തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഇപി ലത മേയറായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ആഗ്രഹിച്ച് വിജയമാണിതെന്നും കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ലത പ്രതികരിച്ചു. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് എല്‍ഡിഎഫിനാണ് വോട്ട് ചെയ്തത്. സുമ ബാലകൃഷ്ണനെ മേയറാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കില്ല. സുമ ബാലകൃഷ്ണനല്ലാത്ത മറ്റാരെയെങ്കിലും പരിഗണിച്ചാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കും. അല്ലെങ്കില്‍ തന്റെ വോട്ട് എല്‍ഡിഎഫിനായിരിക്കുമെന്ന് രാഗേഷ് പറഞ്ഞിരുന്നു.
കോഴിക്കോട് കോര്‍പറേഷന്‍ മേയറായി വി.കെ.സി മമ്മദ്‌കോയ അധികാരമേറ്റു. ഡെപ്യൂട്ടി മേയറായി സിപിഐഎമ്മിലെ മീര ദര്‍ശകിനേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിലെ ബാബു പാറശേരിയേയും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. 75 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 48 അംഗങ്ങളുണ്ട്. ഇരിട്ടി നഗരസഭയിലും
ഇടതുപക്ഷത്തിന് അട്ടിമറി ജയം ലഭിച്ചു. യുഡിഎഫിന് മേല്‍ക്കൈയുണ്ടായിരുന്ന നഗരസഭയില്‍ വോട്ടെടുപ്പില്‍നിന്നു മൂന്നു ലീഗ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നതും ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായതുമാണ് എല്‍ഡിഎഫിന് അട്ടിമറി ജയത്തിന് വഴിയൊരുക്കിയത്. പി പി അശോകനാണ് ചെയര്‍മാന്‍. യുഡിഎഫില്‍ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് കളമശേരി, കല്‍പറ്റ നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റി. കളമശേരിയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത റുഖിയ ജമാലിനെ മാറ്റി ജസി പീറ്ററെ കെപിസിസി സ്ഥാനാര്‍ഥിയാക്കി നിശ്ചയിച്ചതോടെ അംഗങ്ങള്‍ ഇടയുകയായിരുന്നു. കളമശേരിക്കു പുറമേ കല്‍പറ്റ നഗരസഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതോടെ കോറം തികയാതെ തെരഞ്ഞെടുപ്പു നാളത്തേക്കു മാറ്റുകയായിരുന്നു.
ബത്തേരിയില്‍ മാണി ഗ്രൂപ്പ് എല്‍ഡിഎഫിന് വോട്ട് ചെയ്തു. കോണ്‍ഗ്രസിന് കേവലഭൂരിപക്ഷമുള്ള കൊച്ചി കോര്‍പ്പറേഷനില്‍ സൗമിനി ജെയിന്‍ മേയറാവും. ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത തൃശൂര്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ എല്‍.ഡി.എഫ് അധികാരത്തിലെത്തും. അജിതാ ജയരാജന്‍ മേയര്‍ സ്ഥാനത്തേക്കും വര്‍ഗീസ് കണ്ടംകുളത്തി ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here