ ആര്‍ക്കാണ് ശ്വാസം മുട്ടുന്നത്? സ്ത്രീ മുന്നേറ്റങ്ങളെയും പെണ്ണഭിപ്രായങ്ങളെയും ഭയക്കുന്നവര്‍ ഇനിയും ഭയപ്പെട്ടുകൊണ്ടേയിരിക്കൂ… പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല

പാരിസിലെ ഐഎസ് ആക്രമണം വീണ്ടും അലിയയെ ചിത്രങ്ങളില്‍ സോഷ്യല്‍മീഡിയാ വാളുകളിലും നിറയ്ക്കുകയാണ്. ഭീകരതയ്‌ക്കെതിരായ സ്ത്രീപ്രതിരോധത്തിന്റെ പ്രതീകമായി വീണ്ടും അലിയ ചര്‍ച്ചയാകുന്നു. 2014 ഓഗസ്റ്റിലായിരുന്നു ഈജിപ്തിലെ ഫെമിനിസ്റ്റായ അലിയ മഗ്ദ എല്‍മഹ്ദിയുടെ ശക്തമായ പ്രതിഷേധം. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌തൊരു ചിത്രത്തിലൂടെ, ഐ സിസിന്റെ പതാക വിരിച്ചതില്‍ ആര്‍ത്തവ രക്തം വീഴ്ത്തി കൊണ്ട്
പരിപൂര്‍ണ്ണ നഗ്‌നയായിരിക്കുന്ന അലിയ. ഒപ്പം കറുത്ത ഹിജാബ് ധരിച്ചു കൊണ്ട് പുറം തിരിഞ്ഞിരുന്നു മല വിസര്‍ജ്ജനം നടത്തുന്ന മറ്റൊരു യുവതി. ഇരുവരുടേയും നഗ്‌നമേനിയില്‍ ഐഎസ് എന്നെഴുതിയിട്ടുണ്ട്. വിവാദ ഫെമിനിസ്റ്റ് ഗ്രൂപ്പായ ഫെമെന്റെ സഹകരണത്തോടു കൂടിയായിരുന്നു പ്രതിഷേധം. ഫെമന്റെ ലോഗോയും (രണ്ട് വൃത്തത്തിനു നടുവില്‍ ഒരു വര) പുറം തിരിഞ്ഞിരിക്കുന്ന യുവതിയുടെ ദേഹത്ത് അടയാളപ്പെടുത്തിയിരിക്കുന്നു. അമേരിക്കന്‍ റിപ്പോര്‍ട്ടറായ ജയിംസ് ഫോളിയുടെ കാടത്തപരമായ കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ചു കൊണ്ടായിരുന്നു ഫെമന്‍ വിവാദ ചിത്രം പുറത്തുവിട്ടത്. നടുവിരലുയര്‍ത്തി കൊണ്ട് ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പിങ്ങനെ.

‘ Animals , our execution of your ideas looks like that ! watch it well ! we don’t demand ransoms , we don’t threaten you with new killings ,we just SHIT ON YOU , ISIS ! ‘

aliya-lead-1

പ്രതിഷേധം പല രീതിയില്‍ പ്രകടിപ്പിക്കാം. സുരക്ഷിതമായ നടപ്പുരീതിയുടെ കുടക്കീഴില്‍ നിന്നുകൊണ്ടും ചെയ്യാം. അതല്ല, എതിര്‍പ്പുകളുടെ തീ മഴ പെയ്യുന്നതില്‍ ഇറങ്ങി ചെന്നും ചെയ്യാം. നഗ്‌നതാ പ്രതിഷേധം തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതികരണങ്ങള്‍ ആ രീതി പോലെ തന്നെ ശക്തവും വ്യത്യസ്തവുമായിരിക്കും. ഇത് അലിയയില്‍ മാത്രം ഒതുങ്ങുന്നതല്ല. ലോകമാകെ ഗ്രസിച്ചിരിക്കുന്ന ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തീച്ചൂളയിലേക്കു പ്രതിഷേധത്തിന്റെ അഗ്നിപകര്‍ന്ന സ്ത്രീ പ്രതിരോധങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. ഇങ്ങ് ഇന്ത്യയില്‍വരെ.

2004 ല്‍ മണിപ്പൂരില്‍ തങ്ജം മനോരമയെന്ന യുവതിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ അസം റൈഫിള്‍സിന്റെ ക്രൂരതക്കെതിരെ മുപ്പതോളം വരുന്ന മധ്യവയസ്‌കരായ സ്ത്രീകള്‍, സേനാ ആസ്ഥാനത്തേക്കു നഗ്‌നതാ മാര്‍ച്ച് നടത്തി. ”ഇന്ത്യന്‍ ആര്‍മി !!! ഞങ്ങളെയും ബലാല്‍സംഗം ചെയ്യു… ഞങ്ങളെല്ലാവരും മനോരമയുടെ അമ്മമാരാണ് ….’ എന്നാക്രോശിച്ചു കൊണ്ടായിരുന്നു അവര്‍ പാഞ്ഞെത്തിയത്. ലോകമാകെയുള്ള മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായി ഇതു മാറി. ഇവരുടെ ചിത്രങ്ങള്‍ ഇന്ത്യയാകെ ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ നിലനിന്ന കാടത്ത നിയമമായ അസം റൈഫിള്‍സ് പ്രത്യേകാധികാര സൈനിക നിയമത്തിന്റെ മറവില്‍ മണിപ്പൂരിലെ നിരവധി സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിനെതിരായിരുന്നു പ്രതിഷേധം. സ്ത്രീ വെറും ശരീരമാണെന്നു കരുതിയിരിക്കുന്നവരോടുള്ള രൂക്ഷമായി ചോദ്യമായി ഈ ചിത്രം മാറി.

manorama

സ്ത്രീ ശരീരത്തില്‍ കാമം മാത്രം കാണുന്നവര്‍ക്കും സ്ത്രീ പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടവളാണ്, അതിന് അവന്‍ പറയുന്ന രീതിയില്‍ മാത്രം ആയിരിക്കാന്‍ ബാധ്യസ്ഥയാണവളെന്നും കരുതുന്ന കപട രക്ഷാധികാരികള്‍ക്കും സ്ത്രീക്കു സ്വന്തമായൊരു അഭിപ്രായമുണ്ടായാല്‍, വ്യത്യസ്തമായൊരു കാഴ്ചപ്പാടുണ്ടായിപ്പോയാല്‍ സദാചാരവും സംസ്‌കാരവും കളങ്കപ്പെടും എന്നു വിശ്വസിക്കുന്ന കപട സദാചാരികള്‍ക്കും ഇത്തരം പ്രതിഷേധങ്ങള്‍ ഒരു തരത്തിലും ദഹിക്കില്ല. പാരിസ് കൂട്ടക്കൊലയെത്തുടര്‍ന്ന് അലിയയുടെ വിവാദചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയും അതു ടൈംലൈനില്‍ ഷെയര്‍ ചെയ്തും ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പ്രതീകാത്മക പ്രതിഷേധം നടത്തിയവരുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാനും ചിത്രം നീക്കം ചെയ്യിപ്പിക്കാനും മുന്നിട്ടിറങ്ങിയ കപട സദാചാരികള്‍ക്കിടയില്‍ ഒരു പക്ഷെ മലയാളികളായിരിക്കും മുമ്പില്‍. നടിയും എഴുത്തുകാരിയുമായ അരുന്ധതി സോഷ്യല്‍മീഡിയയില്‍ നേരിടുന്ന ആക്രമണവും ഈ സദാചാരവാദികളുടെ സംഭാവന. എന്താണ് ഒരു സ്ത്രീ അവളുടെ രൂക്ഷമായ ഭാഷയില്‍ രീതിയില്‍ പ്രതികരിച്ചാല്‍ കുഴപ്പമെന്ന് ഈ ആണധികാരത്തോട് ചോദിക്കാന്‍ ഓരോ സ്ത്രീയും ബാധ്യസ്ഥയാണെന്നു തെളിയിക്കുകയാണ് ഓരോ അനുഭവങ്ങലും.

എങ്ങനെ പ്രതീകാത്മകമായി സമരം ചെയ്യണമെന്നും അതിന് ഏതു രീതി തെരെഞ്ഞെടുക്കണമെന്നും തീരുമാനിക്കേണ്ടതു സമരക്കാര്‍ മാത്രമാണ് . 2014 നവംബറില്‍, കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരം. അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും വ്യത്യസ്തവും ശക്തവുമായ പ്രതീകാത്മക സമരമായിരുന്നു. ചുംബനസമര രീതി ശരിയായില്ല എന്ന് ഉറഞ്ഞു തുള്ളിയവര്‍ അവരുടെ രീതിയുമായി മുന്നോട്ടു വരണമായിരുന്നു. അതല്ലാതെ അസഭ്യ വര്‍ഷം കോരിച്ചൊരിയുന്നതില്‍ മാത്രം വ്യാപൃതരായിരുന്നത്, അവരുടെ സംസ്‌കാരത്തെയാണ് വെളിപ്പെടുത്തിയത്. ഇതു സ്ത്രീ വിരുദ്ധമാണ്. സ്ത്രീയെ അംഗീകരിക്കാന്‍ കഴിയാത്തവരുടെ മനസിന്റെ കളങ്കമാണ്. ഇതിനെ ചെറുക്കാന്‍ പ്രതീകാത്മകമെങ്കിലും സമരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കണം. സമരസപ്പെടാത്ത ഇച്ഛാശക്തിയുണ്ടായിരിക്കണം. സ്ത്രീ മുന്നേറ്റങ്ങളുണ്ടാകുമ്പോള്‍ ഇത്തരം അടിച്ചമര്‍ത്തലുകളും ഫാസിസമാണ്. സ്ത്രീത്വത്തിനെതിരായ ഫാസിസം. എന്നാകിലും പ്രതിഷേധങ്ങള്‍ ഉയരുകതന്നെ വേണം.

ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ ലേഖകരുടേത് മാത്രമാണ്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ പത്രാധിപസമിതിയുടേതല്ല. കമന്റുകളിലൂടെ പ്രതികരിക്കുന്നവര്‍ അസഭ്യമായോ അശ്ലീലച്ചുവയോടെയോ മതനിന്ദയുളവാക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ നിയമപ്രകാരം കുറ്റകരമായിരിക്കും.
– എഡിറ്റര്‍

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here