ജില്ലാ പഞ്ചായത്തുകളില്‍ ഏഴുവീതം എല്‍ഡിഎഫിനും യുഡിഎഫിനും; കണ്ണൂരില്‍ കാരായി രാജന്‍ പ്രസിഡന്റ്; ലീഗ് പിന്തുണയോടെ ഒഞ്ചിയത്ത് ആര്‍എംപിക്ക് ഭരണം

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകളിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴുവീതം ജില്ലകള്‍ യുഡിഎഫും എല്‍ഡിഎഫും പങ്കിട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് എല്‍ഡിഎഫ് ഭരണം നേടിയത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലാപഞ്ചായത്തുകള്‍ യുഡിഎഫും ഭരിക്കും. വോട്ടെടുപ്പില്‍ ചില ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ഇന്നലെ ഗ്രൂപ്പ് പോരു മൂലം ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തടസ്സപ്പെട്ട കളമശ്ശേരി നഗരസഭയില്‍ ജെസി പീറ്ററെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. സിപിഐഎം വലിയ ഒറ്റക്ഷിയായിരുന്ന ഒഞ്ചിയം പഞ്ചായത്തില്‍ ലീഗ് പിന്തുണയോടെ ആര്‍എംപി ഭരണം പിടിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിലെ കാരായി രാജനെ തെരഞ്ഞെടുത്തു. കണ്ണൂരില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചയാളാണ് കാരായി രാജന്‍. പി.പി ദിവ്യയാണ് വൈസ് പ്രസിഡന്റ്. തിരുവനന്തപുരത്ത് സിപിഐഎമ്മിലെ വി.കെ മധു പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. സിപിഐയിലെ ഷൈലജ ബീഗം ആണ് തിരുവനന്തപുരത്ത് വൈസ് പ്രസിഡന്റ്. ആലപ്പുഴ ജില്ലയില്‍ സിപിഐഎമ്മിലെ സി വേണുഗോപാലാണ് പ്രസിഡന്റ്. ദലീമ വൈസ് പ്രസിഡന്റായി. എല്‍ഡിഎഫിലെ ഷീലാ വിജയകുമാര്‍ ആണ് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കെ.പി രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ ജഗദമ്മ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് പ്രസിഡന്റായി ബാബു പാറശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു.

കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. യുഡിഎഫിലെ എ.ജി.സി ബഷീര്‍ ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ശാന്തമ്മ ഫിലിപ് ആണ് വൈസ് പ്രസിഡന്റ്. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിലെ ആശാ സനില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ തന്നെ അബ്ദുള്‍ മുത്തലിബ് ആണ് വൈസ് പ്രസിഡന്റ്. ഇടുക്കിയില്‍ യുഡിഎഫിലെ കൊച്ചുത്രേസ്യാ പൗലോസ് പ്രസിഡന്റായും മാത്യു ജോണ്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ജോഷി ഫിലിപ് ആണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മേരി സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ എ.പി ഉണ്ണികൃഷ്ണന്‍ ആണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സക്കീന പുല്‍പ്പാടന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ടി ഉഷാകുമാരിയെ തെരഞ്ഞെടുത്തു. പി.കെ അസ്മത്ത് ആണ് വൈസ് പ്രസിഡന്റ്. പത്തനംതിട്ട പ്രസിഡന്റായി യുഡിഎഫിലെ അന്നപൂര്‍ണാദേവി തെഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ ആണ് വൈസ് പ്രസിഡന്റ്.

കൊല്ലം നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ കേവല ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസിന് ഭരണം നേടാനായില്ല. എ ഗ്രൂപ്പ് നേതാവും ഡിസിസി അംഗവുമായ മുഹമ്മദ് കുഞ്ഞ് വിപ്പ് ലംഘിച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി. വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. സിപിഐഎമ്മിലെ സ്മിത ഗോപന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് നിലമേല്‍. എ – ഐ ഗ്രൂപ്പ് തര്‍ക്കമാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

കടയ്ക്കല്‍, ചടയമംഗലം ഗ്രാമപഞ്ചായത്തുകളില്‍ സിപിഐഎം നോമിനികള്‍ എതിരില്ലാതെയാണ് പഞ്ചായത്ത് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്. കടയ്ക്കലില്‍ ആര്‍എസ് ബിജുവും ചടയമംഗലത്ത് എം മണികണ്ഠന്‍ പിള്ളയുമാണ് പ്രസിഡന്റുമാര്‍. ചിതറയില്‍ സുജിത കൈലാസ് (സിപിഐഎം), കുമ്മിളില്‍ ഇ നസീറബീവി (സിപിഐഎം), ഇട്ടിവയില്‍ എ നൗഷാദ് (സിപിഐ), ഇളമാട് – ചിത്ര (സിപിഐഎം), വെളിനല്ലൂരില്‍ എംകെ നിര്‍മ്മല (സിപിഐഎം) എന്നിവരാണ് മറ്റ് പഞ്ചായത്ത് പ്രസിഡന്റുമാര്‍. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിലെ എസ് അരുണാദേവി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ സാം കെ ഡാനിയലാണ് വൈസ് പ്രസിഡന്റ്.

കോട്ടയം വെള്ളാവൂര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐഎം ഭരിക്കും. ആലക്കോട് പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് വിമതനെ എല്‍ഡിഎഫും കേരള കോണ്‍ഗ്രസും പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. കല്‍പറ്റ നഗരസഭ യുഡിഎഫ് ഭരിക്കും. മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പൊമ്പിളൈ ഒരുമൈ  പിന്തുണയോടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒമ്പതും അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തില്‍ പൊമ്പിളൈ ഒരുമൈയുടെ രണ്ട് അംഗങ്ങള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

വയനാട് തരിയോട് പഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. ലീഗ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. കോട്ടയം പുതുപ്പള്ളി വാകത്താനം പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് ലഭിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുന്‍ എം.പി എസ്.ശിവരാമനെ തെരഞ്ഞെടുത്തു. കണ്ണൂര്‍ വളപട്ടണത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചിരുന്ന കെ.പി വസന്തയെ മാറ്റി. കെ. സുധാകരന്റെ തന്ത്രം പാളിയതിലുള്ള പ്രതികാര നടപടിയാണെന്നാണ് സൂചന. ചോറോട് പഞ്ചായത്തില്‍ ആര്‍എംപി യുഡിഎഫിന് പിന്തുണ നല്‍കും. കോട്ടയം മേലുകാവില്‍ കോറം തികയാത്തതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. കൂരോപ്പടയില്‍ കെപിസിസി പുറത്താക്കിയ വിമതനെ കൂടെക്കൂട്ടാന്‍ യുഡിഎഫ് ശ്രമം നടത്തി.

പാലക്കാട് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് നേടി. ജനതാദള്‍ എസിലെ ജയശ്രീയാണ് പ്രസിഡന്റായത്. കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം മൂലമാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. കോഴിക്കോട് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷസ്ഥാനം എല്‍ഡിഎഫിന് ലഭിച്ചു. ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ചേമഞ്ചേരിയില്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷസ്ഥാനം എല്‍ഡിഎഫിന് ലഭിച്ചു. ചെങ്ങോട്ട് കാവിലും നറുക്കെടുപ്പിലൂടെ യുഡിഎഫിന് അധ്യക്ഷസ്ഥാനം ലഭിച്ചു. ഇടമലക്കുടിയില്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷസ്ഥാനം യുഡിഎഫിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News