തോറ്റ വനിതാസ്ഥാനാര്‍ത്ഥികളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തവരെ ശിക്ഷിക്കണമെന്ന് വനിതാ കമ്മിഷന്‍; പ്രവണത തുടക്കത്തിലേ തടയണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാസ്ഥാനാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവങ്ങളെ കേരള വനിതാക്കമ്മിഷന്‍ അപലപിച്ചു. ആപല്‍ക്കരമായ ഈ പ്രവണത തുടക്കത്തിലേ തടയാന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കണ്ണൂരിലെ മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തിലും വിജയാഹ്ലാദപ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ തോറ്റ വനിതാസ്ഥാനാര്‍ത്ഥിയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുന്ന തരത്തില്‍ പെരുമാറിയിരുന്നു. ബലാത്സംഗം നടത്തുന്നതായി ചിത്രീകരിച്ചായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ അപമാന ശ്രമം.

കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ തിരുവട്ടൂര്‍ 2-ാം വാര്‍ഡില്‍ മത്സരിച്ച് തോറ്റ വനിതാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ലീഗ് പ്രവര്‍ത്തകര്‍ ആണ് അപമാനിച്ചത്. മൃഗസമാനമായ മുഖം മൂടിയും പര്‍ദ്ദയും ധരിച്ച് പെണ്‍വേഷം കെട്ടിയാണ് ലീഗ് പ്രവര്‍ത്തകരുടെ അപമാന ശ്രമം. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളും ഇവര്‍ പ്രകടനത്തില്‍ ഉപയോഗിച്ചു. വനിതാ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് സമാനമായ ഉന്തുവണ്ടിയും അപമാനിക്കാന്‍ ഉപയോഗിച്ചു.

പെരുങ്കടവിള ബ്ലോക്കിലെ കൊല്ലയില്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ സതികുമാരിയാണു കയ്യേറ്റത്തിന് ഇരയായത്. അജ്ഞാതസംഘം ബൈക്കിലെത്തി തടഞ്ഞുനിറുത്തി ബലപ്രയോഗത്തിലൂടെ ഇവരുടെ മുടി മുറിക്കുകയായിരുന്നു. ഡിസിസി മെമ്പറും നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയും മദ്യവിരുദ്ധപ്രവര്‍ത്തകയും ആയിരുന്നു സതികുമാരി.

നാട്ടിലെ അറിയപ്പെടുന്ന നേതാക്കള്‍ക്കുപോലും ഇതാണ് അവസ്ഥയെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സാധാരണക്കാരായ സ്ത്രീകള്‍ക്ക് എന്താണു സുരക്ഷ എന്ന് വനിതാ കമ്മിഷന്‍ ചോദിച്ചു. ജനാധിപത്യത്തിനു നിരക്കാത്ത പ്രവൃത്തികള്‍ കൂടിയാണിത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അതൊരു പ്രവണതയായി മാറാന്‍ ഇടയാക്കും. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത തരത്തില്‍ കുറ്റവാളികളെ കണ്ടത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. ഇതിന് സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News