പെണ്‍വാണിഭ റെയ്ഡ്: പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞു; റെയ്ഡുകളും അറസ്റ്റുകളും അവസാനിക്കുന്നില്ലെന്ന് ഐജി ശ്രീജിത്ത്

തിരുവനന്തപുരം: കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ റാക്കറ്റില്‍ ഇനിയും അധികം പേര്‍ പിടിയിലാകാനുണ്ടെന്നും റെയ്ഡുകളും അറസ്റ്റും അവസാനിക്കുന്നില്ലെന്നും ഐജി എസ് ശ്രീജിത്ത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു രണ്ടു ദിവസമായി നടന്ന അറസ്റ്റുകള്‍ വിശദീകരിച്ചുകൊണ്ടു തിരിവനന്തപുരത്തു വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ശ്രീജിത്ത്.

15 പേരെയാണ് ആകെ പിടികൂടിയത്. ഫേസ്ബുക്കില്‍ കൊച്ചുസുന്ദരികള്‍ എന്ന പേജ് നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറ സ്വദേശി ഉമ്മറാ(28)ണ് പിടിയിലായ പ്രധാനി. ഉമ്മറിന്റെ ഭാര്യയും കസ്റ്റഡിയിലാണ്. രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും കൂടാതെയുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രശ്മി നായരുടെ ആറുവയസുള്ള മകനാണ് ഒരാള്‍. മറ്റു രണ്ടുപേര്‍ ബംഗളുരു സ്വദേശിനികളായ പെണ്‍കുട്ടികളാണ്. ഇവരെ പൊലീസ് സംരക്ഷിക്കും. കുട്ടിയെ ചൈല്‍ഡ് ലൈനു കൈമാറുമെന്നും ശ്രീജിത്ത് പറഞ്ഞു.

ഇന്നലെ റെയ്ഡിനിടെ പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടും. ഇവര്‍ രശ്മി നായരുമായി അടുത്തബന്ധം പുലര്‍ത്തുന്ന കൊച്ചിയിലെ രണ്ടു സ്ത്രീകളാണ്. ഫേസ്ബുക്കിന്റെ സഹായത്തോടെയാണ് ഉമ്മറിനെ കുടുക്കിയത്. പേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം ഫേസ്ബുക്ക് പൊലീസിന് കൈമാറിയിരുന്നു. കുട്ടികളുടെ അശ്ലീലം പ്രചരിപ്പിച്ചെന്നതു രാജ്യാന്തര തലത്തില്‍തന്നെ വലിയ കുറ്റമായതിനാല്‍ പൊലീസ് ആവശ്യപ്പെട്ട വിവരങ്ങളെല്ലാം ഫേസ്ബുക്ക് നല്‍കി.

ബംഗളുരുവിലെ ലെനീഷ് മാത്യു എന്ന സ്ത്രീയാണ് അവിടെ നിന്നു പെണ്‍കുട്ടികളെ സംഘത്തിന് എത്തിച്ചു നല്‍കിയിരുന്നത്. നിരവധി പെണ്‍കുട്ടികളെ സംഘത്തിനു ബംഗളുരുവില്‍നിന്ന് എത്തിച്ചു നല്‍കിയതായാണ് വിവരം. ലെനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും. ഇതിനായി ബംഗളുരു പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ബംഗളുരുവിലെ ഒരു കമ്പനിയുടെ മാനേജരാണെന്നാണ് ലെനീഷ് പറയുന്നത്. ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചാണ് സംഘത്തിലേക്കു കൊണ്ടുവരുന്നത്.

ഭാര്യ രശ്മിയെ ഇടപാടുകാര്‍ക്കു നല്‍കാനെത്തിച്ചപ്പോഴാണ് രാഹുല്‍ പശുപാലന്‍ പിടിയിലായത്. പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലായിരുന്നു റെയ്ഡ്. ലൊക്കാന്റോ എന്ന സൈറ്റില്‍നിന്നു പൊലീസ് നമ്പര്‍ ക്‌ണ്ടെത്തി വിളിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ സംസാരത്തില്‍ രശ്മിയുടെ ചിത്രം ഇടിനിലക്കാരന്‍ കൈമാറി. വിലപേശല്‍നടത്തിയശേഷം രശ്മിയെ നെടുമ്പാശേരിയിലെ മാരിയറ്റ് ഹോട്ടലിലെത്തിക്കാന്‍ പറയുകയായിരുന്നു പൊലീസ്. കൂടുതല്‍ ആളുകളുണ്ടെന്നും കൂടുതല്‍ സ്ത്രീകളെ വേണമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേര്‍ കൂടി എത്തിയത്. ഇവര്‍ക്കു സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസിനെ വെട്ടിച്ചു കടക്കുകയായിരുന്നു ഇവര്‍. വാട്‌സ് ആപ്പ് വഴിയാണ് സ്ത്രീകളുടെ ചിത്രങ്ങള്‍ കൈമാറിയിരുന്നതും വിലപേശല്‍ നടത്തിയിരുന്നതും. ഇവയുടെ ഡിജിറ്റല്‍ തെളിവും പൊലീസ് കൈക്കലാക്കിയിട്ടുണ്ട്.

ലെനീഷിന് പണം നല്‍കിയിരുന്നവരെക്കുറിച്ചും പെണ്‍കുട്ടികളെ കൊച്ചിയിലെത്തിക്കാന്‍ വിമാനടിക്കറ്റ് എടുത്തു നല്‍കിയവരെക്കുറിച്ചും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ പതിനേഴിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍നിന്നു തന്നെ സംഘത്തെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിരുന്നു. കൊച്ചുസുന്ദരി എന്ന എഫ് ബി പേജില്‍കൂടിയാണ് ഇടപാടുകള്‍ തുടങ്ങിയതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഘത്തിലെ കൂടുതല്‍ ആളുകളെ കുടുക്കാന്‍ പൊലീസ് നിതാന്തജാഗ്രത പാലിക്കുകയായിരുന്നു. തുടര്‍ന്നു രാഹുലിനും രശ്മിക്കുമുള്ള ബന്ധം കണ്ടെത്തുകയായിരുന്നു.

കേരളത്തില്‍ ലൈംഗിക വ്യാപാരത്തിന് കുറവു വന്നിട്ടില്ലെന്നും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വന്നതോടെ രഹസ്യാത്മകത ഏറിയെന്നും ശ്രീജിത്ത് പറഞ്ഞു. ഇപ്പോഴത്തെ റെയ്ഡ് കൊണ്ടും അറസ്റ്റ് കൊണ്ടും ഒന്നും അവസാനിക്കുന്നില്ല. സംഘത്തിലുള്ള പലരും നിരീക്ഷണത്തിലാണ്. ഇവരില്‍ പലരുടെയും അറസ്റ്റിനും സാധ്യതയുണ്ടെന്നും. വിവരങ്ങള്‍ ലഭിച്ചാല്‍ പൊലീസിനു കൈമാറാന്‍ ജനങ്ങളുടെ ഭാഗത്തുനിന്നു സഹകരണം ഉണ്ടാകണമെന്നും ഐജി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News