നിങ്ങളെ ഞാന്‍ വെറുക്കില്ല; കാരണം എന്റെ വെറുപ്പിനു പോലും നിങ്ങള്‍ അര്‍ഹരല്ല; പാരീസ് ആക്രമണത്തില്‍ വിഭാര്യനായയാളുടെ ഫേസ്ബുക്ക് പോസ്റ്റ്

പാരീസ്: ‘എന്റെ വെറുപ്പിനു പോലും നിങ്ങള്‍ അര്‍ഹരല്ല’. പാരീസ് ആക്രമണത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട അന്റോയിന്‍ ലെയ്‌റിസിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വികാരഭരിതമായ വാക്കുകളാണിത്. എന്റെ വെറുപ്പ് എന്ന സമ്മാനം നിങ്ങള്‍ക്ക് നല്‍കില്ലെന്നാണ് പോസ്റ്റിലൂടെ ലെയ്‌റിസ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരോട് പറയുന്നത്. ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.

വെള്ളിയാഴ്ച രാത്രി നിങ്ങള്‍ തട്ടിയെടുത്തത് അസാധാരണയായ ഒരാളുടെ ജീവിതമായിരുന്നെന്ന് ലെറിസ് പറയുന്നു. ‘എന്റെ ജീവിതത്തിന്റെ സ്‌നേഹവും സൗന്ദര്യവുമായിരുന്നു എന്റെ മകന്റെ അമ്മ. പക്ഷേ, നിങ്ങള്‍ എന്റെ വെറുപ്പിന് പാത്രമാകില്ല. നിങ്ങള്‍ ആരാണെന്ന് എനിക്കറിയില്ല. അറിയാന്‍ താല്‍പര്യവുമില്ല. നിങ്ങള്‍ മരിച്ചു കഴിഞ്ഞവരാണ്’. ഫെയ്‌സ്ബുക്കില്‍ ലെറിസ് കുറിക്കുന്നു. രാവും പകലും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ അവളെ കണ്ടു. വെള്ളിയാഴ്ച വൈകുന്നേരം എന്നെ വിട്ടു പിരിയുന്ന സമയത്തെ പോലെ തന്നെ സുന്ദരിയായിരുന്നു അവള്‍. 12 വര്‍ഷം മുമ്പ് ഞാന്‍ കാണുമ്പോഴുള്ള പോലെ തന്നെ സുന്ദരിയായിരുന്നു. ഞാന്‍ ഭയപ്പെടുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നോടൊപ്പമുള്ളവരെ സംശയത്തോടെ വീക്ഷിക്കുമെന്നും നിങ്ങള്‍ കരുതുന്നു. എന്റെ സ്വാതന്ത്ര്യവും സുരക്ഷയും അടിയറവ് വെയ്ക്കുമെന്നും നിങ്ങള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. നിങ്ങള്‍ തോറ്റു. കളിക്കുന്നവന്‍ എക്കാലത്തും കളിച്ചു കൊണ്ടേയിരിക്കും.’ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടരുന്നു.

തീര്‍ച്ചയായും കടുത്ത സങ്കടത്തിലും ദുഃഖത്തിലുമാണ് ഞാന്‍. ഈ ചെറിയ വിജയം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. എന്നാല്‍ ഇതിന് അധികം ആയുസ്സുണ്ടായിരിക്കില്ല. ഓരോ ദിവസവും അവള്‍ ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് തീര്‍ച്ചയുണ്ട്. സ്വതന്ത്രമായ ആത്മാവായി സ്വര്‍ഗത്തിലെത്തുമ്പോള്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും. പക്ഷേ അത്തരമൊരു അനുഗ്രഹം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാകില്ല’ അന്റോയിന്‍ ലെയ്‌റിസ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോട് പറയുന്നു.

‘ലോകത്തിലെ ഏതൊരു സൈന്യത്തെക്കാള്‍ ശക്തരാണ് ഇപ്പോള്‍ ഞാനും എന്റെ പുത്രനും. നിങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം മെനക്കെടുത്താനില്ല. ഉറക്കത്തില്‍ നിന്നും മകന്‍ ഉണരാനൊരുങ്ങുന്നതിനാല്‍ എനിക്ക് തിരിച്ച് പോകണം. 17 മാസം മാത്രമാണ് അവന് പ്രായം. എല്ലാ ദിവസത്തെയും പോലെ അവന്‍ ആഹാരം കഴിക്കും. അതിന് ശേഷം എല്ലാ ദിവസത്തെയും പോലെ ഞങ്ങള്‍ കളിക്കും. ഈ ചെറിയ കുട്ടി അവന്റെ ജീവിതകാലം മുഴുവന്‍ സ്വാതന്ത്ര്യത്തോടെ സന്തോഷവാനായി ജീവിക്കും. അവന്റെ വെറുപ്പിന് പോലും നിങ്ങള്‍ അര്‍ഹരല്ല’ ലെയ്‌റിസ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചു.

വെള്ളിയാഴ്ച പാരിസിന്റെ വിവിധയിടങ്ങളില്‍ നടന്ന ചാവേറാക്രമണത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബറ്റാക്ലാന്‍ കണ്‍സേര്‍ട്ട് ഹാളില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിനിടെയാണ് ലെയ്‌റിസിന്റെ ഭാര്യ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News