കോഴിക്കോട്: ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥി ദിനുവിന് എംഎസ്എഫ് പ്രവര്‍ത്തകരുടെ അപായഭീഷണി. ഫേസ്ബുക്കിലൂടെയാണ് എംഎസ്എഫ് പ്രവര്‍ത്തകരായ അനസ് അന്‍വര്‍, മുഹമ്മദ് അസ്ഹര്‍, ഫയസ് അല്‍താഫ്, ബിലാല്‍ മുഹമ്മദ് എന്നീ അക്കൗണ്ടുകള്‍ വഴിയാണ് ഭീഷണി ഉയര്‍ന്നത്.
എംഎസ്എഫ് പ്രവര്‍ത്തകരുടെ ഭീഷണി സന്ദേശം ഇങ്ങനെ: ‘നീ നിന്റെ പശുപാലന്‍ ആശന്റെ ലിങ്കതത്വങ്ങളുമായി മേലാല്‍ രാജാ ഗേറ്റ് കടക്കാം എന്ന് മോഹിക്കണ്ട…’ എംഎസ്എഫ് പാലക്കാട് ജില്ല കമ്മിറ്റി അംഗമാണ് ബിലാല്‍ മുഹമ്മദ്. ഫാറൂഖ് കോളേജിലെ തന്നെ വിദ്യാര്‍ത്ഥികളാണ് ഇവരെല്ലാം.
പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമായാണ് ഭീഷണി സന്ദേശം. ദിനുവിനെ സസ്‌പെന്‍ഡ് ചെയ്ത കോളേജ് മാനേജ്‌മെന്റ് നടപടിക്കെതിരെ രാഹുല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണത്.
ക്ലാസ് മുറികളില്‍ ആണ്‍പെണ്‍ സമത്വത്തിനു വേണ്ടി വാദിക്കുന്ന ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കിസ് ഓഫ് ലവുമായി ബന്ധമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലി, ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ് എന്നിവര്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്താനുള്ള നീക്കങ്ങളെ എംഎസ്എഫ് നേരിടുമെന്നും ഇതിന് പെണ്‍വാണിഭ സാധ്യത കാണുന്ന ഒരു വിഭാഗമുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. നേതാക്കളുടെ പ്രസ്താവന ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളിലാണ് ദിനുവിന്റെ ടൈംലൈനിലും കമന്റ് ബോക്‌സുകളിലും ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.
ഭീഷണി തുടരുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ദിനു കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here