ഏഴടിച്ച് വലനിറച്ച് ഗോവ; സൂപ്പര്‍ ലീഗില്‍ തകര്‍ന്നടിഞ്ഞ് അനല്‍ക്കെയുടെ മുംബൈ; ഡുഡുവിനും ഹോകിപിനും ഹാട്രിക്

ഗോവ: കളംനിറഞ്ഞ് കളിച്ച ഗോവയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ നിക്കോളാസ് അനല്‍ക്കെയുടെ കുട്ടികള്‍ യാതൊരു മറുപടിയുമില്ലാതെ ആയുധംവച്ച് കീഴടങ്ങി. ഏകപക്ഷീയമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് സീക്കോയുടെ ഗോവ മുംബൈയെ തോല്‍പിച്ചത്. ഡുഡുവും ഹോകിപും ഹാട്രിക് അടിച്ച് തിളങ്ങിയപ്പോള്‍, റെയ്‌നാള്‍ഡോയുടെ വകയായിരുന്നു ഏഴാം ഗോള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഗോവ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ആദ്യ അരമണിക്കൂറില്‍ ഉഴപ്പിക്കളിച്ച ഗോവ വളരെ പെട്ടെന്നാണ് ആക്രമണഭാവം പൂണ്ടത്. 34-ാം മിനുട്ടില്‍ ഹോകിപിന്റെ വകയായിരുന്നു ആദ്യഗോള്‍. വൈകാതെ 42-ാം മിനുട്ടില്‍ ഡുഡു ഗോവയുടെ ലീഡുയര്‍ത്തി. മൗറയില്‍ നിന്ന് ലഭിച്ച പാസ് കണിശമായ ഒരു ഷോട്ടിലൂടെ സുബ്രതോ പാലിനെയും കീഴടക്കി ഡുഡു വലയിലാക്കി. ആദ്യപകുതിയില്‍ ഗോവ 2-0ന് മുന്നില്‍. രണ്ടാം പകുതിയില്‍ കുറേക്കൂടി ആക്രമണ സ്വഭാവമുള്ള ഗോവയെയാണ് കളത്തില്‍ കണ്ടത്. ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴും നിര്‍ജീവമായ മുംബൈയെയും.

52-ാം മിനിറ്റില്‍ ഹോകിപ് തന്നെ രണ്ടാംപകുതിയിലെ ഗോള്‍വേട്ടയ്ക്കും തുടക്കമിട്ടു. 64-ാം മിനിറ്റില്‍ ഡുഡു ലീഡുയര്‍ത്തി. ജോഫിയുടെ ഫ്രീകിക്ക് ലൂസിയോ ഫ് ളിക്ക് ചെയ്‌തെങ്കിലും സുബ്രതോ തടുത്തിട്ടു. എന്നാല്‍, റീബൗണ്ട് ചെയ്ത പന്ത് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഡുഡു വലയിലാക്കി. 67-ാം മിനിറ്റില്‍ ഡുഡു ഹാട്രിക് തികച്ചു. മധ്യനിരയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്ത് മൗറ മൂന്ന് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് ഡുഡുവിന് നല്‍കി. ഡുഡുവിന് അത് വെറുതെ തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. 79-ാം മിനിറ്റില്‍ ഹോകിപും ഹാട്രിക് തികച്ചു. റോമിയോയുടെ ഷോട്ട് തടുത്തിട്ട സുബ്രതോയ്ക്ക് പക്ഷേ ഹോകിപിന്റെ ബുള്ളറ്റ് തടുക്കാനായില്ല. 90-ാം മിനിറ്റില്‍ റെയ്‌നാള്‍ഡോ മുംബൈയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു. മന്‍ദറില്‍ നിന്ന് ലഭിച്ച പാസ് മൗറ ഹെഡ് ചെയ്ത് റെയ്‌നാള്‍ഡോക്ക് നല്‍കി. പന്ത് നിയന്ത്രിച്ച് മനോഹരമായ ബുള്ളറ്റ് ഷോട്ടിലൂടെ റെയ്‌നാള്‍ഡോ അത് വലയിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News