എല്‍ഡിഎഫിലെ അഡ്വ. വികെ പ്രശാന്ത് തിരുവനന്തപുരം മേയര്‍; രാഖി രവികുമാര്‍ ഡെപ്യൂട്ടി മേയര്‍

തിരുവനന്തപുരം: തലസ്ഥാന നഗരസഭാഭരണം എല്‍ഡിഎഫിന്. സിപിഐഎമ്മിലെ അഡ്വ. വികെ പ്രശാന്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ 43 വോട്ട് നേടിയാണ് വികെ പ്രശാന്ത് മേയര്‍ ആയത്. രണ്ട് റൗണ്ടായാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. രാഖി രവികുമാറാണ് തിരുവന്തപുരം കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍. സിപിഐ പ്രതിനിധിയാണ് രാഖി.

സിപിഐഎമ്മിലെ അഡ്വ. വികെ പ്രശാന്ത്, ബിജെപിയിലെ അഡ്വ. വിവി ഗിരികുമാര്‍, കോണ്‍ഗ്രസിലെ ജോണ്‍സണ്‍ ജോസഫ് എന്നിവരാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ആദ്യ റൗണ്ടില്‍ വികെ പ്രശാന്ത് 42 വോട്ടുകള്‍ നേടി ഒന്നാമതായി. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി 35 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിലെ ജോണ്‍സണ്‍ ജോസഫ് 20 വോട്ടുകളേ നേടിയുള്ളൂ. ഒരു യുഡിഎഫ് കൗണ്‍സിലര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ആക്കുളം ഡിവിഷനില്‍നിന്നുള്ള അംഗം വിആര്‍ സിനി വൈകിയെത്തിയതാണ് കാരണം. ശ്രീകാര്യം ഡിവിഷനില്‍ നിന്നുള്ള സ്വതന്ത്ര അംഗം വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നു.

ആദ്യ റൗണ്ടില്‍ ഏറ്റവും കുറച്ച് വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കിയാണ് രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ വികെ പ്രശാന്ത് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ 35നെതിരെ 42 വോട്ടുകള്‍ നേടിയാണ് സിപിഐഎം നോമിനി മേയറായത്. പൂങ്കുളം വാര്‍ഡിലെ എല്‍ഡിഎഫ് അംഗം സത്യന്റെ വോട്ട് അസാധുവായി. വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ആണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

കഴക്കൂട്ടം ഡിവിഷനില്‍ നിന്ന് 3,200ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അഡ്വ. വികെ പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം കഴക്കൂട്ടം ഏരിയകമ്മിറ്റി അംഗമാണ് പ്രശാന്ത്. നേരത്തെ രണ്ട് തവണ കഴക്കൂട്ടം ഗ്രാമപഞ്ചായത്ത് അംഗം ആയിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനും ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ നേതാവും ആണ് വികെ പ്രശാന്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News