ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ രാജ്യാന്തര സമ്മേളനം 22 മുതല്‍ 25 വരെ മൈസൂരുവില്‍

കൊച്ചി: ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍ നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ(ഐപിസി) വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും. സംഘടനയുടെ 43ാം സമ്മേളനം ഈ മാസം 22 മുതല്‍ 25 വരെ മൈസൂരുവില്‍ നടക്കുമെന്ന് ഐപിസി അന്താരാഷ്ട്ര ചെയര്‍മാന്‍ കൂടിയായ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാര്‍ ഡോ എ ജയതിലക് പറഞ്ഞു. കുരുമുളകുമായി ബന്ധപ്പെട്ട സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് സമ്മതിയുടെ ലക്ഷ്യം.

ഏഷ്യാ പസഫിക് രാജ്യങ്ങള്‍ക്കായുളള ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക കമ്മീഷനാണ് 1972 ഐപിസിയ്ക്ക് രൂപം നല്‍കിയത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയാണ് സംഘടനയുടെ ആസ്ഥാനം. കുരുമുളക് അനുബന്ധമായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ ഏകോപിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ഉദ്ദേശ്യം. ഐപിസിയുടെ സ്ഥിരാംഗങ്ങളില്‍ നിന്നാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. വിയറ്റ്‌നാമിലെ കൃഷി വകുപ്പ് ഡയറക്ടര്‍ജനറല്‍ ട്രാന്‍ കിംലോങന്റെ പിന്‍ഗാമിയായാണ് ഡോ ജയതിലക് ഈ സ്ഥാനത്തെത്തുന്നത്. നിലവില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായ ഡോ ജയതിലക് റബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്റെ അധിക ചുമതലയും വഹിക്കുന്നു. കയറ്റുമതിയിലെ മികവിന്റെ അംഗീകാരമായി രാഷ്ട്രപതി നല്‍കുന്ന നിര്യാത് ബന്ധു പുരസ്‌കാരം രണ്ടു തവണയാണ് ഡോ ജയതിലകിന്റെ സാരഥ്യത്തില്‍ സ്‌പൈസസ് ബോര്‍ഡിന് ലഭിച്ചത്.

കുരുമുളക് പോലെ സുപ്രധാനമായ മേഖലയിലെ അന്താരാഷ്ട്ര യോഗത്തിന് ആതിഥ്യം വഹിക്കാന്‍ സാധിച്ചത് രാജ്യത്തിന് ലഭിച്ച അംഗീകരമാണെന്ന് ഡോ ജയതിലക് പറഞ്ഞു. നാലു ദിവസത്തെ സമ്മേളനത്തില്‍ 300 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ കുരുമുളക് കൃഷി, സംസ്‌കരണം, വിപണനം, ഗുണമേന്മ ഗവേഷണം തുടങ്ങിയ നിരവധി മേഖലകളില്‍ വിശദമായ ചര്‍ച്ച നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കുരുമുളക് കൃഷിയുമായി ബന്ധപ്പെട്ട നൂതന രീതികള്‍ സംസ്‌കരണവും വിപണനവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍ എന്നിവ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കു വയ്ക്കും. അടുത്ത സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ കുരുമുളക് സംഭരണത്തിന്റെ തോത് ഈ സമ്മേളനത്തില്‍ നിശ്ചയിക്കും. കുരുമുളകുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ സാങ്കേതികസാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രത്യേകമായ ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളാണ്‌ഐപിസിയിലെ സ്ഥാപക അംഗരാജ്യങ്ങള്‍. നിലവില്‍ ഈ മൂന്നു രാജ്യങ്ങള്‍ക്ക് പുറമേ ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുംസ്ഥിരാംഗങ്ങളാണ്. പപ്പുവ ന്യൂഗിനിയ സമ്മിതിയില്‍ അസോസിയേറ്റ് അംഗമാണ്. ചൈന, കമ്പോഡിയ, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങളും സമ്മതിയിലേക്ക് ഉടനെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News