ഹനോവര്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി; ജര്‍മനി-ഹോളണ്ട് സൗഹൃദ മത്സരം റദ്ദാക്കി

ഹനോവര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് ജര്‍മനിയിലെ ഹനോവര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജര്‍മനി-ഹോളണ്ട് സൗഹൃദ മത്സരം നടക്കുന്നതിനു മുമ്പായാണ് ബോംബ് വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ സ്റ്റേഡിയത്തില്‍ നിന്ന് ആരാധകരെ ഒഴിപ്പിച്ചതായി ഹനോവര്‍ പൊലീസ് മേധാവി പറഞ്ഞു. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ അടക്കം ഉന്നത നേതാക്കള്‍ മത്സരം വീക്ഷിക്കാനായി എത്താനിരിക്കെയാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് ഏഞ്ചല മെര്‍ക്കല്‍ ബെര്‍ലിനിലേക്ക് തിരിച്ചുപോയി. ഭീകരാക്രമണം നേരിട്ട ഫ്രാന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഉദ്ദേശിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. മത്സരം തുടങ്ങുന്നതിന് 90 മിനിട്ട് മുന്‍പാണ് പൊലീസ് സ്റ്റേഡിയം ഒഴിപ്പിച്ചത്. താരങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി ടീം വക്താക്കള്‍ അറിയിച്ചു. സ്റ്റേഡിയവും പരിസരവും പൊലീസ് പരിശോധിച്ചു വരികയാണ്. സ്‌ഫോടക വസ്തുക്കള്‍ ഒന്നുംതന്നെ കണ്ടെടുത്തതായി റിപ്പോര്‍ട്ടില്ല. വിദേശ അന്വേഷണ ഏജന്‍സികളില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here