അബ്ദുറബ് മനുഷ്യവിരുദ്ധനായി മഹാനാകാന്‍ ശ്രമിക്കുമ്പോള്‍… വിദ്യാഭ്യാസമന്ത്രി സാംസ്‌കാരികമായി ദരിദ്രനാകുന്നു

പ്രസിദ്ധമായ ഫാറൂഖ് കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെച്ചൊല്ലി വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനോട് ചോദിച്ചപ്പോള്‍ കേട്ട മറുപടിക്ക് ഒറ്റ പര്യായമേയുള്ളൂ. സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് പി കെ അബ്ദുറബ്ബിന് പറയാം, ഒരു വ്യക്തിയെന്ന നിലയില്‍. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രിയായിരുന്നുകൊണ്ടു പറയുമ്പോള്‍ അതു സാംസ്‌കാരികമായ ദാരിദ്ര്യമാകും. അതുതന്നെയാണ് സാക്ഷരകേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി തുറന്നുപറഞ്ഞിരിക്കുന്നത്.

ഒരു സംശയവുമില്ല, കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് നടത്തിയിരിക്കുന്നത്. അതേസമയം, കുറച്ചുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ ലിംഗപരമായ അസമത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വഴിയൊരുക്കുന്ന പരാമര്‍ശവുമാകുന്നു ഇത്. ജനിക്കുന്നതിനു മുമ്പുതന്നെ സ്ത്രീക്ക് അയിത്തം കല്‍പിക്കുന്ന സാമൂഹിക സാഹചര്യമാണ് ഇന്ത്യന്‍ പശ്്ചാത്തലത്തില്‍ നിലനില്‍ക്കുന്നത്. അതിനു ബാക്കിപത്രമായി, സ്ത്രീ മാറിനില്‍ക്കേണ്ടവളാണെന്നും അവള്‍ക്കു തൊട്ടുകൂടായ്മ ഉണ്ടെന്നും ഉറപ്പിക്കുന്ന തരത്തിലാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ചെന്നെത്തുന്നത്.

farooq-lead-1

ഫാറൂഖ് കോളജ് പ്രശ്‌നത്തില്‍ കൂട്ടിവായിക്കേണ്ട ഒന്നുകൂടിയുണ്ട്. ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ചോരക്കൊതിയന്‍മാരായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയപരമായ കാഴ്ചപ്പാട്. മൂന്നുകാര്യങ്ങളെ എതിര്‍ക്കുന്നു എന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവ് മൗദൂദിയുടെ നിലപാട് ഇങ്ങനെ. മതേതരത്വം, ദേശീയത, സ്ത്രീശാക്തീകരണം എന്നിവയാണ് ആ കാര്യങ്ങള്‍. അതായത്, സ്ത്രീയെന്നാല്‍ ഒരു ഭീകരനില്‍നിന്നു മറ്റൊരു ഭീകരനു ജന്മം നല്‍കേണ്ട പ്രത്യുല്‍പാദന യന്ത്രം മാത്രമെന്ന കാടന്‍ അഭിപ്രായം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയോടു ചേര്‍ത്തുവയ്ക്കാവുന്ന കാഴ്ചപ്പാടിലേക്കുതന്നെയാണിപ്പോള്‍ സമ്പൂര്‍ണ സാക്ഷതയുടെ മണ്ണില്‍നിന്നു വിദ്യാഭ്യാസ മന്ത്രി ജല്‍പനം നടത്തുന്നത്.

കാമപൂര്‍ത്തീകരണത്തിനും പ്രത്യുല്‍പാദനത്തിനും വേണ്ടിമാത്രമാണ് സ്ത്രീയുള്ളതെന്ന ആശയത്തിലേക്കു മതേതരപാര്‍ട്ടിയെന്നു സ്വയം അവകാശപ്പെടുന്ന മുസ്ലിം ലീഗ് ചിന്തിക്കുന്നു. നിസാരമല്ല കാര്യം. ഞെട്ടലോടെതന്നെ കേള്‍ക്കേണ്ടിയിരിക്കുന്നു ഇത്. മുസ്ലിം ലീഗ് അടുത്തകാലത്ത് എടുത്ത തീരുമാനങ്ങള്‍ നോക്കിയാല്‍ ഇതു കൂടുതല്‍ ബലപ്പെടുകയേ ഉള്ളൂ. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറുവയസാക്കി കുറയ്ക്കണമെന്നതായിരുന്നു അതില്‍ പ്രധാനം. സ്ത്രീയുടെ സ്വപ്‌നങ്ങള്‍ക്കു മൂക്കുകയറിടാനുള്ള ശ്രമമായിരുന്നു ഇതുവഴി ലീഗ് നേതാക്കളും മന്ത്രിമാരും ഇതിലൂടെ ലക്ഷ്യമിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയപ്പോള്‍ ഭര്‍ത്താവിന്റെ ചിത്രം വച്ചാണ് വനിതാ സ്ഥാനാര്‍ഥിയുടെ പോസ്റ്ററും ബാനറും അടിച്ചു പ്രചാരണം നടത്തിയത്. ഇതിനെയെല്ലാം ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാവുക കടുത്ത സ്ത്രീവിരുദ്ധത എന്നു മാത്രമാണ്. യുഗങ്ങളായി കേരളം ആര്‍ജിച്ചെടുത്ത സാംസ്‌കാരിക ഔന്നിത്യത്തെ യുഗങ്ങള്‍ പിന്നോട്ടടിപ്പിക്കാനുള്ള സമീപനമായി വേണം ഇതിനെയൊക്കെ കാണാന്‍.

farooq-lead-2

അബ്ദുറബ്ബിന്റെ പ്രസ്താവനയെ കുറച്ചുകൂടി വിശാല അര്‍ഥത്തില്‍ എടുത്താല്‍ സ്ത്രീവിരുദ്ധതയ്‌ക്കൊപ്പം പുരുഷവിരുദ്ധമാണെന്നുകൂടി കണ്ടെത്താന്‍ കഴിയും. ആണും പെണ്ണും ഒന്നിച്ചിരുന്നു പഠിച്ചാല്‍ അവിടെ സാംസ്‌കാരിക അധപതനം ഉണ്ടാകുമെന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി സ്ത്രീയെ മാത്രമല്ല, പ്രകോപനത്തിനും പ്രലോഭനത്തിനും ഇരയാകുന്ന, സ്വന്തം താല്‍പര്യങ്ങളെ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ദുര്‍ബല ജീവിയായി പുരുഷനെ ചിത്രീകരിക്കുക കൂടിയാണ് അബ്ദുറബ്ബ് ചെയ്തത്. അതിനാല്‍തന്നെ അത്യധികം പുരുഷവിരുദ്ധതകൂടിയാണ് അബ്ദുറബ്ബ് പറഞ്ഞുവച്ചിരിക്കുന്നത്. അതായത് സ്ത്രീവിരുദ്ധവും പുരുഷവിരുദ്ധവുമായ പ്രസ്താവന അത്യന്തികാര്‍ഥത്തില്‍ മനുഷ്യവിരുദ്ധമായി മാറുകയാണു ചെയ്യുന്നത്.

കഴിഞ്ഞദിവസം പുറത്തുവന്ന പ്രൊഫ. മീനാക്ഷി ഗോപിനാഥന്‍ കമ്മിറ്റിയുടെ ചില കണ്ടെത്തലുകളുണ്ട്. അതിലെ പരാമര്‍ശങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ ഈ സാംസ്‌കാരികാധപതനം എത്രമാത്രമാണെന്നു വിലയിരുത്താനാകും. കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ കര്‍ട്ടനുകള്‍ ഇട്ടിരിക്കുന്നു എന്നാണ് അതില്‍ പ്രധാനം. സ്ത്രീക്കും പുരുഷനും അകത്തുകയറാനും പുറത്തിറങ്ങാനും പ്രത്യേക വാതിലുകളും സജ്ജീകരിച്ചിട്ടുണ്ട് ചിലയിടങ്ങളില്‍. ഏറ്റവും കൗതുകകരവും ഉദ്വേഗജനകവുമായ വസ്തുത, ക്രൈസ്തവ കുടുംബങ്ങളില്‍ പരമ്പരാഗത സ്വത്തിലെ അവകാശത്തിന് നിയമപ്പോരാട്ടം നടത്തിയ ജയിച്ച മേരി റോയിയുടെ പള്ളിക്കൂടം സ്‌കൂളില്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇരിക്കാനും നടക്കാനും പരസ്പരം ഒരു മീറ്ററിന്റെ അകലം വേണമെന്ന വ്യവസ്ഥയാണ്. ഇതിലൂടെയൊക്കെ പുറത്തുവരുന്നത് ഏതെങ്കിലും ഒരു മതം മാത്രമല്ല, ചില മനുഷ്യരുടെ കാഴ്ചപ്പാട് മതമൗലികവാദ അഭിപ്രായങ്ങളിലേക്കെത്തിക്കുകയും അതാണു മതത്തിന്റെ അഭിപ്രായമെന്നു സ്ഥാപിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന യാഥാര്‍ഥ്യമാണ്.

മദ്രസയെന്നു വിളിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്നു എന്നു പറയുന്ന ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നബിത്തിരുമേനിയുടെ സദസിലേക്ക് ഓടിയെത്തിയ പെണ്‍കുട്ടി തന്റെ വിവാഹം തന്റെ ഇഷ്ടപ്രകാരമല്ലാതെ നടക്കുന്നു എന്നു പറഞ്ഞപ്പോള്‍ പെണ്ണിന്റെ അഭിപ്രായം ചോദിക്കാതെ എടുക്കുന്ന ഒരു തീരുമാനവും സാധുവല്ലെന്നായിരുന്നു നബിയുടെ മറുപടി. ഇവിടെയാണ്, നബി വചനങ്ങളെപ്പോലും കാറ്റില്‍ പറത്തുന്ന സമീപനവുമായി ഫാറൂഖ് കോളജ് അധികാരികള്‍ എത്തുന്നത്. കാമ്പസിലുണ്ടായ ലിംഗവിവേചനത്തിനെതിരേ കേരളത്തില്‍ ഉയര്‍ന്നുവന്ന സാംസ്‌കാരിക പ്രതിഷേധത്തെ ഫാറൂഖിയന്‍ എന്ന സ്വത്വ വികാരം ഉയര്‍ത്തി വിട്ടുകൊണ്ടു തടുക്കുവാനുള്ള ശ്രമം അധികൃതര്‍ സ്വീകരിക്കുമ്പോള്‍ അപകടകമായ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നു നിസംശയം പറയേണ്ടിവരുന്നു.

പെണ്ണിനു ബുദ്ധിയും കഴിവും കുറവാണെന്ന പരമ്പരാഗത ചിന്തയിലേക്കു കാര്യങ്ങളെ കൊണ്ടെത്തിക്കുവാന്‍ പലരും ശ്രമിക്കുന്നുണ്ട്. മസ്തിഷ്‌കത്തിനു ലിംഗമില്ലെന്ന ബോധം കൃത്യമായി ഉള്‍ക്കൊള്ളാന്‍ ഇവര്‍ തയാറാകുന്നില്ല. ഓപ്പസിറ്റ് ജെന്‍ഡര്‍ എന്ന ആശയം മനശാസ്ത്രജ്ഞര്‍ കോംപ്ലിമെന്ററി ജെന്‍ഡര്‍ എന്നു മാറിയിരിക്കുന്നു. എതിര്‍ലിംഗം എന്നതു മാറി പൂരക ലിംഗം എന്ന രീതിയിലേക്കു പുത്തന്‍ ശാസ്ത്രശാഖകള്‍പോലും തിരിച്ചറിവു പകരുന്നു. സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തോടെ കടന്നുവന്ന കായികബലത്തിന്റെ അടിസ്ഥാനതത്തില്‍ നിര്‍ണയിക്കപ്പെടുന്ന അധികാരപദവി സ്ത്രീയെ രണ്ടാം തരത്തിലേക്കു കൊണ്ടുവന്നു. അങ്ങനെ അധികാരവും കായികബലവുമാണ് ശരിയെങ്കില്‍ സിറിയയിലെ ശരി ഐഎസ്‌ഐഎസാണ്. എന്തേ ലോകം അവര്‍ക്കൊപ്പം നില്‍ക്കുന്നില്ല എന്ന ചോദ്യമാണ് ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്നത്.

അപ്പോള്‍, തെറ്റിനെയും ശരിയെയും മനസിലാക്കാന്‍ വിവേചന ബുദ്ധിയുള്ള മനുഷ്യന്‍ കായികശക്തിക്കപ്പുറം സ്ത്രീയെയും പുരുഷനെയും രണ്ടു വ്യക്തികളായി കണക്കാക്കുവാനും അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ തയാറാകേണ്ടതുണ്ട്. അത്തരത്തിലുള്ള സമത്വ ബോധം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യ വിശ്വാസികളും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നില്‍ക്കുന്നവര്‍ നടത്തുന്ന ഇത്തരത്തിലുള്ള വിഡ്ഢിത്തരങ്ങള്‍, വിദ്യാഭ്യാസ വകുപ്പു കൈകാര്യം ചെയ്യുന്നവര്‍ തന്നെ ചെയ്യുമ്പോള്‍ ഈ കൂപമണ്ഡൂകങ്ങളെ ഒറ്റപ്പെടുത്താനുള്ള സാഹചര്യം സമസ്ത മേഖലകളില്‍നിന്നും ഉയര്‍ന്നുവരുമെന്നു പ്രതീക്ഷിക്കുന്നു. അതാണ് കാലം ആവശ്യപ്പെടുന്നത്.

ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ ലേഖകരുടേത് മാത്രമാണ്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ പത്രാധിപസമിതിയുടേതല്ല. കമന്റുകളിലൂടെ പ്രതികരിക്കുന്നവര്‍ അസഭ്യമായോ അശ്ലീലച്ചുവയോടെയോ മതനിന്ദയുളവാക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ നിയമപ്രകാരം കുറ്റകരമായിരിക്കും.
– എഡിറ്റര്‍
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here