പൊലീസ് നിയമനതട്ടിപ്പ് രണ്ടാംസോളാര്‍ ആകുന്നു; രമേശ് ചെന്നിത്തലയ്ക്കും പങ്ക്; യൂത്ത് കോണ്‍ഗ്രസ് നേതാവിനൊപ്പം മന്ത്രിയെ കണ്ടെന്ന് ശരണ്യ

ആലപ്പുഴ: പൊലീസ് നിയമനതട്ടിപ്പ് രണ്ടാം സോളാര്‍ ആകുന്നു. തട്ടിപ്പില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. 164-ാം വകുപ്പു പ്രകാരമുള്ള കേസിലെ പ്രതി ശരണ്യയുടെ രഹസ്യമൊഴിയാണ് പുറത്തുവന്നത്. ആലപ്പുഴയിലെ ഹരിപ്പാട്ടുള്ള രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടുവെന്നാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ശരണ്യ മൊഴി നല്‍കിയത്. 14 പേജുള്ള രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസിലും മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നെന്നും രഹസ്യമൊഴിയില്‍ പറയുന്നുണ്ട്.

മൊഴിയില്‍ ശരണ്യ പറയുന്നത് ഇപ്രകാരം. ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് തന്നെ കൊണ്ടു പോയത് നൈസലാണ്. ക്യാമ്പ് ഓഫീസില്‍ മന്ത്രി രമേശ് ചെന്നിത്തലയെ നൈസല്‍ തന്നെ പരിചയപ്പെടുത്തി. മന്ത്രിയുടെ ഓഫീസിലെ വേണുവും കൂടെയുണ്ടായിരുന്നു. നമുക്ക് വേണ്ടി ആളുകളെ പിടിക്കുന്ന ആളാണെന്നാണ് തന്നെ പരിചയപ്പെടുത്തിയത്. പിന്നീട് ഇതിന്റെ ചുവടുപിടിച്ചാണ് രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന് ആവശ്യമായ കേരള പൊലീസിന്റെ സീലും പിഎസ്‌സിയുടെ സീലും മന്ത്രിയുടെ സീലും മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് നൈസല്‍ സംഘടിപ്പിച്ചത്.

അന്വേഷണം ആരംഭിച്ചതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പേരു പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശരണ്യയുടെ മൊഴിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എസ്പിയാണ് ശരണ്യയെ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്തു പറയരുതെന്നായിരുന്നു ഭീഷണി.

അതേസമയം, സംഭവം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം. കേസിലെ പ്രതിയായ ശരണ്യ നല്‍കിയ രഹസ്യമൊഴി മുഖവിലയ്ക്ക് എടുക്കാനാവില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. ഇത് സിപിഐഎം നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും ജി സുധാകരന്‍ എംഎല്‍എയുമാണ് ഇതിന് പിന്നിലെന്നും ഷുക്കൂര്‍ ആരോപിച്ചു. എന്നാല്‍, രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞത് കേസിലെ പ്രതി തന്നെയായ ശരണ്യയാണെന്നും സിപിഐഎം അല്ലെന്നും സജി ചെറിയാന്‍ തിരിച്ചടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News